ബ്രിട്ടന്റെ മറ്റ് മതങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മറ്റ് മതങ്ങളില്‍ പെട്ടവരെ ബഹുമാനിക്കാന്‍ വാര്‍ഷിക ഈസ്റ്റര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയ പ്രൈമറി സ്‌കൂള്‍ നടപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
സ്‌കൂളിന്റെ പ്രഖ്യാപനം നാണക്കേടും, വ്യാജവുമാണെന്ന ആരോപണങ്ങള്‍ക്ക് പുറമെ ഇനി ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്ന അവസ്ഥ വരുമെന്ന ആശങ്കകളുമാണ് വ്യാപിക്കുന്നത്. ഹാംപ്ഷയറിലെ ഈസ്റ്റ്‌ലെയിലുള്ള നോര്‍വുഡ് പ്രൈമറി സ്‌കൂളാണ് മാതാപിതാക്കള്‍ക്കും, കെയറര്‍മാര്‍ക്കും ഈ വര്‍ഷം ഈസ്റ്റര്‍ ബോണെറ്റ് പരേഡും, ഈസ്റ്റര്‍ സര്‍വ്വീസും ഉണ്ടാകില്ലെന്ന് അറിയിച്ച് കത്ത് അയച്ചത്.
വൈവിധ്യങ്ങളോടുള്ള സ്‌കൂളിന്റെ ബഹുമാനം കാണിക്കാനാണ് ഈസ്റ്റര്‍ പരിപാടികള്‍ റദ്ദാക്കുന്നതെന്ന് ഹെഡ്ടീച്ചര്‍ സ്റ്റെഫാനി മാന്‍ഡര്‍ ന്യായികരിച്ചു. കൂടാതെ സ്‌കൂളില്‍ എല്ലാവരെയും സ്വീകരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രധാന അധ്യാപികയുടെ നിലപാട്.
ചില പ്രത്യേക മതങ്ങളുടെ മാത്രം ആഘോഷങ്ങള്‍ നടത്താതെ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്താനും, കുട്ടികളുടെയും, കുടുംബങ്ങളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കാനുമാണ് ഈ തീരുമാനമെന്ന് കത്തില്‍ വ്യക്തമാക്കി. 3 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള മിക്‌സഡ് പ്രൈമറി സ്‌കൂളാണ് നോര്‍വുഡ് പ്രൈമറി സ്‌കൂള്‍.
എന്നാല്‍ വാര്‍ത്ത പരന്നതോടെ ഇനി സ്‌കൂള്‍ ക്രിസ്മസും റദ്ദാക്കുമോയെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം സ്‌കൂളില്‍ ജൂണ്‍ മാസത്തെ അഭയാര്‍ത്ഥി വാരാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.