ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായി നിയമിതയായി കണ്ണൂർ പയ്യന്നൂര്‍ സ്വദേശി രാജേശ്വരന്‍ നായരുടെ മകള്‍ സൗമ്യ. 2014-ല്‍ ദുബായ് എംബസിയില്‍ സൗമ്യ ജോലിചെയ്തിരുന്നു. 'നേരത്തേ അവള്‍ എന്റെ മകളായാണ് അറിയപ്പെട്ടത്. ഇന്ന് അവളുടെ അച്ഛനായി ഞാന്‍ അറിയപ്പെടുന്നു. അവള്‍ രാജ്യത്തിന്റെ ഉന്നത തീരുമാനങ്ങള്‍ അവതരിപ്പിക്കുന്ന ഒരാളായി മാറുമ്പോള്‍ ഏറെ അഭിമാനമുണ്ട്'- സൗമ്യയുടെ അച്ഛന്‍ രാജേശ്വരന്‍ നായരുടെ വാക്കുകള്‍. അമ്മ വാസന്തിയ്ക്കും മകളുടെ നേട്ടത്തില്‍ വലിയ അഭിമാനമാണ്.
അച്ഛന് ഗുജറാത്തില്‍ ബിസിനസായതു കാരണം സൗമ്യയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കേരളത്തിലായിരുന്നില്ല. ഗുജറാത്ത് ചന്ദ്രബാല മോദി അക്കാദമിയിലായിരുന്നു പഠനം. സ്‌കൂളില്‍ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു. പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ പോകുമ്പോള്‍ അധ്യാപകര്‍ പറയും 'സൗമ്യ ഈസ് ഗോള്‍ഡ്'. പ്ലസ് ടു കഴിഞ്ഞശേഷം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഭട്ടാചാര്യയാണ് പറഞ്ഞത് സൗമ്യയെ ഡല്‍ഹി ശ്രീരാം കോളേജില്‍ ചേര്‍ക്കണമെന്ന്. അവിടെത്തെ കോളേജ് ഓഫ് കൊമഴ്‌സില്‍നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയാണ് സിവില്‍ സര്‍വീസിലേക്ക് കടന്നത്. സൗമ്യയുടെ ഉയര്‍ച്ചയ്ക്കു കാരണം ചന്ദ്രബാല സ്‌കൂളും പ്രിന്‍സിപ്പലുമാണെന്ന് രാജേശ്വരന്‍ പറയുന്നു.
സൗമ്യ പാടും, നൃത്തം ചെയ്യും. പക്ഷേ, ഇപ്പോള്‍ ഒന്നിനും സമയമില്ലാത്തവിധം തിരക്കാണ്. ജി 20 സമ്മേളനത്തിന് എത്തിയപ്പോള്‍ രണ്ട് വര്‍ഷം മുന്‍പാണ് സൗമ്യ പയ്യന്നൂരില്‍ വന്നത്. 1979-ലാണ് രാജേശ്വരന്‍ ഗുജറാത്തില്‍ എത്തിയത്. 1984-ല്‍ വിവാഹം. 1986-ലായിരുന്നു സൗമ്യയുടെ ജനനം. ബിസിനസ് ബന്ധുക്കളെ ഏല്പിച്ച് രാജേശ്വരന്‍ ഇപ്പോള്‍ പയ്യന്നൂരിലാണ് താമസം. സൗമ്യയുടെ ഭര്‍ത്താവ്: ഡോ. റമീസ് നതാനി (ഐ.ടി. കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലണ്ടന്‍). മക്കള്‍: അഹദ്, സെയിന്‍. അമേരിക്കയില്‍ എന്‍ജിനീയറായ ദര്‍ശന്‍ ആര്‍. നായര്‍ സഹോദരനാണ്.