അമേരിക്കന്‍ ജനത തങ്ങളുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതില്‍ ലണ്ടനില്‍ പ്രതിഷേധം. ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധത്തിനായിനു ആഹ്വാനം നല്‍കിയത്. ട്രംപിന്റെ വിജയം സുനിശ്ചിതമായതോടെ ആദ്യം പ്രതിഷേധ ആഹ്വാനം നല്‍കിയത് സ്റ്റാന്‍ഡ് അപ് ടു റേസിസം എന്ന ഗ്രൂപ്പാണ്. അബോര്‍ഷന്‍ റൈറ്റ്‌സ്, സ്റ്റോപ്പ് ദി വാര്‍ കൊയലിഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും 'നോ ടു ട്രംപ്' പ്രക്ഷോഭണത്തിനൊരുങ്ങി.
ട്രംപിന്റെ വംശീയ ചിന്തകള്‍ക്കും, ആശയഭ്രാന്തിനും വെറുപ്പ് വിതറുന്ന സമീപനത്തിനും എതിരെ പ്രതിഷേധം എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ആഹ്വാനങ്ങളില്‍ പറഞ്ഞിരുന്നത്. പിന്നീട് അവര്‍ എംബസിക്ക് മുന്‍പില്‍ തടിച്ചു കൂടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.
അതിനിടെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ ട്രംപിനെതിരെ യുകെയിലെ എംബസിയില്‍ പ്രതിഷേധിക്കുന്നതില്‍ സോഷ്യല്‍മീഡിയയില്‍ പരിഹാസം ഉയരുന്നുണ്ട്. പ്രതിഷേധക്കാരുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തുപറ്റി, പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരും പറഞ്ഞില്ലേ എന്നാണ് മറ്റൊരു കമന്റ്. പ്രതിഷേധക്കാരെ പരിഹസിക്കുന്ന നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
അതേസമയം യുഎസ് തെരഞ്ഞെടുപ്പില്‍ ജനകീയ വിധിയാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ വിജയം യുകെയില്‍ ഒരു വിഭാഗം ആഘോഷിക്കുന്നുമുണ്ട്.
അതിനിടെ, ട്രംപിനെ നിയോ നാസി എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ച ഫോറിന്‍ സെക്രട്ടറിയും മറ്റ് മുതിര്‍ന്ന ലേബര്‍ നേതാക്കളും മാപ്പു പറയണമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ആവശ്യപ്പെട്ടു.