മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാന്‍സര്‍ ഹോസ്പിറ്റലിന്റെ ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമായി സാഹസ യാത്രയ്‌ക്കൊരുങ്ങുകയാണ് സാബു ചാക്കോ, ഷോയി ചെറിയാന്‍, റെജി തോമസ്, ബിജു പി മാണി എന്നിവര്‍. ഈ ഈ സാഹസിക യാത്ര മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള മോസ് നൂക്ക് ഇന്‍ഡ്യന്‍ റസ്റ്റോറന്റ് പരിസരത്തു നിന്നും ഏപ്രില്‍ 14 ന് രാവിലെ പതിനൊന്നിനും 12നും ഇടയില്‍ ആരംഭിക്കും.
ഫ്‌ലാഗ് ഓഫ് ചെയ്യുവാന്‍ രാഷട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ എത്തിച്ചേരും. ജെന്‍ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്‌സിംഗ് ഓഫീസര്‍, ദി ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ആശംസകളറിയിക്കാന്‍ എത്തിച്ചേരും.
വളരെ നാളുകളായി ആഗ്രഹിച്ചു കൊണ്ടിരുന്ന ഈ യാത്രയ്ക്കായി ഒരു വര്‍ഷത്തിലധികമായി ഇവര്‍ നാലു പേരും ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഏപ്രില്‍ പതിനാലാം തീയതി ആരംഭിക്കുന്ന സാഹസിക യാത്ര സൂര്യനസ്തമിക്കാത്ത ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിലെ മാഞ്ചസ്റ്ററില്‍ നിന്നും ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് ,ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്‌നിയ, മോണ്ടനോഗ്രോ, സെര്‍ബിയ, റൊമാനിയ, ടര്‍ക്കി, ജോര്‍ജിയ, റഷ്യ, ഖസാക്കിസ്ഥാന്‍, ചൈന, തുടര്‍ന്ന് നേപ്പാളിലൂടെ ഇന്ത്യയില്‍ എത്തി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) കേരളത്തില്‍ ഏകദേശം 60 ദിവസങ്ങള്‍ കൊണ്ട് രണ്ട് കോണ്ടിനെന്റുകള്‍ 20 രാജ്യങ്ങള്‍ സഞ്ചരിച്ചാണ് എത്തിച്ചേരുന്നത്. ഏതാനും ദിവസങ്ങളുടെ വിശ്രമ ശേഷം കേരളത്തില്‍ നിന്നും തിരിച്ച് 2025 ഓഗസ്റ്റ് ഇരുപതാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററില്‍ എത്തുന്ന ഒരു യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങള്‍ കാണുവാനും അവരുടെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കുവാനും സാധിക്കും എന്നുള്ള ഒരു വലിയ ആത്മവിശ്വാസമാണ് യാത്രികരായ നാലു പേരെയും ഈ സാഹസിക യാത്രയ്ക്ക് പ്രചോദനമാകുന്ന മറ്റൊരു കാരണം.
അതേസമയം, അനേകായിരം ക്യാന്‍സര്‍ രോഗികള്‍ക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്ററിലെ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ആയ ക്രിസ്റ്റി ഹോസ്പിറ്റലിലേക്കുള്ള ഒരു ഫണ്ട് റൈസിംഗ് ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഇതിനോടൊപ്പം ഉള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കുവാന്‍ എല്ലാ നല്ലവരായവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഏതു തുകയും ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചാരിറ്റി അക്കൗണ്ടിലേക്ക് നേരിട്ട് ആയിരിക്കും പോകുന്നത്. സാഹസിക യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഈ അക്കൗണ്ടിലേക്ക് ഒരു തരത്തിലുമുള്ള ആക്സസ് ഉണ്ടായിരിക്കുന്നതല്ല. ഇവരുടെ നാല് പേരുടേയും സാഹസികയാത്ര യാത്രകളെ സ്‌നേഹിക്കുന്ന യാത്രാനുരാഗികള്‍ക്ക് ഒരു പ്രചോദനവും പ്രോത്സാഹനവുമായി തീരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്
സാഹസ കാര്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്ന സ്ഥലത്തിന്റെ വിലാസം:-
Moss Nook Indian Restaurant,
22 Trenchard Drive, Wythenshawe, Manchester M22 5NA.