നാട്ടുവാര്‍ത്തകള്‍

ഐടി കമ്പനികള്‍ കണ്ണുരുട്ടി; മണ്ണിന്റെ മക്കള്‍ വാദം രായ്ക്കുരാമാനം ചുരുട്ടികെട്ടി സിദ്ധരാമയ്യ സര്‍ക്കാര്‍

മുന്‍ നിര ഐടി കമ്പനികള്‍ കര്‍ണാടക വിടുമെന്ന് വ്യക്തമാക്കുകയും മറ്റു സംസ്ഥാനങ്ങളിലെ സംരംഭകരില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടുകയും ചെയ്തതോടെ കര്‍ണാടകക്കാര്‍ക്കു ജോലി സംവരണം ചെയ്യുന്ന വിവാദ ബില്‍ പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ തടിയൂരി. കര്‍ണാടകയില്‍ സ്വകാര്യമേഖലയിലെ ജോലികള്‍ക്ക് സ്വദേശി സംവരണത്തിനുള്ള നീക്കത്തില്‍ നിന്ന് തത്ക്കാലം പിന്‍മാറിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആണ് കന്നഡ സംവരണ ബില്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്.

രാജ്യത്തെ മുന്‍നിര ഐടി കമ്പനികളെല്ലാം കര്‍ണാടകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുകയും കന്നഡിഗര്‍ക്കു ജോലി സംവരണം ചെയ്യുന്ന ബില്‍ പാസാക്കിയാല്‍ സംസ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കമ്പനികള്‍ ഹൈദരാബാദിലേക്ക് പോകുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് ബില്ല് തിരക്കിട്ട് മരവിപ്പിച്ചത്. ഇങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ കര്‍ണാടകയുടെ സാമ്പത്തിക വ്യവസ്ഥതന്നെ തകരും.

കൂടിയാലോചനകള്‍ക്ക് ശേഷമെ അന്തിമതീരുമാനം എടുക്കൂവെന്നും വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ തീരുമാനം ഉണ്ടാകൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50 ശതമാനം മാനേജ്‌മെന്റ് പദവികളും 75 ശതമാനം നോണ്‍ മാനേജ്‌മെന്റ് ജോലികളിലും കന്നഡക്കാരെ നിയമിക്കാനായിരുന്നു നീക്കം. സര്‍ക്കാര്‍ തീരുമാനം വ്യവസായ വളര്‍ച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്‌കോം (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്ബനീസ്) പ്രതികരിച്ചു.

കര്‍ണാടകത്തില്‍ വ്യവസായമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനംവരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ഇതോടെ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുടെ നിലനില്‍പ്പ് ഭീഷണിയിലായിരുന്നു.

കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണംനല്‍കാനുമാണ് ബില്‍ പറയുന്നത്. 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവര്‍ നിയമനത്തിനുമുന്‍പ് നിര്‍ദിഷ്ടപരീക്ഷ പാസാകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.
വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്‌മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ദ ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ്, ആന്‍ഡ് അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍-2024 എന്നപേരില്‍ രൂപംനല്‍കിയ ബില്ലിനാണ് അംഗീകാരംനല്‍കിയത്. ജോലിക്കുള്ള അപേക്ഷകര്‍ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം.

അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന നോഡല്‍ ഏജന്‍സി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷനല്‍കണം. അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുനല്‍കും. അതേസമയം, തദ്ദേശീയരായ അപേക്ഷകര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ 25-ലും മാനേജ്‌മെന്റ് ഇതരതസ്തികകളില്‍ 50 ശതമാനത്തിലും കുറയാന്‍പാടില്ലെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 രൂപമുതല്‍ 25,000 രൂപവരെ പിഴയിടുമെന്നും ബില്ലില്‍ പറയുന്നു.

  • ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
  • ആംബുലന്‍സില്ല കിട്ടിയില്ല; രണ്ട് മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
  • മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നു വീട്ടമ്മ; ഗൂഢാലോചനയെന്ന് എസ് പി
  • നിവിന്‍പോളിക്കെതിരായ യുവതിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുകള്‍
  • നിവിന്‍ പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
  • ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
  • ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
  • ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
  • പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions