സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
ബജറ്റില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലേബര്‍ ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 10,000 സിവില്‍ സര്‍വ്വീസ് ജോലികളാണ് വെട്ടിച്ചുരുക്കുകയെന്ന് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. മഹാമാരി കാലത്ത് കുതിച്ചുയര്‍ന്നവയാണ് വെട്ടിനിരത്തുക.
ചില വകുപ്പുകളിലെ ബാക്ക് ഓഫീസ് ജോലികള്‍ കുറച്ച് ഫ്രണ്ട്‌ലൈനിലേക്കുള്ള പണം കണ്ടെത്താന്‍ കഴിയുമെന്ന് റീവ്‌സ് പറഞ്ഞു. ബുധനാഴ്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നല്‍കുമ്പോള്‍ തന്റെ ചെലവ് ചുരുക്കല്‍ നടപടികളെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താനാണ് ചാന്‍സലര്‍ ഒരുങ്ങുന്നത്. നികുതി വീണ്ടും വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് ഗവണ്‍മെന്റ് ജോലികള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ചുള്ള പദ്ധതി.
എന്നാല്‍ ഈ നീക്കത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് കൂടി ചാന്‍സലര്‍ വ്യക്തമാക്കണമെന്ന് എഫ്ഡിഎ യൂണിയന്‍ ആവശ്യപ്പെട്ടു. പൊതുസേവനങ്ങളിലുള്ള പ്രത്യാഘാതത്തെ കുറിച്ച് സത്യസന്ധത പുലര്‍ത്തേണ്ടതുണ്ടെന്ന് യൂണിയന്‍ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെയാണ് പതിനായിരം ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചത്. കൊവിഡ് കാലത്ത് സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അത് ആവശ്യമായിരുന്നു. എന്നാല്‍ എക്കാലത്തേക്കും ഇവരെ നിലനിര്‍ത്തേണ്ട കാര്യവുമില്ല, ചാന്‍സലര്‍ പറയുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ് എന്നിവയില്‍ ഉള്‍പ്പെടെ ബാക്ക് ഓഫീസ് ജോലികള്‍ വെട്ടിക്കുറയ്ക്കണമെന്ന നിലപാടിലാണ് റേച്ചല്‍ റീവ്‌സ്.