അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. മുന്നൂറോളം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 150 ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. 255 പേര് മരിച്ചതായാണ് അഫ്ഗാന് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്, കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് കിഴക്കന്‍ അഫ്ഗാനിലും പാകിസ്താനിലും ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.