തിരുവനന്തപുരം: ബിജെപി മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍(77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍കാലം ദേശീയ എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു.
1988 മുതല്‍ 1995 വരെ ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി നേതൃത്വവുമായി അകന്ന അദ്ദേഹം 2006 മുതല്‍ പത്ത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്ന് പുറത്തുനിന്നു. 2016ലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
സംഘപരിവാറില്‍ നിന്ന് ആര്‍.എസ്.എസില്‍ എത്തി ഓര്‍ഗനൈസറിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1990കളില്‍ കേരളത്തില്‍ നിന്നുള്ള സംഘടനാ തലത്തിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു. കെ.ജി മാരാര്‍, ഒ.രാജഗോപാല്‍, രാമന്‍പിള്ള തുടങ്ങിയ നേതാക്കള്‍ക്കൊപ്പം കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയെടുക്കാന്‍ മുന്‍നിരയില്‍ നിന്നു.
ബിജെപിയിലെ നിലവിലുള്ള നേതാക്കളുടെ ഗുരുസ്ഥാനീയനായ പി.പി മുകുന്ദന്‍ ഒരുകാലഘട്ടത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിലും വളര്‍ത്തുന്നതിലും വിജയിച്ചിരുന്നു. പാര്‍ട്ടി വളര്‍ത്തുന്നതിനൊപ്പം രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ സൗഹൃദവും വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'കോലീബി സഖ്യ'മൊക്കെ അദ്ദേഹത്തിന്റെ കാലത്താണ് സജീവ ചര്‍ച്ചയായത്.
ചെങ്ങന്നൂരിലും തൃശൂരിലും പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥകാലത്ത് 20 മാസത്തോളം ജയില്‍ വാസവും അനുഷ്ഠിച്ചു. തിരുത്തലുകളും തുറന്നുപറച്ചിലുകളും പാര്‍ട്ടിയില്‍ നടത്തിയ നേതാവ് കൂടിയാണ് കടന്നുപോകുന്നത്.