തുടരുന്ന പണപ്പെരുപ്പവും, ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധവും ഇരട്ട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവികളുടെ മുന്നറിയിപ്പ്. പ്രതീക്ഷിക്കുന്ന വിധത്തില്‍ പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയില്ലെന്ന് എംപിമാര്‍ക്ക് മുന്നില്‍ തെളിവ് നല്‍കവെ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഹൗ ഫില്‍ വ്യക്തമാക്കി. കൂടാതെ വിലക്കയറ്റം നേരിടാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
യുഎസില്‍ സുപ്രധാന മാറ്റമാണ് സംഭവിക്കുന്നതെന്ന് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും പറഞ്ഞു. ഇത് ജനങ്ങളുടെ പോക്കറ്റില്‍ എത്തുന്ന പണത്തില്‍ കുറവ് വരുത്തുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 'യുകെ സമ്പദ് വ്യവസ്ഥയ്ക്കും, ലോക സാമ്പത്തിക സ്ഥിതിക്കും ഇത് സൃഷ്ടിക്കുന്ന അപകടം സുപ്രധാനമാണ്', അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പത്തെ ഇപ്പോള്‍ മുകളിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഒന്നുകില്‍ അന്താരാഷ്ട്ര തലത്തിലുള്ളതോ, താല്‍ക്കാലികമോ ആണെന്ന് ബെയ്‌ലി വ്യക്തമാക്കി. വാട്ടര്‍ ബില്ലുകള്‍, ബസ് നിരക്ക്, പ്രൈവറ്റ് സ്‌കൂളിലെ വാറ്റ് എന്നിവ പ്രശ്‌നമാണെങ്കിലും ഇത് നേരിട്ടല്ലാത്ത പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന് ഉറപ്പില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. തൊഴില്‍ വിപണി ദുര്‍ബലമാകുന്ന കാരണത്താല്‍ വേതനങ്ങള്‍ ഉയരാനുള്ള സാധ്യതയെയാണ് ബാധിക്കുക.
കഴിഞ്ഞ മാസമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്നും 4.5 ശതമാനമാക്കി കുറച്ചത്. ഇത് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നടത്തുന്നവര്‍ക്ക് 18 മാസത്തിനിടെ ഏറ്റവും വലിയ ആശ്വാസം നല്‍കുന്ന നീക്കമായി. എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റിന് ശേഷം സാമ്പത്തിക വളര്‍ച്ച മുരടിച്ചത് ഇതില്‍ നിന്നും കൂടുതല്‍ മാറ്റത്തിനുള്ള സാധ്യതയാണ് കുറയ്ക്കുന്നത്.