യുകെയില്‍ ഭവന വില ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍
യുകെയില്‍ ഭവന വില ഈ വര്‍ഷം നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും കാരണം വാടക ചെലവുകള്‍ കൂടുന്നതിലൂടെ വര്‍ധനവ് മറികടക്കുമെന്ന് കണക്കുകള്‍ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് വിപണിക്ക് സഹായം ലഭിച്ചേക്കാം, വര്‍ഷാവസാനത്തോടെ ബാങ്ക് നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ച് 3.75% ആക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 14 - 25 തീയതികളില്‍ 20 ഹൗസിംഗ് മാര്‍ക്കറ്റ് വിദഗ്ദ്ധരുമായി നടത്തിയ വോട്ടെടുപ്പില്‍ ഇംഗ്ലണ്ടിലെ ഭവന വില 2025 ല്‍ 4.0% ആയി വര്‍ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
വാങ്ങാനുള്ള വിലയില്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടും, സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉള്ളവര്‍ നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. താഴ്ന്ന മോര്‍ട്ട്ഗേജ് നിരക്കുകളും ഉയര്‍ന്ന ശമ്പളവും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിച്ചേക്കാം. ഉയര്‍ന്ന പ്രോപ്പര്‍ട്ടി വില, പരിമിതമായ ഭവന വിതരണം, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവ പലര്‍ക്കും വിപണിയില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കും. വാടക ചെലവ് വീടിന്റെ വിലയേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിക്കുന്നതിനാല്‍, നിലവില്‍ വാടകയ്‌ക്ക് കഴിയുന്നവര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. ഉയര്‍ന്ന നികുതിയും ദുര്‍ബലമായ സാമ്പത്തിക പശ്ചാത്തലവും സ്വത്ത് മൂല്യങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് എസ്റ്റേറ്റ് ഏജന്‍സിയായ ഹാംപ്ടണ്‍സിലെ അനീഷ ബെവറിഡ്ജ് പറയുന്നു. ലണ്ടനിലെ വാടകയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ദശലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് വാഗ്‌ദാനം ചെയ്തിരുന്നു. കൂടാതെ ഈ വര്‍ഷം വാടകക്കാരുടെ അവകാശ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
കുറഞ്ഞ മോര്‍ട്ട്ഗേജ് നിരക്കുകള്‍, കുറഞ്ഞ സമ്മര്‍ദ്ദ നിരക്കുകള്‍ തുടങ്ങിയ കൂടുതല്‍ ആളുകള്‍ക്ക് ഭവനം വാങ്ങാനുള്ള അവസരം ഉണ്ടാക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് സേവന സ്ഥാപനമായ സിബിആര്‍ഇയില്‍ നിന്നുള്ള സ്കോട്ട് കാബോട്ട് പറഞ്ഞു. ഈ വര്‍ഷത്തേയും അടുത്ത വര്‍ഷത്തേയും പണപ്പെരുപ്പ പ്രവചനങ്ങളില്‍ വര്‍ധനവ് ഉണ്ടായെങ്കിലും ജനുവരി മുതല്‍ സാമ്പത്തിക വിദഗ്ധര്‍ തങ്ങളുടെ പലിശ നിരക്ക് പ്രവചനങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഫെബ്രുവരിയില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 4.5% ആയി കുറച്ചിരുന്നു.
പലിശ നിരക്ക് കുറയ്ക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്‌തത്. ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു.
നിലവില്‍ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകള്‍. 2022 ലെ രണ്ടാം പകുതിയില്‍ 11 ശതമാനമായി ഉയര്‍ന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടര്‍ന്നാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .
എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.