ഓട്ടിസം കുട്ടികള്‍ക്ക് മിനു ഏലിയാസ് കൂട്ടുകാരിയും അമ്മയും ടീച്ചറും ഒക്കെയാണെങ്കില്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരേസമയം സുഹൃത്തും വഴികാട്ടിയും കേള്‍വിക്കാരിയുമൊക്കെയാണ്. കഴിഞ്ഞ ആറര വര്‍ഷമായി മിനു ഏലിയാസിന്റെ ലോകം ഓട്ടിസം കുട്ടികള്‍ക്കൊപ്പമാണ്. 2018 ഒക്ടോബര്‍ 19ന് സുഹൃത്ത് ജലീഷ് പീറ്ററിനൊപ്പം കോട്ടയം ജില്ലയിലെ കോതനല്ലൂരിലെ ലിസ കാമ്പസില്‍ ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം (ലിസ) സ്ഥാപിക്കുമ്പോള്‍ ഇത്രയുമൊന്നും വിചാരിച്ചിരുന്നില്ലെന്ന് മിനു പറഞ്ഞു.
'സൗഹൃദത്തിലൂടെ, വഴിതെറ്റി ഓട്ടിസം മേഖലയില്‍ വന്നതാണ് ഞാന്‍. എന്തെങ്കിലുമൊക്കെ സമൂഹത്തിന് ചെയ്യണം. തെരഞ്ഞെടുക്കുന്ന മേഖലയില്‍ കയ്യൊപ്പ് രേഖപ്പെടുത്തണം. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ആ മേഖലയില്‍ പ്രവര്‍ത്തിക്കണം, ഇത് മാത്രമേ തുടക്കത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഓട്ടിസം സ്കൂള്‍ എന്ന ഒരു സോഷ്യല്‍ ഇനിഷ്യേറ്റീവിനെക്കുറിച്ച് ജലീഷ് പീറ്റര്‍ സര്‍ എന്നോട് പറയുമ്പോള്‍ എന്റെ മനസ് ശൂന്യമായിരുന്നു, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യം മാത്രം. പക്ഷെ, പിന്നീട് ഞാന്‍ ഓട്ടിസം മേഖലയില്‍ പൂര്‍ണ്ണമായും മനസ്സര്‍പ്പിക്കുകയായിരുന്നു', ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂളിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ മിനു ഏലിയാസ് പറഞ്ഞു.
ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായി ഒരു ബോര്‍ഡിംഗ് സ്കൂള്‍
'സൗഹൃദത്തില്‍ വിരിഞ്ഞ ഒരു സോഷ്യല്‍ ഇനിഷ്യേറ്റീവാണ് ലിസ ഓട്ടിസം സ്കൂള്‍. കരിയര്‍ ഗൈഡന്‍സ് വിദഗ്ധനായ ജലീഷ് പീറ്ററാണ് ലിസ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരിലൊരാള്‍. ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളാണിത്. അതുപോലെ തന്നെ ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ബോര്‍ഡിംഗ് സ്കൂളുമാണിത്. ഇവിടെ എല്ലാ തെറാപ്പികളും സി ബി എസ് ഇ സിലബസില്‍ വിദ്യാഭ്യാസവും സംരംക്ഷണവും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഡേ സ്കൂളും ബോര്‍ഡിംഗ് സ്കൂളും ഒരു കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. 2023 ഏപ്രിലിലാണ് ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിക്കുന്നത്.'- മിനു പറഞ്ഞു.
18 ഓട്ടിസം കുട്ടികള്‍ നോര്‍മല്‍ ലൈഫിലേയ്ക്ക്
കഴിഞ്ഞ ആറര വര്‍ഷത്തിനിടയില്‍ ഓട്ടിസം ബാധിതരായ 18 കുട്ടികളെ നോര്‍മല്‍ ലൈഫിലേയ്ക്ക് മാറ്റാനായതാണ് മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമെന്ന് മിനു പറയുന്നു.'കഴിഞ്ഞ ആറര വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുത്ത പ്രായോഗികമായ അറിവാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഇവിടെ രണ്ടര മുതല്‍ 15 വയസ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ട്. അവര്‍ ഓരോരുത്തരും ഓരോ പ്രത്യേകമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്. ശാസ്ത്രീയവും പ്രായോഗികവുമായി ഒരു മാസത്തെ സമയമെടുത്ത് നടത്തുന്ന അസസ്മെന്റ് കളിലൂടെ തുടങ്ങുന്ന ഞങ്ങളുടെ ശ്രമങ്ങള്‍ മാതാപിതാക്കളില്‍ പുഞ്ചിരി വിടര്‍ത്തുന്നതാണ് ലിസയുടെ നിറവ്. തന്റെ കുട്ടിക്ക് ഓട്ടിസമാണെന്ന് അറിഞ്ഞാല്‍ അതിനെ അംഗീകരിക്കുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. ഓട്ടിസം ഒരു രോഗമല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഒരിയ്ക്കലും മരുന്ന് നല്‍കരുത്. പകരം ഫലപ്രദമായി വേണ്ട തെറാപ്പികള്‍ യഥാവിധി നല്‍കുകയും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുകയും ചെയ്യണം. ഭക്ഷണത്തിലും ക്രമീകരണങ്ങള്‍ ആവശ്യമാണ്.', മിനു ഏലിയാസ് പറഞ്ഞു.
ലിസ ഓട്ടിസം മോഡല്‍
'ഓട്ടിസം കുട്ടികള്‍ക്ക് പ്രത്യേകമായി ഒരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതില്‍ ലിസയുടെ സ്ഥാപകരിലൊരാളും സ്കൂള്‍ ചെയര്‍മാനും കരിയര്‍ ഗൈഡന്‍സ് വിദഗ്ധനുമായ ജലീഷ് പീറ്ററിന്റെ ശ്രമങ്ങള്‍ വളരെ വലുതാണ്. വിവിധ തെറാപ്പികളും സി ബി എസ് ഇ നിലബസിലുള്ള പഠനവും കെയറിംഗും ചേര്‍ത്തുള്ള ഒരു ത്രീ ടയര്‍ സിസ്റ്റമാണ് ഈ പാഠ്യപദ്ധതി. പ്രായോഗികതയിലൂടെ രൂപപ്പെടുത്തിയെടുത്തതിനാല്‍ ലിസ മോഡലിന് ഓട്ടിസം കുട്ടികളില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. ലിസയിലെ കുട്ടികളുടെ മാതാപിതാക്കളും ഹാപ്പിയാണ്', മിനുവിന്റെ വാക്കുകളില്‍ അഭിമാനം.
ഓട്ടിസം കുട്ടികള്‍ക്ക് മിനുവിന്റെ സ്വന്തം മെനു
ഓട്ടിസം മേഖലയില്‍ മിനു ഏലിയാസിന്റെ പ്രധാന സംഭാവനയാണ് ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായി ഡയറ്റീഷ്യന്മാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെ ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത്. 'മിനു ഒരു ഡയറ്റീഷ്യനല്ല. പക്ഷെ, ലിസയിലെ കുട്ടികളെ ഓരോരുത്തരെയും പഠിച്ച്, അവരെ അറിഞ്ഞ് മിനു സ്വയം പഠിച്ചും അറിഞ്ഞും ഡയറ്റീഷ്യന്മാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയും തയ്യാറാക്കിയതാണ് ഈ ഡയറ്റ് പ്ലാന്‍. ആദ്യം എന്നോട് സംസാരിച്ചപ്പോള്‍ എനിക്കും ഇതിനോട് യോജിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷെ, പിന്നീട് എനിക്കും ഇത്തരത്തിലൊരു മെനുവിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു. ഓരോ ദിവസത്തെയും വിവിധ സമയങ്ങളിലെ കുട്ടികളുടെ ഭക്ഷണ രീതികളും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി, അതിന് അനുസൃതമായാണ് മിനു ലിസയിലെ മെനു തയ്യാറാക്കിയിരിക്കുന്നത്. ഓരോ കുട്ടികള്‍ക്കും ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും നിയന്ത്രണങ്ങളിലും രീതിശാസ്ത്രങ്ങളിലും സാമ്യമുണ്ട്. ഇന്ന് ലിസയിലെ കുട്ടികളുടെ വിജയത്തില്‍ മിനു തയ്യാറാക്കിയ ഭക്ഷണ മെനു ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു'-, ജലീഷ് പീറ്റര്‍ പറഞ്ഞു.
തണല്‍ പദ്ധതി
ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കള്‍ക്ക് സൗജന്യ ഗൈഡന്‍സ് നല്‍കുന്നതിനുമായി ലിസ ആവിഷ്കരിച്ച തണല്‍ പദ്ധതിയുടെ ചുമതലയും മിനുവിനാണ്. 'എത്ര സമയം വേണമെങ്കിലും ക്ഷമയോടെ ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിരിക്കുവാനും അവര്‍ക്ക് ഗൈഡന്‍സ് നല്‍കാനും എനിക്ക് ഇഷ്ടമാണ്. അവരെ കേള്‍ക്കുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്നറിഞ്ഞ് വര്‍ദ്ധിച്ച ആധിയോടെയും ദുഃഖത്തോടെയുമെത്തുന്നവരെ ആദ്യം ഞാന്‍ കേള്‍ക്കും, പിന്നീട് എനിക്ക് അറിയാവുന്ന വിധത്തില്‍ അവരെ സഹായിക്കുവാന്‍ ശ്രമിക്കും', മിനു പറഞ്ഞു.
വഴിതെറ്റി എത്തിയെങ്കിലും വഴിവെട്ടി മുന്നേറി
ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കണമെന്നതാണ് മിനുവിന്റെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ്. ഓട്ടിസം മേഖലയില്‍ വഴിതെറ്റി എത്തിയതാണെങ്കിലും 18 ഓട്ടിസം കുട്ടികള്‍ക്ക് നോര്‍മല്‍ ലൈഫിലേയ്ക്ക് വഴി വെട്ടുവാന്‍ മിനുവിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല, വലിയ വിജയം തന്നെയാണ്.
കുടുംബം
പാമ്പാക്കുട സ്വദേശിനിയായ മിനുവിന്റെ ഭര്‍ത്താവ് ലതീഷ് സി. വി. ഐ. ടി. കമ്പനി ഉദ്യോഗസ്ഥനാണ്. മകന്‍: അയാന്‍ മില.
കൂടുതല്‍ വിവരങ്ങള്‍ക്ക് മിനു ഏലിയാസ് @ 9074446124