അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച് വന്നതോടെ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനും തലവേദനയുടെ ദിനങ്ങളാണ് വരുന്നത്. മുന്‍കാലങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള വാക്‌പോരുകളാണ് പ്രശ്‌നം വഷളാക്കുന്നത്. പ്രത്യേകിച്ച് എലിസബത്ത് രാജ്ഞിയെ ചതിച്ചാണ് ഹാരി രാജ്യം ഉപേക്ഷിച്ച് ഭാര്യക്കൊപ്പം യുഎസിലേക്ക് പോന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. മെഗാന്‍ മാര്‍ക്കിളാകട്ടെ കമലാ ഹാരിസിന് പരസ്യമായി പിന്തുണയും നല്‍കിയിരുന്നു.
ഹാരി രാജകുമാരന്റെ ഇമിഗ്രേഷന്‍ രേഖകള്‍ക്ക് ഇതുവരെ ബൈഡന്റെ വൈറ്റ് ഹൗസ് രഹസ്യസ്വഭാവം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഞെട്ടിക്കുന്ന വിജയം കരസ്ഥമാക്കിയതോടെ സസെക്‌സ് ഡ്യൂക്കിന്റെ രേഖകള്‍ പരസ്യമാക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആശങ്ക.
ഹാരിയുടെ ഇമിഗ്രേഷന്‍ രേഖകള്‍ പുറത്തുവിടാന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡന്‍ ഭരണകൂടം ഇത് വിസമ്മതിച്ച് വരികയായിരുന്നു. ട്രംപിന്റെ വരവോടെ ഈ തീരുമാനത്തിനെതിരെ വിജയകരമായി അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് ഹെറിറ്റേജ് ഫൗണ്ടേഷന്‍ മാര്‍ഗററ്റ് താച്ചര്‍ സെന്റര്‍ ഫോര്‍ ഫ്രീഡം ഡയറക്ടര്‍ നൈല്‍ ഗാര്‍ഡിനര്‍ പറഞ്ഞു.
താന്‍ വിവിധ മയക്കുമരുന്നുകള്‍ രസത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് 2023 ഓര്‍മ്മപുസ്തകത്തില്‍ ഹാരി വെളിപ്പെടുത്തിയതോടെയാണ് വിസ അപേക്ഷ സംശയാസ്പദമായി മാറിയത്. ഇമിഗ്രേഷന്‍ രേഖകളില്‍ ഈ വിവരങ്ങള്‍ ഹാരി വെളിപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഈ കുറ്റസമ്മതങ്ങള്‍ ഹാരിയുടെ യുഎസ് പ്രവേശനത്തെ വിലക്കുമായിരുന്നുവെന്നാണ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ വാദം. ഇതൊക്കെ മുന്നില്‍ക്കണ്ട് ഹാരി അമേരിക്ക വിടാനും സാധ്യത ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.