ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയില്‍ വരുമാനം മറ്റ് മേഖലകളെ അപേക്ഷിച്ച് വളരെ പരിമിതമായതോടെ ആളുകള്‍ ഈ മേഖല കൈയൊഴിയുകയാണ്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെയാണ് കെയര്‍ മേഖല ഒഴിവാക്കി സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ളവയിലേക്ക് കെയറര്‍മാര്‍ ചേക്കേറുന്നത്.
സോഷ്യല്‍ കെയര്‍ മേഖലയിലെ സ്റ്റാഫിംഗ് പ്രതിസന്ധി വഴിമാറ്റാന്‍ ഈ മേഖലയ്ക്കായി പ്രത്യേക മിനിമം വേജ് പ്രഖ്യാപിക്കണമെന്നാണ് നഫീല്‍ഡ് ട്രസ്റ്റ് & ഹെല്‍ത്ത് ഫൗണ്ടേഷന്‍ ആവശ്യപ്പെടുന്നത്. അഡല്‍റ്റ് സോഷ്യല്‍ കെയറില്‍ വളരെ താഴ്ന്ന നിലയില്‍ നല്‍കുന്ന വരുമാനം മെച്ചപ്പെടുത്താന്‍ നാഷണല്‍ പേ ബാന്‍ഡിംഗ് നടപ്പാക്കാനാണ് ഈ തിങ്ക്ടാങ്കുകള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്.
നിയമവിരുദ്ധമായി ശമ്പളം കുറച്ച് നല്‍കുന്ന സോഷ്യല്‍ കെയര്‍ മേഖലയുടെ പരിപാടി അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സോഷ്യല്‍ കെയറിന് മാത്രമായി പ്രത്യേക, ഉയര്‍ന്ന മിനിമം വേജ് നിശ്ചയിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും സോഷ്യല്‍ കെയര്‍ മിനിമം വേജുകളുണ്ട്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സോഷ്യല്‍ കെയറിന് നാഷണല്‍ പേ സ്‌കേലുമുണ്ട്. സോഷ്യല്‍ കെയര്‍ മേഖലയിലെ കുറഞ്ഞ ശമ്പളം പ്രധാന പ്രശ്‌നമാണെന്ന് നഫീല്‍ഡ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് തിയാ സ്റ്റെയിന്‍ പറഞ്ഞു. കെയര്‍ വര്‍ക്കര്‍മാര്‍ ചെയ്യുന്ന സുപ്രധാന ജോലിക്ക് അര്‍ഹിക്കുന്ന വേതനം നല്‍കണമെന്ന് ഹെല്‍ത്ത് ഫൗണ്ടേഷനിലെ റൂത്ത് തോള്‍ബിയും പറഞ്ഞു. നിയമവിരുദ്ധമായ, കുറഞ്ഞ വേതനം നല്‍കുന്ന രീതിക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് ഒരു സംയുക്ത പ്രസ്താവനയില്‍ വിവിധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജാവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ സോഷ്യല്‍ കെയര്‍ മേഖലയില്‍ മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തും എന്ന പരാമര്‍ശം ഉണ്ടായതിനു പുറകെയാണ് ഈ ആവശ്യം ഉയരുന്നത്.