കെയറര്‍ വീസകള്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമ പരിഷ്‌കാരങ്ങളുമായി യുകെ സര്‍ക്കാര്‍ . ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിദേശത്തുനിന്നുള്ള കെയര്‍ വര്‍ക്കേഴ്‌സിന്റെ നിയമനം പൂര്‍ണമായും തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും 50000 കെയറര്‍മാര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകള്‍ കുറയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളതെന്നാണ് സൂചന.
കെയര്‍ മേഖലയില്‍ ഇപ്പോഴും ധാരാളം തൊഴില്‍ സാധ്യതകളുണ്ടെങ്കിലും ഇതു പരിഹരിക്കാന്‍ ഹോം ഉടമകള്‍ ബ്രിട്ടീഷ് വംശജരെ ആശ്രയിക്കുകയോ അല്ലെങ്കില്‍ നിലവില്‍ ബ്രിട്ടനിലുള്ള വിദേശ വീസക്കാര്‍ക്ക് എക്‌സ്റ്റന്‍ഷന്‍ നടപടികള്‍ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ് കൂപ്പര്‍ പറയുന്നു.
സര്‍ക്കാരിന്റെ ലക്ഷ്യം വര്‍ഷം തോറുമുള്ള കുടിയേറ്റ നിരക്ക് കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ വീസകള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉയര്‍ത്തുന്നതും ശമ്പള പരിധി വര്‍ധിപ്പിക്കുന്നതും പുതിയ നിയമത്തില്‍ ഉള്‍പ്പെടും. കുറഞ്ഞ തൊഴില്‍ ലഭ്യതയുള്ള ലിസ്റ്റിലുള്ള ജോലികള്‍ ചുരുക്കം ചില മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുമെന്നും ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ത്ഥികളുടേയും ബിരുദധാരികളുടേയും കാര്യത്തിലും നിലവിലുള്ള നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരും. 2023 ആഗസ്തില്‍ 18300 കെയര്‍ വീസ അപേക്ഷകളാണ് ആഭ്യന്തര ഓഫീസിന് ലഭിച്ചത്. എന്നാല്‍ കെയറര്‍മാര്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ കഴിയില്ലെന്ന നിയമം വന്നതോടെ ഈ വര്‍ഷം ഏപ്രില്‍ മാസത്തിലിത് 1700 ആയി കുറഞ്ഞു. നിയമങ്ങളിലെ ഈ മാറ്റത്തിലൂടെ മാത്രമേ കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് കൂടുതല്‍ ശക്തമായ നിയമ നിര്‍മ്മാണത്തിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്.
കുടിയേറ്റ വിരുദ്ധ വികാരം ഉയര്‍ത്തി രാഷ്ട്രീയ മുന്നേറ്റം നേടുന്ന റിഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച മറ്റ് പാര്‍ട്ടികള്‍ക്ക് സമ്മര്‍ദ്ദമായിരിക്കുകയാണ്.
യുകെയുടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഗ്രാജുവേറ്റ് ലെവലില്‍ താഴെയുള്ള ജോലികളില്‍ എത്തുന്ന വിദേശ സ്‌കില്‍ഡ് ജോലിക്കാരുടെ വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഹോം ഓഫീസും രംഗത്തുവന്നു.
നിലവില്‍ ലെവല്‍ 3, അതായത് ഏകദേശം എ-ലെവല്‍ നിലവാരത്തിലുള്ള ജോലികള്‍ക്കും സ്‌കില്‍ഡ് വിസാ പരിധിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഇനി റെഗുലേറ്റഡ് ക്വാളിഫിക്കേഷന്‍സ് ഫ്രേംവര്‍ക്ക് പ്രകാരമുള്ള ആറ് പോയിന്റിലേക്കാണ് ഉയര്‍ത്തുക. ഇത് പ്രകാരമാകും സ്റ്റാന്‍ഡേര്‍ഡ് സ്‌കില്‍ഡ് വിസ നല്‍കുക, ഇത് ഡിഗ്രിക്ക് തുല്യമായി മാറുകയാണ് ചെയ്യുന്നത്.
ആര്‍ക്യുഎഫ് 6ന് താഴെയുള്ള ജോലികള്‍ക്കായി എത്തുന്നവര്‍ക്ക് പരിമിതമായ കാലത്തേക്കാണ് രാജ്യത്ത് പ്രവേശനം അനുവദിക്കുകയെന്ന് ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. വ്യവസായ മേഖലകളില്‍ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ മാത്രമാണ് ഇത് ലഭിക്കുക.
കൂടാതെ വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ഈ മേഖലയിലെ എംപ്ലോയേഴ്‌സ് തങ്ങള്‍ ആഭ്യന്തര റിക്രൂട്ട്‌മെന്റും, സ്‌കില്ലുകളും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും തെളിയിക്കണം. ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രണവിധേയമാക്കാനുള്ള ശക്തമായ നടപടിയാണ് ഇതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രതികരിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറച്ച് ആഭ്യന്തര പരിശീലനവും, തൊഴില്‍യോഗ്യതകളും മെച്ചപ്പെടുത്തി സാമ്പത്തിക വളര്‍ച്ച സമ്മാനിക്കുകയാണ് ഉദ്ദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.