വിദേശം

സര്‍വാധികാരിയായി ട്രംപിന്റെ ഉത്തരവുകള്‍

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപ് സ്ഥാനാരോഹണത്തിന് പിന്നാലെ ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവ. കുടിയേറ്റം, പൗരത്വം അടക്കം ട്രംപ് ഒപ്പുവെച്ച ഉത്തരവുകള്‍ അമേരിക്കയെ മാത്രമല്ല, മറ്റു രാജ്യക്കാരെയും വലിയ രീതിയില്‍ ബാധിക്കാന്‍ പോന്നവയാണ്. 200ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് അധികാരമേറ്റയുടനെ ഒപ്പുവെച്ചിരിക്കുന്നത്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറും എന്നുള്ളതാണ്. ലോകാരാ​ഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ആരോഗ്യ സംഘടനയ്ക്ക് ധനസഹായം നല്‍കുന്നതിന് ചൈനയേക്കാള്‍ കൂടുതല്‍ പണം വാഷിംഗ്ടണ്‍ അന്യായമായി നല്‍കുന്നുവെന്ന് വാദിച്ചാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പുറത്തുപോകാനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഇത് ലോകമാകെ വലിയ രീതിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്. ദരിദ്ര രാജ്യങ്ങളുടെ ആരോ​ഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോ​ഗപ്പെടുത്തുന്നതാണ് ലോകാരോഗ്യ സംഘടനയുടെ രീതി. അമേരിക്ക ഇതില്‍ നിന്നും പിന്‍മാറുന്നതോടെ ലോകാരോ​ഗ്യ സംഘടനയുടെ തന്നെ പ്രവര്‍ത്തനം താളംതെറ്റും. സംഘടനയെ ആശ്രയിച്ചു കഴിയുന്ന ദരിദ്ര രാജ്യങ്ങള്‍ ഇതോടെ പ്രതിസന്ധിയിലാകും.

അമേരിക്കയില്‍ ഇനി സ്ത്രീ, പുരുഷന്‍ എന്നീ ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് ട്രംപിന്റെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. സര്‍ക്കാര്‍ രേഖകളില്‍ ലിം​ഗം രേഖപ്പെടുത്തുന്ന കോളങ്ങളില്‍ സ്ത്രീ, പുരുഷന്‍ മാത്രമേ ഉണ്ടാകൂ എന്നും ഈ രണ്ടു വിഭാ​ഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ​ഗവണ്മെന്റ് അം​ഗീകരിക്കൂ എന്നും പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ അം​ഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ലോകത്താകമാനം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളില്‍ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോ​ഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, എല്‍ജിബിടിക്യു തുല്യത പ്രോത്സാഹിപ്പിക്കുന്ന വിവിധ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ ട്രംപ് റദ്ദാക്കുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങള്‍ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്നാണ് മറ്റൊരു പ്രധാന തീരുമാനം. ഇതോടുകൂടി അന്തരീക്ഷം വിഷമയമാക്കുന്ന വാതകങ്ങളുടെ ഉപയോഗം കുറക്കണമെന്ന ബാധ്യതയില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്. ഒരു വ്യവസായ രാജ്യമായി രാജ്യം മാറുന്നതിന് ഈ ഉടമ്പടി തടസമാണെന്ന് നിലപാടെടുത്താണ് ട്രംപ് ഇതില്‍ നിന്നും മാറുന്നത്.

നാലുവര്‍ഷം മുമ്പ് ട്രംപിന്റെ പരാജയം അം​ഗീകരിക്കാന്‍ സമ്മതിക്കാതെ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി സംഘര്‍ഷമുണ്ടാക്കിയ തന്റെ അനുയായികള്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് 1,500 അനുയായികള്‍ക്കാണ് ട്രംപ് മാപ്പ് നല്‍കിയത്.
യുഎസിലെ കുടിയേറ്റത്തിനും അഭയത്തിനും കടുത്ത പുതിയ നിയന്ത്രണങ്ങള്‍ ട്രംപ് പ്രഖ്യാപിച്ചു, യുഎസ്- മെക്സിക്കോ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇനി ഈ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കാന്‍ കഴിയും.പനാമ കനാല്‍ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിര്‍ത്തലാക്കും എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറല്‍ തൊഴിലാളികള്‍ മുഴുവന്‍ സമയവും ഓഫീസില്‍ തിരിച്ചെത്തണമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. സര്‍ക്കാര്‍ ജീവനക്കാരെ ഏത് സമയത്തും പിരിച്ചുവിടാനുള്ള അവസ്ഥയിലേക്ക് അവരുടെ സേവന വ്യവസ്ഥകള്‍ മാറ്റുന്ന ഉത്തരവുകളിലും ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള ഊര്‍ജ കയറ്റുമതിയില്‍ ഒന്നാമതെത്താന്‍ രാജ്യത്ത് ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.

ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ടിക് ടോക് ആപ്പിന് ജനുവരി 18ന് ബൈഡന്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു ദിവസത്തിനു ശേഷം വീണ്ടും സമയപരിധി നീട്ടുകൊണ്ട് ട്രംപ് അവരുടെ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.

അധിനിവേശ ഗാസയിലെ വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കെതിരെ നീക്കങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ കുടിയേറ്റക്കരെ അനുവദിക്കാത്ത ബൈഡന്റെ സുപ്രധന തീരുമാനത്തെയും ട്രംപ് തിരുത്തി. ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് ഇവിടങ്ങളിലുള്ള ഉപരോധം ട്രംപ് പിന്‍വലിച്ചു. തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ കരിമ്പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. ജോ ബൈഡന്റെ ഏറ്റവും പുതിയ നീക്കങ്ങളില്‍ ഒന്നായിരുന്നു ക്യൂബയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തത്.

നാലുവര്‍ഷം മുമ്പ് ലോകത്തിനു മുന്നില്‍ പരിഹാസ്യനും വില്ലനുമൊക്കെയായി മാറിയ ഡൊണാള്‍ഡ് ട്രംപ് ഇന്ന് വിജയഭേരി മുഴക്കി ലോകത്തെ നോക്കി ചിരിക്കുകയാണ്. അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും അവസരം നല്‍കിയത് വര്‍ധിത വീര്യത്തോടെയാണ് . 2020ല്‍ വൈറ്റ് ഹൗസില്‍ നിന്ന് കഴുത്തിന് പിടിച്ചു പുറത്താക്കേണ്ട അവസ്ഥയിലാണ് ട്രംപ് പുറത്തേക്ക് ഇറങ്ങിയത്. അന്ന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ മടിച്ച ട്രംപ് തന്റെ അനുയായികളെ ഉപയോഗിച്ച് അക്രമം നടത്തുന്ന സ്ഥിതി വരെയുണ്ടായി. അമേരിക്കന്‍ തിരഞ്ഞെടുപ്പും ഭരണഘടനയും അട്ടിമറിക്കപ്പെടുമോയെന്ന് ലോകം ഉറ്റുനോക്കിയ അവസരത്തിലായിരുന്നു ട്രംപ് വല്ലവിധേനയും അധികാരമൊഴിഞ്ഞത്.

യുഎസ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിക്കാനൊരുങ്ങുമ്പോള്‍ അത് തടയാനാണ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചെത്തിയത്. ആഭ്യന്തര ഭീകരവാദമെന്നാണ് എഫ്ബിഐ സംഭവത്തെ കുറിച്ചു പ്രതികരിച്ചത്. താന്‍ ഇംപീച്ച് ചെയ്യപ്പെട്ട ദിവസം ട്രംപ് തന്റെ അനുകൂലികളോട് ക്യാപിറ്റോളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള സംഘര്‍ഷത്തില്‍ 3 പൊലീസുകാരാും മൂന്ന് കലാപകാരികളും മരിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു. എങ്ങനെ എല്ലാവരുടെയും മുമ്പില്‍ പരിഹാസപാത്രമായി ചരിത്രത്തിലേക്ക് എടുത്തെറിയപ്പെടും എന്ന് കരുതിയ ആളാണ് മൂന്നൊര കൊല്ലത്തിന് ശേഷം അവിശ്വസനീയ തിരിച്ച് വരവിലൂടെ ചരിത്രത്തിലിടം നേടിയിരിക്കുന്നത്.

ഇക്കുറി പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങി വരവ്. ട്രംപിന് നേരെയുണ്ടായ വധശ്രമവും ട്രംപിന്റെ പ്രതികരണവും അനധികൃത കുടിയേറ്റത്തിനെതിരായ പ്രസംഗവുമെല്ലാം വിജയത്തിലേക്കുള്ള പടിയായി.
രണ്ടാം ടേമില്‍, ഇന്ത്യയുള്‍പ്പെടെയുള്ള പങ്കാളികളുമായുള്ള പരമ്പരാഗത സഖ്യങ്ങളും കരാറുകളും ട്രംപ് പരിഷ്‌‌കരിക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാദ്ധ്യതകളും ഏറെയാണ്.

ഇന്ത്യ -യുഎസ് വ്യാപാര ബന്ധത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് കൂടുതലായും നിരീക്ഷിക്കപ്പെടുന്നത്. അധികാരത്തിലെത്തിയാല്‍ വിദേശ ഉത്‌പന്നങ്ങളുടെ താരിഫ് ഉയത്തുമെന്നും റെസിപ്രോക്കല്‍ ടാക്‌സ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

ട്രംപ് മുന്നോട്ട് വയ്ക്കുന്ന താരിഫ് നയങ്ങള്‍ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്റ്റൈല്‍ മേഖലകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍.

ഇമിഗ്രേഷനില്‍, പ്രധാനമായും എച്ച് 1 ബി വിസ പ്രോഗ്രാം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ട്രംപ് നിലപാട് യുഎസ് പഠനം, തൊഴില്‍ എന്നിവ സ്വപ്നം കാണുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കാം. വിദേശ തൊഴിലാളികളുടെ വേതന ആവശ്യകതകള്‍ വര്‍ദ്ധിപ്പിക്കാനും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആദ്യ ടേമില്‍ ട്രംപ് ശ്രമിച്ചു. ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു.

  • ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റികില്‍ പറന്നിറങ്ങി; സുനിതാ വില്യംസ് അടക്കം നാല് യാത്രികരും സുരക്ഷിതര്‍
  • ട്രെയിന്‍ ഹൈജാക്ക്: 104 ബന്ദികളെ മോചിപ്പിച്ചു; 30 പാക് സൈനികരും 16 അക്രമികളും കൊല്ലപ്പെട്ടു
  • യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് ട്രംപ്; പരിഹാരം കാണാന്‍ നാറ്റോ
  • സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്‌കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു
  • മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണ്ണം, പ്രാര്‍ത്ഥനയോടെ വിശ്വാസി സമൂഹം
  • സ്വീഡനെ ഞെട്ടിച്ച് 10 പേരെ കൂട്ടക്കൊല ചെയ്തു; മരിച്ചവരില്‍ അക്രമിയും
  • അയര്‍ലന്‍ഡില്‍ കാര്‍ അപകടത്തില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ ചികിത്സയില്‍
  • 45 പേരെ കാണാതായി: അമേരിക്കയില്‍ വിമാനാപകടം; 19 മൃതദേഹങ്ങള്‍ കിട്ടി
  • സ്റ്റുഡന്റ് പെര്‍മിറ്റുകളുടെ എണ്ണം കുറച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി
  • ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions