ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ബ്ലാക് മെയ്‌ലിങ് അതിവിടെ ചെലവാകില്ലെന്നും പാകിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മിപ്പിച്ചത്തിനു പിന്നാലെ വീണ്ടും പാക് പ്രകോപനം. എന്തായാലും ഇന്ത്യന്‍ സേനയുടെ ഇടപെടല്‍ കാരണം അവയെല്ലാം തകര്‍ത്തു. 10 സ്ഥലങ്ങളിലായി പരന്ന പാക് ഡ്രോണുകളാണ് ലക്ഷ്യത്തിലെത്തും മുമ്പ് ഇന്ത്യന്‍ സേന തകര്‍ത്തത്. ഇനി പ്രകോപനം ഉണ്ടാകില്ല എന്ന വാക്ക് തെറ്റിച്ചുകൊണ്ട് പാകിസ്ഥാന്‍ വീണ്ടും ആക്രമണം തുടര്‍ന്നപ്പോള്‍ ജമ്മു കശ്മീരിലെ സാംബയിലടക്കം ആണ് ആക്രമണം ഉണ്ടായത്.
സാംബയിലെ പാക് പ്രകോപനം ഇന്ത്യന്‍ സേന ചെറുക്കുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. വാര്‍ത്ത ഏജന്‍സി ആയ എഎന്‍ഐ പുറത്തുവിട്ട ഈ വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. എന്തായാലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബ്ലാക്ക് ഔട്ട് തുടരുകയാണ്.
അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു. ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കാന്‍ പ്രതിരോധ സേനയ്ക്ക് സാധിച്ചു. ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി. പാക് ഡ്രോണുകളും മിസൈലുകളും നമ്മള്‍ തകര്‍ത്തു. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ഭയന്നുപോയി. ലോകം മുഴുവന്‍ രക്ഷ തേടുകയായിരുന്നു അവര്‍.
സേനകള്‍ കാട്ടിയത് അസാമാന്യ ധൈര്യമെന്ന് പറഞ്ഞ മോദി സൈന്യത്തെ ഒന്നടങ്കം പ്രശംസിക്കുകയും ചെയ്തു. പഹല്‍ഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമ്മമാര്‍ക്കും, ഭാര്യമാര്‍ക്കും ,കുഞ്ഞുങ്ങള്‍ക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേര്‍ പിടഞ്ഞുവീണ് മരിച്ചത്. മതത്തിന്റെ പേരിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കടന്നു കയറി ഇന്ത്യ മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയൊരു ആക്രമണം ഭീകരര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്ത് നിന്ന് നമ്മള്‍ മായ്ച്ചുകളഞ്ഞു എന്നും തിരിച്ചടിയില്‍ ഭയന്ന പാകിസ്ഥാന്‍ ലോകം മുഴുവന്‍ രക്ഷ തേടി നടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂര്‍ണ വിരാമമായെന്ന് കരുതരുത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകര്‍ക്കുമെന്നും മോദി പറഞ്ഞു.
തിരിച്ചടിയില്‍ പാകിസ്ഥാന്‍ ഭയന്നു. നിവര്‍ത്തിയില്ലാതെ അവര്‍ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവില്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചു. യുദ്ധത്തോട് ഇന്ത്യക്ക് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനുമായി ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കുമെന്നും മോദി പറഞ്ഞു.