നാട്ടുവാര്‍ത്തകള്‍

നവീന്‍ ബാബുവിന്റെ മരണം: സിബിഐ വരുന്നു; സിപിഎമ്മിന് തിരിച്ചടി

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറും. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും കണ്ടു നിവേദനം നല്‍കി. ആവശ്യം അംഗീകരിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞതായി നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.

'നിങ്ങളുടെ കുടുംബത്തിന്റെ തീരുമാനമാണ് ഈ സര്‍ക്കാരിന്റെ തീരുമാനം' എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയായിരുന്നു. റാന്നി എം.എ.എല്‍. അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് നവീന്‍ ബാബുവിന്റെ കുടുംബം നിവേദനം സമര്‍പ്പിച്ചത്. കുടുംബത്തിലെ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കാമെന്ന് ഇന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതായും വിവരമുണ്ട്.

'കേരള സമൂഹവും ഞങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണ് നിക്ഷ്‌പക്ഷവും നീതിയുക്തവും ശാസ്‌ത്രീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നുള്ളത്. അന്വേഷണത്തിന് വേണ്ട നടപടികളെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്' - പ്രവീണ്‍ ബാബു പറഞ്ഞു. നേരത്തെ കോടതി വഴി സിബിഐ അന്വേഷണത്തിന് കുടുംബം ശ്രമിച്ചെങ്കിലും തള്ളപ്പെടുകയായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌താല്‍സിബി ഐ അന്വേഷണം ഏറ്റെടുക്കും.

നേരത്തേ പ്രത്യേക അന്വേഷണ സംഘമാണ് നവീന്‍ ബാബുവിന്റെ കേസ് അന്വേഷിച്ചിരുന്നത്. ഈ അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് നേരത്തെ മഞ്ജുഷ കൊടുത്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന്‍ മറച്ചുപിടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞില്ല. സമ്പൂര്‍ണ്ണ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞില്ല.കേസില്‍ പ്രതിഭാഗത്തെ സഹായിക്കാനാണ് വിജിലന്‍സ് വകുപ്പ് ഇടപെട്ടതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു .

കേസില്‍ എസ്ഐടി നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. റവന്യൂ മന്ത്രിയെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിയെ സഹായിക്കാനാണ്. പി പി ദിവ്യയുടെ ബിനാമിയാണ് പെട്രോള്‍ പമ്പ് ലൈസന്‍സ് നേടാന്‍ ശ്രമിച്ച പ്രശാന്തന്‍. ഇതാണ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ തിരിയാന്‍ കാരണം. പെട്രോള്‍ പമ്പ് നടത്താനുള്ള ആസ്തി പ്രശാന്തനില്ല. ആശുപത്രി ജീവനക്കാരനായ പ്രശാന്തന് പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല. പി പി ദിവ്യയും പ്രശാന്തനുമായുള്ള ബന്ധം എസ്ഐടി അന്വേഷിച്ചില്ല. ഇത് അന്വേഷണത്തിലെ വീഴ്ചയെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം തെറ്റെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി എസ്ഐടി പ്രത്യേക അന്വേഷണം നടത്തിയില്ല . പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്ഐടി അന്വേഷിച്ചില്ല. മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

സിബിഐയുടെ വരവ് കണ്ണൂരിലെ സിപിഎം നേതൃത്വത്തിനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും കടുത്ത തിരിച്ചടിയാവും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കുടുംബത്തിന്റെ വാദങ്ങള്‍ സിബിഐ വിശദമായി പരിശോധിക്കും.


ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ രേഖകളും പുനഃപരിശോധിക്കുന്നതോടെ പി.പി. ദിവ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍ കടുത്ത നിയമനടപടികള്‍ ഉണ്ടാകും. പിണറായിയുടെ ഓഫീസിലെ പി ശശിയുടെ സഹായം ദിവ്യയ്ക്ക് ലഭിച്ചു എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ അന്വേഷണം വഴിപാട് പോലെ നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ദിവ്യക്കൊപ്പമായിരുന്നു. ഇതിന്റെ പേരില്‍ പത്തനംതിട്ട ജില്ലാ നേതൃത്വം പരസ്യമായി രംഗത്തുവന്നിരുന്നു.

  • 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
  • കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
  • ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  • ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions