ഇമിഗ്രേഷന്‍

പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടത് കടുത്ത നിബന്ധനകള്‍

2024 മാര്‍ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്, സ്‌കില്‍ഡ് വിസയില്‍ ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. 2024 ഏപ്രില്‍ നാലു മുതല്‍ ഈ നിയമം നിലവിലുണ്ട്. എങ്കിലും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് മാറുന്നവരെ 'പുതിയ തൊഴിലാളികള്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിനായി ചുരുങ്ങിയ ശമ്പളം 30,960 പൗണ്ട് മതി. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 20 ശതമാനത്തിന്റെ കിഴിവാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ വേറെയും നിബന്ധനകളുണ്ട്. പോസ്റ്റ് സ്റ്റുഡന്റ് വിസക്കാലത്ത് താമസിച്ചത് ഉള്‍പ്പടെ ഇവരുടെ ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പില്‍ നാലു വര്‍ഷക്കാലത്തിലധികം ബ്രിട്ടനില്‍ താമസിക്കാത്തവരെ മാത്രമെ 'പുതിയ തൊഴിലാളികള്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

അതിനു പുറമെ, അപേക്ഷകര്‍ക്കു അപേക്ഷിക്കുന്ന സമയത്ത് 26 വയസില്‍ കൂടാന്‍ പാടില്ല. കൂടാതെ അപേക്ഷകര്‍ ബ്രിട്ടനിലെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു അംഗീകൃത യോഗ്യത നേടുന്നതിനായി ശ്രമിക്കുന്നവരും ആകണം. അവരവരുടെ തൊഴില്‍ രംഗത്ത് ഫുള്‍ റജിസ്‌ട്രേഷനോ, ചാര്‍ട്ടേര്‍ഡ് സ്റ്റാറ്റസോ ലഭിക്കുന്നതിനായി ശ്രമിക്കുന്നവരും ആയിരിക്കണം . ബ്രിട്ടനില്‍ നിന്നും ഗ്രാഡ്വേഷന്‍ നേടിയ വ്യക്തിയോ, നേടാന്‍ പോകുന്ന വ്യക്തിയോ ആയിരിക്കണം അപേക്ഷകന്‍. മാത്രമല്ല, കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയില്‍ താമസിക്കുന്ന വ്യക്തിയും ആയിരിക്കണം.

പോസ്റ്റ് സ്റ്റഡി വിസയും ഗ്രാജ്വേറ്റ് വിസയും ഏറെക്കുറെ സമാനമായ വിസകളാണ്. യഥാര്‍ത്ഥത്തില്‍, പോസറ്റ് സ്റ്റഡി വിസ 2012ല്‍ നിര്‍ത്തലാക്കി അതിനു പകരമായി കൊണ്ടുവന്നതാണ് ഗ്രാജ്വേറ്റ് വിസ. ഈ രണ്ട് വിസകളും, പഠന ശേഷം യുകെയില്‍ ഒരു നിശ്ചിതകാലം തുടരുന്നതിനും ജോലി ചെയ്യുന്നതിനും അനുവാദം നല്‍കുന്നുണ്ട്.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് വേണം എന്ന നിബന്ധനയിലും ചില ഇളവുകള്‍ ലഭിച്ചേക്കാം. ഈ നിശ്ചിത ശമ്പളത്തിന്റെ, ചുരുങ്ങിയത് 70 മുതല്‍ 90 ശതമാനം വരെയെങ്കിലും ശമ്പളം ലഭിക്കുമെങ്കില്‍, മറ്റു ചില മാനദണ്ഡങ്ങള്‍ അനുസരിക്കുക കൂടി ചെയ്താല്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കും. നിങ്ങള്‍ 26 വയസില്‍ താഴെയുള്ള വ്യക്തിയാണെങ്കില്‍, ബ്രിട്ടനില്‍ നിന്നും അടുത്തിടെ ഗ്രാജ്വേഷന്‍ കഴിഞ്ഞ വ്യക്തിയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രൊഫഷനല്‍ പരിശീലനം നേടുന്ന വ്യക്തിയാണെങ്കിലോ സ്‌കില്‍ഡ് വര്‍ക്ക് വിസ ലഭിച്ചേക്കും.

സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്സ് (സ്റ്റെം) എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ പി എച്ച് ഡി ലെവല്‍ യോഗ്യതയുണ്ടെങ്കില്‍, തൊഴിലിന് ആ യോഗ്യത ആവശ്യമാണെങ്കില്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കാം. മറ്റേതെങ്കിലും വിഷയത്തിലാണ് പി എച്ച് ഡി എങ്കില്‍, ചുരുങ്ങിയത് 26,100 പൗണ്ട് ശമ്പളം വേണമെന്നുണ്ട്. ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ പുതിയതായി റിക്രൂട്ട് ചെയ്യുന്നത് തടയുവാനും, അതിനു പകരമായി നിലവില്‍ ബ്രിട്ടനിലുള്ളവര്‍ക്ക് തന്നെ ആവശ്യത്തിന് പരിശീലനം നല്‍കി ജോലിയില്‍ നിയമിക്കുന്നതിനും പ്രേരണയാവുക എന്നതാണ് ഈ നയത്തിന്റെ ലക്‌ഷ്യം. കുടിയേറ്റം നിയന്ത്രിക്കുന്നതിനൊപ്പം ഏറ്റവും മിടുമിടുക്കരെ മാത്രം മതി എന്ന ഉദ്ദേശമാണ് സര്‍ക്കാരിന്.


  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  • യുകെ യാത്രയ്ക്ക് ചെലവ് കൂടും, രാജ്യത്തു പ്രവേശിയ്ക്കാന്‍ 10 പൗണ്ട് അധികം ഈടാക്കും
  • യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തണമെങ്കില്‍ ട്യൂഷന്‍ ഫീസും 9 മാസം ജീവിക്കാനുള്ള ചെലവും കാണിക്കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions