വിദേശം

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍; പ്രഖ്യാപനങ്ങള്‍ നടപ്പാക്കി

ഒരു ടെമിന്റെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറി ഓവല്‍ ഓഫീസില്‍ തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപ് ആദ്യ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അനുകൂലിച്ച് കലാപം അഴിച്ചുവിട്ടവര്‍ക്ക് മാപ്പ് അനുവദിച്ചതിന് പിന്നാലെ അപകടകാരികളായ മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും പ്രസിഡന്റ് തയ്യാറായി.

ഓവല്‍ ഓഫീസില്‍ പുതിയ പ്രസിഡന്റിനെ കാത്ത് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കത്തും കാത്തിരുന്നു. ജനുവരി ആറിന് കലാപം നടത്തിയ ഏകദേശം 1500 പ്രതികള്‍ക്കാണ് ട്രംപ് മാപ്പ് പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരായി ബാക്കിയുള്ള 450 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അറ്റോണി ജനറലിന് ഉത്തരവ് നല്‍കി. നാല് വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ വിധി അട്ടിമറിക്കാന്‍ തനിക്കൊപ്പം നിന്നവര്‍ക്കാണ് ട്രംപ് ഈ സഹായം പ്രഖ്യാപിച്ചത്.

പുതിയ ഭരണകൂടത്തിനൊപ്പം ആഘോഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരെ ആദ്യ ഓവല്‍ ഓഫീസ് സന്ദര്‍ശനത്തിന് ക്ഷണിച്ചത്. റെസൊലൂട്ട് ഡെസ്‌കില്‍ നിന്നുമാണ് ട്രംപിന് ബൈഡന്റെ കത്ത് ലഭിച്ചത്. എന്നാല്‍ ആദ്യം താന്‍ സ്വകാര്യമായി ഇത് വായിച്ച ശേഷം പുറത്തുവിടുന്ന കാര്യം ആലോചിക്കാമെന്നാണ് ട്രംപ് പ്രതികരിച്ചത്.

നിയമപരമായ കുടിയേറ്റത്തെയാണ് അനുകൂലിക്കുന്നതെന്ന് വ്യക്തമാക്കിയാണ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ദേശീയ എമര്‍ജന്‍സി പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളെ റീസെറ്റില്‍ ചെയ്യിക്കുന്നത് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന രീതിക്കും അവസാനം കുറിച്ചു. എന്നാല്‍ 1868 മുതല്‍ യുഎസ് ഭരണഘടന നല്‍കുന്ന ജനനത്തിലൂടെയുള്ള പൗരത്വം അട്ടിമറിക്കുന്നതിന് നിയമപരമായ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് സമ്മതിക്കുന്നു.

ഇതിന് പുറമെ ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറിലും ട്രംപ് ഒപ്പുവെച്ചു. അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡബ്യുഎച്ച്ഒയില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ ഉത്തരവ്. എന്നാല്‍ അപകടകരമായ മഹാമാരികള്‍ക്കും, വിവിധ രോഗങ്ങള്‍ക്കും എതിരായ പ്രതിരോധ സാധ്യതയാണ് ഇത് തകര്‍ക്കുകയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെബ്രുവരി 1 മുതല്‍ കാനഡയ്ക്കും, മെക്‌സിക്കോക്കും മേല്‍ 25% നികുതി ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാല്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്തുള്ള റോട്ടന്‍ഡ ഹാളിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ആണ് ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങിയത്. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്.

  • ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റികില്‍ പറന്നിറങ്ങി; സുനിതാ വില്യംസ് അടക്കം നാല് യാത്രികരും സുരക്ഷിതര്‍
  • ട്രെയിന്‍ ഹൈജാക്ക്: 104 ബന്ദികളെ മോചിപ്പിച്ചു; 30 പാക് സൈനികരും 16 അക്രമികളും കൊല്ലപ്പെട്ടു
  • യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് ട്രംപ്; പരിഹാരം കാണാന്‍ നാറ്റോ
  • സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്‌കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു
  • മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണ്ണം, പ്രാര്‍ത്ഥനയോടെ വിശ്വാസി സമൂഹം
  • സ്വീഡനെ ഞെട്ടിച്ച് 10 പേരെ കൂട്ടക്കൊല ചെയ്തു; മരിച്ചവരില്‍ അക്രമിയും
  • അയര്‍ലന്‍ഡില്‍ കാര്‍ അപകടത്തില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ ചികിത്സയില്‍
  • 45 പേരെ കാണാതായി: അമേരിക്കയില്‍ വിമാനാപകടം; 19 മൃതദേഹങ്ങള്‍ കിട്ടി
  • സ്റ്റുഡന്റ് പെര്‍മിറ്റുകളുടെ എണ്ണം കുറച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി
  • ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions