ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കായുളള സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനായി ഏപ്രില്‍ മുതല്‍ ഗവണ്‍മെന്റ് 400 മില്യണ്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. നഴ്‌സറി പ്ലേസുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഫണ്ടിംഗ് വര്‍ധിപ്പിക്കുമെന്ന മറ്റൊരു പ്രഖ്യാപനം ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷനും നടത്തിയിട്ടുണ്ട്. ഈ സൗകര്യമനുസരിച്ച് രണ്ട് വയസ്സിന് താഴെ പ്രായമുളള ഒരു കുട്ടിക്ക് നല്‍കേണ്ടി വരുന്ന ചാര്‍ജ് 11.22 പൗണ്ടും രണ്ട് വയസ്സുള്ളവര്‍ക്ക് നല്‍കേണ്ടി വരുന്നത് 8.28 പൗണ്ടും മൂന്നും നാലും വയസ്സുള്ളവര്‍ക്ക് നല്‍കേണ്ടി വരുന്നത് 5.88 പൗണ്ടുമാണ്. ഇത്തരത്തില്‍ ഫണ്ടുകള്‍ വര്‍ധിപ്പിക്കാനുളള നീക്കത്തെ സ്വാഗതം ചെയ്ത് പ്രൊവൈഡര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ചൈല്‍ഡ് കെയര്‍ പ്ലേസുകള്‍ക്കായുള്ള ഡിമാന്റ് കപ്പാസിറ്റിയെ മറി കടക്കുന്ന വിധത്തിലാണ് അധികരിക്കുന്നതെന്നു പ്രൊവൈഡര്‍മാര്‍ എടുത്ത് കാട്ടുന്നു. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ബഡ്ജറ്റിലായിരുന്നു ഇതിനായുളള ഫണ്ട് വര്‍ധനവ് ആദ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. നിലവിലുളള സ്‌കീം പ്രകാരം കുടുംബങ്ങള്‍ക്ക് ആഴ്ചതോറും 30 മണിക്കൂറാണ് സൗജന്യ ചൈല്‍ഡ് കെയര്‍ പ്രദാനം ചെയ്യുന്നതെന്നും ചെറിയ കുട്ടികള്‍ക്ക് കൂടി ഈ സൗകര്യം ലഭ്യമാക്കുന്ന വിധത്തില്‍ സ്‌കീം വിപുലമാക്കുമെന്നുമാണ് ചാന്‍സലര്‍ ജെറമി ഹണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പുതിയ നീക്കത്തിലൂടെ വളരെ ചെറിയ കുട്ടികളുള്ള 60,000ത്തോളം മാതാപിതാക്കള്‍ക്ക് തങ്ങളുടെ ജോലികളിലേക്ക് തിരിച്ച് പോകുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൂന്നും നാലും വയസ്സുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ തന്നെ ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യം ലഭ്യമാണ്.സര്‍ക്കാര്‍ ഫണ്ടിലൂടെയാണിത് ലഭ്യമാക്കി വരുന്നത്. പുതിയ നീക്കത്തിലൂടെ ഇതിലും കുറവ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കൂടി കൂടുതല്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യം ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ മുതല്‍ രണ്ട് വയസ്സുളള കുട്ടികളുള്ളവരും ജോലി ചെയ്യുന്നവരുമായ മാതാപിതാക്കള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സര്‍ക്കാര്‍ ഫണ്ടിംഗിലൂടെ ലഭ്യമാകുന്നതായിരിക്കും.അടുത്ത സെപ്റ്റംബര്‍ മുതല്‍ ഈ വാഗ്ദാനം ഒമ്പത് മാസവും അതിന് മുകളിലും പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കൂടി ലഭ്യമാക്കുന്നതായിരിക്കും. തുടര്‍ന്ന് 2025 സെപ്‌റ്‌റംബര്‍ മുതല്‍ ഇത് ആഴ്ചയില്‍ 30 മണിക്കൂറുകളാക്കി വര്‍ധിപ്പിക്കുന്നതായിരിക്കും. ഇതിനുള്ള അര്‍ഹത നിര്‍ണയിക്കുന്നത് ഓരോ പാരന്റിന്റെയും സ്ഥിതി അനുസരിച്ചായിരിക്കും.
ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ വളര്‍ത്തലും ജോലിയും ബാലന്‍സ് ചെയ്ത് കൊണ്ട് പോകാന്‍ സഹായിക്കുന്ന നീക്കമാണ് അധിക ഫണ്ട് അനുവദിക്കുന്നതിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറിയായ ഗില്ലിയാന്‍ കീഗന്‍ പറയുന്നത്. എന്നാല്‍ ചൈല്‍ഡ് കെയര്‍ പ്ലേസുകള്‍ക്ക് വേണ്ടിയുള്ള വര്‍ധിച്ച് വരുന്ന ഡിമാന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഫണ്ടിംഗ് അപര്യാപ്തമാണെന്ന സ്ഥിരം ആശങ്കയാണ് ഇംഗ്ലണ്ടിലെ ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍മാര്‍ പങ്കുവയ്ക്കുന്നത്.