Don't Miss

'മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനത്തെ പറ്റിക്കുന്നു'; വെല്ലുവിളിച്ചു വീണ്ടും വിനായകന്‍


സമീപകാലത്തു ലോകത്തുണ്ടായ അഭിമാനകരമായ മുന്നേറ്റം ആയിരുന്നു 'മീ ടൂ' മൂവ്മെന്റ്. സിനിമാലോകത്തെയടക്കം ആളുകള്‍ തങ്ങള്‍ തൊഴിലിന്റെ പേരില്‍ അഭിമുഖീകരിക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും അപമാനിക്കലുമെല്ലാം ധൈര്യപൂര്‍വം തുറന്നുപറയാന്‍ മുന്നോട്ടുവന്നത് പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴാനിടയാക്കി. ഇതിന്റെ ചുവട്പിടിച്ചു മലയാളത്തിലും മുന്നേറ്റമുണ്ടായി. 'കാസ്റ്റിംഗ് കൗച്ച്' ഒരവകാശം പോലെ ചോദിക്കുന്ന പ്രമാണിമാരെപ്പറ്റി പാര്‍വതിയാണ് ആദ്യം പറഞ്ഞത്. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാളത്തില്‍ ഉണ്ടായ മുല്ലപ്പൂ വിപ്ലവമായിരുന്നു ഡബ്ലിയുസിസി. അതിന്റെ ശോഭ കെടുത്തുന്നതായിരുന്നു പിന്നീട് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അടയിരിക്കല്‍.

മീ ടൂ ആരോപണം നേരിട്ട വ്യക്തിയായ വിനായകന്‍ 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂവിനെ വെല്ലുവിളിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആ വെല്ലുവിളി ആവര്‍ത്തിച്ചിരുന്നു. മാത്രമല്ല, മാധ്യമപ്രവര്‍ത്തകരുമായി പരസ്യമായ പോര്‍വിളിയും നടന്നു. മീ ടൂ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് ആയിരുന്നു വിനായകന്റെ മറുപടി. മീ ടൂ എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെങ്കില്‍ അത് താന്‍ ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. താന്‍ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറയുന്നു. 'പന്ത്രണ്ട്' എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ആയിരുന്നു പ്രതികരണം.

'എന്താണ് മീ ടൂ? അതില്‍ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യന്‍ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങള്‍ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ. എത്രപേര്‍ ജയിലില്‍ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുന്നു ജനത്തിനെ. തമാശ കളിക്കുന്നോ വിനായകനോട്. ഇനി എന്റെ മേല്‍ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാന്‍ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാന്‍ പറയാം. ഞാന്‍ അത് ചെയ്തിട്ടില്ല ', വിനായകന്‍ വ്യക്തമാക്കി.

'ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കില്‍ അത് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്. അത് റോഡില്‍ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങള്‍ എന്റെ മേല്‍ ആരോപിച്ച മീ ടൂ ഞാന്‍ ചെയ്തിട്ടില്ല. വിനായകന്‍ അത്ര തരം താഴ്ന്നവന്‍ അല്ല പെണ്ണിനെ പിടിക്കാന്‍,' വിനായകന്‍ പറഞ്ഞു. വിവാദപരമായ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകയോട് ആയിരുന്നില്ല താന്‍ ആ വാക്കുകള്‍ പറഞ്ഞത് എന്നും വിനായകന്‍ പറഞ്ഞു. 'അന്ന് ആ പെണ്‍കുട്ടിയോടല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കില്‍ ആ കൊച്ചിനോട് ഞാന്‍ സോറി പറയുന്നു. ആ കൊച്ചിന് അങ്ങനെ തോന്നിയില്ലെങ്കില്‍ സോറി പിന്‍വലിക്കുന്നു' എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി വിനായകന്മാര്‍ നിറഞ്ഞ മലയാള സിനിമയിലെ അതിക്രമങ്ങളും ചൂഷണങ്ങളും മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ ഇത്തരം വീമ്പിളക്കലുകള്‍ ഇനിയും തുടരും.

കൗമാരകാലത്തു സിനിമയില്‍ എത്തിപ്പെടുന്ന നായികമാരെ 'വിട്ടുവീഴ്ച സമ്പ്രദായ'ത്തില്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഒരു ഗ്യാങ് പണ്ടുമുതലേ മലയാളത്തിലുണ്ട്. ഒരു വിഭാഗം അതില്‍വീഴാതെ വല്ല വിധേനയും രക്ഷപ്പെടുന്നു. മറ്റൊരു വിഭാഗം അറിവില്ലായ്മ്മയും ഭയവും മൂലം അതില്‍വീഴപ്പെടുന്നു. വേട്ടക്കാര്‍ പ്രമാണിമാരായതിനാല്‍ എല്ലാം മൂടിവയ്ക്കപ്പെടുന്നു. എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടുന്നു, പുറത്താക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിനായകന്റെ തോന്നിവാസത്തെ തള്ളാനോ നിലയ്ക്ക് നിര്‍ത്താനോ അവര്‍ക്കാര്‍ക്കും കഴിയില്ല.

ജോലിസ്ഥലത്തു വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടുമുള്ള ലൈംഗിക ചൂഷണം നേരിട്ടവര്‍ തങ്ങളുടെ അനുഭവം ഹേമ കമ്മീഷനുമുന്നില്‍ തുറന്നു പറഞ്ഞിരുന്നു. പ്രതിസ്ഥാനത്തുള്ളവര്‍ പ്രമുഖ നടന്മാരായതിനാല്‍ അത് വെളിച്ചം കാണാതെയിരിക്കുന്നു. വിനായകനെപ്പോലുള്ളവര്‍ പൊതു സമൂഹത്തെ കൊഞ്ഞനം കുത്തി തങ്ങളുടെ പ്രവൃത്തിയെ വീണ്ടും വീണ്ടും ന്യായീകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇതിന്റെയൊക്കെ ഫലമാണ് സുപ്രീം കോടതില്‍വരെയെത്തിയ ദിലീപിന്റെ കേസും.




  • ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!
  • സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്
  • സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
  • 'ചിറ്റപ്പന്‍' വേറെ ലെവലാണ്
  • പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
  • സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
  • ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
  • സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
  • യുവതലമുറ കൂട്ടത്തോടെ കടല്‍കടക്കുന്നു; കേരളത്തില്‍ 'പ്രേതഗ്രാമങ്ങള്‍' കൂടുന്നു
  • ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions