ന്യൂഡല്‍ഹി: സഹസ്ര കോടികള്‍ വായ്പയെടുത്തു ബാങ്കുകളെ പറ്റിച്ചു വിദേശത്തേയ്ക്ക് കടന്ന വിജയ് മല്യയും നീരവ് മോദിയുമൊക്കെ ഇപ്പോഴും പിടിതരാതെ വിലസുമ്പോള്‍ അതിലും വലിയ വെട്ടിപ്പിനെ കഥ പുറത്തേയ്ക്ക്. 17 ബാങ്കുകളില്‍നിന്ന് 34615 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിബിഐ കേസ് എടുത്തു. ദിവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് മേധാവികളായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവര്‍ക്കെതിരെയാണ്, സിബിഐ മുംബൈ യൂണിറ്റ് കേസ് എടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 12 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡുകള്‍ നടത്തി വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. എട്ട് കെട്ടിട നിര്‍മാതാക്കളും അമറില്‍സ് റിയറ്റേഴ്സ് ഉടമ സുധാകര ഷെട്ടിയും പ്രതികളാണ്. 2010നും 18നും ഇടയ്ക്ക് കമ്പനി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 42871 കോടി വായ്പയെടുത്തു. 2019 മെയ് മുതല്‍ ഇവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി. ക്രമണേ ഓരോ സമയത്തായി വിവിധ ബാങ്കുകള്‍ ഓരോ വായ്പാ അക്കൗണ്ടുകളും കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു.
2019 ജനുവരിയില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും വായ്പയെടുത്ത പണം തട്ടിയെടുത്തതായി വാര്‍ത്തകള്‍ വരികയും ചെയ്തതോടെ ബാങ്കുകള്‍ യോഗം ചേര്‍ന്ന് കെപിഎംജിയെ ദിവാന് ഫിനാന്‍സിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കപിലിനും ധീരജിനും എതിരെ അവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫണ്ട് വകമാറ്റി തട്ടിയെടുത്തതായി കെപിഎംജിയുടെ ഓഡിറ്റില്‍ കണ്ടെത്തി. 66 സ്ഥാപനങ്ങള്‍ക്കായി ദിവാന് ഫിനാന്‍സ് 29,100 കോടിയിലേറെ നല്‍കിയതായും ഏതാണ്ട് അത്ര തന്നെ കുടിശികയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പൊതുസ്വഭാവമുണ്ടായിരുന്നു. ഈ സ്ഥാപനങ്ങളും വ്യക്തികളും പണം ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ 2022 ഫെബ്രുവരിയിലാണ് സിബിഐക്ക് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ചില കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.