യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് യുവതിയുടെ കുറിപ്പ്
ലണ്ടന്‍: യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് കുട്ടികള്‍ക്കു ഹാനികരമായ കാര്യങ്ങളെന്ന് കുറിപ്പ്. ഇപ്പോഴത്തെ പ്രീ സ്‌കൂളുകളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് കൊണ്ട് ഒരു യുവതി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ക്കു കാരണമായി. ജോലിക്ക് പോകേണ്ടതിനാല്‍ പതിനഞ്ച് മാസം മാത്രം പ്രായമുള്ള കുട്ടിയെ താന്‍ പ്രീ സ്‌കൂളിലാണ് ആക്കാറെന്നും എന്നാല്‍ അവിടെ നടക്കുന്ന സംഭങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇംഗ്ലണ്ട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
'ഞാന്‍ എന്റെ മകളുടെ നഴ്‌സറി കളിപ്പാട്ടത്തില്‍ ബഗ് വച്ചു' എന്ന തലക്കെട്ടിലാണ് യുവതി തന്റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ കുറിപ്പെഴുതിയത്. കൊവിഡിന് പിന്നാലെ നഴ്‌സറി സ്‌കൂളുകള്‍ മാതാപിതാക്കളെ അകത്തേക്ക് കയറ്റാറില്ലെന്നും അതിന് ഉള്ളില്‍ നടക്കുന്നത് പുറത്ത് നിന്നും കാണാതിരിക്കാന്‍ ജനലുകള്‍ക്ക് പ്രത്യേക കര്‍ട്ടനുകള്‍ ഉണ്ടെന്നും അവരെഴുതി. തനിക്ക് പലപ്പോഴും ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ആശങ്ക തോന്നാറുണ്ട്. ഒരിക്കല്‍ മകളെ കൂട്ടായി പോയപ്പോള്‍ വലിയൊരു മുറിയുടെ മൂലയില്‍ ഇരുന്ന് അവള്‍ അലമുറയിടുന്നതാണ് കണ്ടത്. കോളിംഗ് ബെല്ല് അടിച്ചതിനാല്‍ ആയമാര്‍ വാതില്‍ തുറക്കാനായി പോയതാകുമെന്ന് കരുതി. അപ്പോഴേക്കും അവിടുത്തെ സ്ത്രീ എത്തി. രണ്ട് മാസത്തിനിടെ അവള്‍ ഏറ്റവും സന്തോഷവതിയായിരുന്ന ദിവസമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ആശങ്ക തോന്നിയതിനാല്‍ അടുത്ത തവണ മകളുടെ കളിപ്പാട്ടത്തില്‍ താനൊരു റെക്കോര്‍ഡര്‍ ഒളിപ്പിച്ച് വച്ചു.
എട്ട് മണിക്കൂര്‍ റെക്കോര്‍ഡിംഗില്‍ മൂന്ന് മണിക്കൂര്‍ കേട്ടപ്പോള്‍ തന്നെ താന്‍ തളര്‍ന്നെന്നും ബാക്കിയുള്ളത് കേള്‍ക്കാന്‍ തനിക്ക് അല്പം വിശ്രമം വേണമെന്നും ആ അമ്മ എഴുതി. താന്‍ ഇതുവരെ കേട്ടല്‍ വച്ച് ഏറ്റവും കഠിനമായിരുന്നു അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്തത് നിയമ പ്രശ്‌നങ്ങളുണ്ടാക്കുമോ? അധികാരികള്‍ക്ക് ഈ റെക്കോര്‍ഡ് കൈമാറാന്‍ തനിക്ക് സാധിക്കുമോ? ആരെങ്കിലും തനിക്ക് മറുപടി നല്‍കാമോയെന്നും അവര്‍ ചോദിച്ചു. അതേസമയം താന്‍ ആ മൂന്ന് മണിക്കൂറിന് നേരം കേട്ടത് എന്താണെന്ന് മാത്രം അവര്‍ എഴുതിയില്ല. നിരവധി പേരാണ് അവര്‍ക്ക് മറുപടിയുമായി എത്തിയത്. ചിലര്‍ ഇത്തരത്തില്‍ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്തത് നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്ന് കുറിച്ചപ്പോള്‍ മറ്റ് ചിലര്‍ ഉദ്ദേശ്യ ശുദ്ധിയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ ഒരു വക്കീല്‍ മുഖാന്തരം നിയമപരമായി കാര്യങ്ങളിലേക്ക് കടക്കാനും കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് സിവില്‍ സമൂഹത്തിന്റെ കടമയാണെന്നും എഴുതി. വ്യക്തിപരമായ ഉപയോഗത്തിനായി സമ്മതമില്ലാതെ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ എടുക്കുന്നത് ഇംഗ്ലണ്ടില്‍ നിയമപരമാണെന്നും എന്നാല്‍, അത് കേള്‍ട്ട് മറ്റുള്ളവരുമായി പങ്കിടാന്‍ അനുവാദമില്ലെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.