ഇംഗ്ലണ്ടിലെ പുതിയ കൗണ്‍സില്‍ ഹോമുകള്‍ റൈറ്റ് ടു ബൈ സ്‌കീമിന് പുറത്താകും; തിരിച്ചടി
ഇംഗ്ലണ്ടില്‍ ഒരു വീട് വാങ്ങുകയെന്നത് കടുപ്പമേറിയ കാര്യമാണ്. ഇതിനിടയില്‍ പലര്‍ക്കും ആശ്വാസമായി നിലനിന്ന കൗണ്‍സില്‍ ഭവനങ്ങള്‍ വാങ്ങാനുള്ള റൈറ്റ് ടു ബൈ സ്‌കീമിന് ലേബര്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം.
റൈറ്റ് ടു ബൈ സ്‌കീം പ്രകാരം നല്‍കിയിരുന്ന ഡിസ്‌കൗണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ പുതിയ കൗണ്‍സില്‍ ഭവനങ്ങള്‍ ഈ സ്‌കീം പ്രകാരം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ സൂചന നല്‍കിയിരിക്കുന്നത്.
കൗണ്‍സില്‍ ഭവനങ്ങള്‍ താമസക്കാര്‍ വാങ്ങുന്നതോടെ ഇതിന്റെ സ്‌റ്റോക്ക് കുറയുന്നതായി ചൂണ്ടിക്കാണിച്ചാണ് മന്ത്രിമാര്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ സ്റ്റോക്ക് നഷ്ടപ്പെടാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. 1980-ല്‍ മാര്‍ഗററ്റ് താച്ചര്‍ നടപ്പാക്കിയ പദ്ധതിയിലൂടെ കൗണ്‍സില്‍ ഭവനങ്ങളില്‍ താമസിക്കുന്ന വാടകക്കാര്‍ക്ക് സുപ്രധാന ഡിസ്‌കൗണ്ട് നല്‍കി ഇത് വാങ്ങാന്‍ സാധിക്കുമായിരുന്നു.
പിന്നീട് വന്ന കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാര്‍ ഈ സ്‌കീമിനെ പിന്തുണച്ചതോടെ 2 മില്ല്യണോളം വീടുകള്‍ വില്‍ക്കപ്പെട്ടു. ജോലി ചെയ്യുന്നവര്‍ക്ക് ഭവന ഉടമകളാകാന്‍ അവസരം നല്‍കുന്ന സ്‌കീം ഇപ്പോള്‍ ഭവനരഹിതരെ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. ആവശ്യത്തിന് സോഷ്യല്‍ ഹൗസിംഗ് നിര്‍മ്മിക്കാത്ത ഗവണ്‍മെന്റ് സമീപനം മൂലം വീടുകളുടെ ലഭ്യത കുറഞ്ഞതാണ് ഇതിലേക്ക് നയിച്ചത്.