ബിസിനസ്‌

പണപ്പെരുപ്പം ഉയര്‍ന്നത് പാരയായി; പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പണപ്പെരുപ്പം തിരിച്ചുവരുമെന്ന ഭയത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റുകള്‍ 4.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനം കൈക്കൊണ്ടത്. നവംബറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും പണപ്പെരുപ്പം വര്‍ദ്ധിച്ചതും, ശമ്പളം വീണ്ടും വളര്‍ച്ച നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി.

എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി റെയ്ഡില്‍ യുകെ ബിസിനസ്സ് പിഎല്‍സി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന ആശങ്കകളും ശക്തമാണ്. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുകയാണ് ചെയ്തത്. ബിസിനസ്സ് സര്‍വ്വെകള്‍ പ്രകാരം വളര്‍ച്ചയും സ്തംഭിക്കുകയാണ്. ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും പതിയെ ഉയരുന്നു.

എംപിസിയിലെ ആറ് അംഗങ്ങള്‍ നിരക്കുകള്‍ നിലനിര്‍ത്താന്‍ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ 0.25 ശതമാനം കുറയ്ക്കാന്‍ വോട്ട് ചെയ്തു. ഇതിന് പുറമെ 2024 അവസാന പാദത്തിലെ വളര്‍ച്ചാനിരക്ക് പ്രവചനങ്ങള്‍ ബാങ്ക് 0.3 ശതമാനത്തില്‍ നിന്നും പൂജ്യമായി കുറച്ചതും ആശങ്കയാണ്.

പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ നിലനില്‍ക്കേണ്ടത് സുപ്രധാനമാണെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പലിശ കുറയ്ക്കുന്നതാണ് ശരിയായ നടപടിയെന്ന കാര്യത്തില്‍ മാറ്റമില്ല. സമ്പദ് വ്യവസ്ഥ വര്‍ദ്ധിച്ച അനിശ്ചിതാവസ്ഥ നേരിടുമ്പോള്‍ അടുത്ത വര്‍ഷം എപ്പോള്‍ നിരക്ക് കുറയുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല, ഗവര്‍ണര്‍ പറഞ്ഞു.

കുടുംബങ്ങള്‍ ഉയര്‍ന്ന ചെലവ് മൂലം ബുദ്ധിമുട്ടുകയാണെന്ന് അറിവുള്ള കാര്യമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രതികരിച്ചു. ജോലി ചെയ്യുന്നവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കാന്‍ പണപ്പെരുപ്പം സ്ഥിരത കൈവരിക്കണം, ഇക്കാര്യത്തില്‍ ബാങ്കിന് സമ്പൂര്‍ണ്ണ പിന്തുണയുണ്ട്, റീവ്‌സ് പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം മാസവും 2.5 ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും വലിയ നിരക്കായ 2.6 ശതമാനമാണ് നവംബറില്‍ രേഖപ്പെടുത്തിയത്. ഇന്ധനവിലയിലും വസ്ത്രവിപണിയിലും ഉണ്ടായ മാറ്റങ്ങളാണ് പണപ്പെരുപ്പ നിരക്കിനെ കഴിഞ്ഞ മാസങ്ങളില്‍ സ്വാധീനിച്ചത്. ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനമായിരുന്നു.
പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്ന് 11 ശതമാനത്തിലെത്തിയപ്പോഴാണ് അതിനൊപ്പം പലിശ നിരക്കും ഉയര്‍ന്നത്. 0.25 ശതമാനത്തില്‍ നിന്നാണ് പലിശ നിരക്ക് പണപ്പെരുപ്പത്തിനൊപ്പം വളര്‍ന്ന് 5.50 ശതമാനം വരെയെത്തിയത്. പിന്നീട് പണപ്പെരുപ്പ നിരക്ക് രണ്ടര ശതമാനത്തിലെത്തിയപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്നു തവണയായി 0.25 ശതമാനം വീതം പലിശ നിരക്ക് കുറച്ച് 4.75 ല്‍ എത്തിച്ചു. ഇനിയും കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആശങ്കയായി പണപ്പെരുപ്പത്തിന്റെ പുതിയ കണക്ക് പുറത്തുവന്നത്.


വരുംമാസങ്ങളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് ബ്രിട്ടനിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും. എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.

  • പലിശ നിരക്ക് 4.5% ആയി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്യാന്‍ പ്രവാസികള്‍
  • തുടരുന്ന പണപ്പെരുപ്പം: പലിശ നിരക്കുകള്‍ ഉടനെ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയില്ല; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • യുകെയില്‍ ഭവന വില ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍
  • ബ്രിട്ടനില്‍ പണപ്പെരുപ്പം 10 മാസത്തെ ഉയര്‍ന്ന നിരക്കില്‍; കുടുംബ ബജറ്റുകളുടെ താളം തെറ്റും, പലിശ നിരക്കും വെല്ലുവിളിയാവും
  • പലിശ വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ സാന്റാന്‍ഡറും ബാര്‍ക്ലെയിസും മോര്‍ട്ടഗേജ് പലിശ നിരക്ക് നാലിലേക്ക് താഴ്ത്തി
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5% ആയി കുറച്ചു; മുന്നിലുള്ളത് വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
  • സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 60,000 ഭേദിച്ചു
  • വരുന്നത് മോര്‍ട്ട്‌ഗേജ് ഷോക്കിന്റെ നാളുകള്‍; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി, ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി
  • ബജറ്റിന്റെ പ്രകമ്പനങ്ങള്‍; പൗണ്ട് ഇടിഞ്ഞു താഴുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions