പത്തനംതിട്ട: രണ്ടാഴ്‌ച മുന്‍പ് അവധിക്ക് നാട്ടിലെത്തി, ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നഴ്സ് അപകടത്തില്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി വര്‍ഗീസിന്റെ ഭാര്യ ലീനു എല്‍ദോസ് (35) ആണ് മരിച്ചത്. കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ലീനുവും ഭര്‍ത്താവും സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു. എംസി റോഡില്‍ പന്തളം തോന്നല്ലൂര്‍ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
തൊടുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. തിങ്കളാഴ്‌ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് ലീനു പട്ടാഴിയിലെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടന്നുവന്ന ബസിന്റെ പിന്‍ഭാഗം തട്ടി ലീനു ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ലീനുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ എല്‍ദോസിന് നിസാര പരിക്കേറ്റു. മസ്‌കറ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്‌ച മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. പട്ടാഴി മീനം സ്വാമി നഗറില്‍ സായകത്തില്‍ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.