ഗാസയില്‍ ഹമാസ് തടവിലായിരുന്ന രണ്ട് അമേരിക്കന്‍ ബന്ദികളെ വിട്ടയച്ചു. ഹമാസ് ടെലിഗ്രാം ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു അമ്മയും മകളുമാണ് മോചിതരായതെന്ന് നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ റെഡ് ക്രോസിന് കൈമാറിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് വിട്ടയക്കാന്‍ തീരുമാനം ഉണ്ടായത്. 59, 18 വയസുകാരായ ഇരുവരെയും ഗസ്സയിലെ റെഡ് ക്രോസ് സംഘത്തിനാണ് ഹമാസ് കൈമാറിയത്.
ബന്ദികളുടെ വിഷയം കൈകാര്യം ചെയ്യാന്‍ ഒരുക്കമാണെന്നും അതിന് ഗാസയിലെ ഇസ്രയേല്‍ ബോംബുവര്‍ഷം അവസാനിപ്പിക്കണമെന്നും ഹമാസ് അറിയിച്ചു. 200ഓളം ഇസ്രയേലി ബന്ദികളാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്. ഏറെപ്പേരും ജീവനോടെയുണ്ടെന്ന് ഇസ്രയേലും പറയുന്നു.
അതേസമയം, ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഫലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു.
അതേസമയം ഇസ്രയേല്‍ കരയുദ്ധത്തിന് നീക്കം ശക്തമാക്കുകയാണ്. ഗാസയില്‍ കരവഴിയുള്ള നീക്കത്തിന് സജ്ജമാകാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് ഉത്തരവിട്ടു. വടക്കന്‍ ഗാസയിലും സുരക്ഷിതമെന്നുകരുതി ജനങ്ങള്‍ പലായനംചെയ്തെത്തിയ തെക്കന്‍ മേഖലകളിലും ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതിനുപിന്നാലെയാണിത്. വടക്കന്‍ ഇസ്രയേലിലെ ലെബനീസ് അതിര്‍ത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേല്‍സൈന്യം ഇവിടെ പോര്‍മുഖം തുറന്നിരുന്നു. കരയുദ്ധത്തിലേക്ക് കടന്നാല്‍ ഈ മേഖലകളില്‍ ആക്രമണം കനക്കുമെന്നതിനാലാണ് ഒഴിപ്പിക്കല്‍.
ഗാസ മുനമ്പിനെ ഹമാസില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആ മേഖലയുടെ നിയന്ത്രണം കൈയാളാന്‍ താത്പര്യമില്ലന്ന് ഇസ്രയേലി പ്രതിരോധമന്ത്രി പറഞ്ഞു. ഭൂഗര്‍ഭതുരങ്കങ്ങള്‍, ആയുധസംഭരണശാലകള്‍ എന്നിവയടക്കം നൂറിലധികം ഹമാസ് താവളങ്ങള്‍ ആക്രമണത്തിലൂടെ തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.