ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകള്‍ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കല്‍, ഐസൊലേഷന്‍, കൈ കഴുകല്‍ എന്നീ നിര്‍ദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ചൈനയില്‍ എച്ച്എംപിവി മൂലമുള്ള രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാല്‍ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്.
യുകെയിലും എന്‍എച്ച്എസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ആരുമായും ഇടപെടരുത്. ശൈത്യകാലത്തെ പ്രതിസന്ധിയിലാണ് എന്‍എച്ച്എസ്.
ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് വ്യാപനമുണ്ടാകും. രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ മുന്‍കരുതലെടുക്കുക. ചെറിയ കുട്ടികളില്‍ വരെ രോഗം വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു.