യു.കെ.വാര്‍ത്തകള്‍

ശമ്പള വര്‍ധനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്റ്മാര്‍ സമരത്തിലേക്ക്

ശമ്പള വര്‍ധനവിനും പെന്‍ഷനുമായി സമരം ചെയ്യുന്നതിന് അനുകൂലമായി ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് കണ്‍സള്‍ട്ടന്റുമാര്‍ വോട്ട് ചെയ്തു. ബി എം എ അംഗങ്ങളായ 76 ശതമാനത്തോളം വരുന്ന മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടുത്ത 12 മാസക്കാലയളവില്‍ സമരം ചെയ്യുന്നതിനുള്ള തീരുമാനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മൂന്ന് വര്‍ഷമായി നടക്കുന്ന സമരങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് റെസിഡന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ നല്‍കിയ പേ ഡീല്‍ അംഗീകരിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ സീനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്.

ശമ്പളവും പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയാല്‍ സമരം ആവശ്യമായി വരില്ലെന്നും ബി എം എ പറഞ്ഞു. 35,067 അംഗങ്ങള്‍ ഉള്ളതില്‍ 18,069 (51.53 ശതമാനം) പേരാണ് വോട്ടിംഗില്‍ പങ്കെടുത്തത്. അതില്‍ 13,695 പേര്‍ സമരത്തിന് അനുകൂലമായി വോട്ടു ചെയ്തു. കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിന് തയ്യാറാണെന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ബി എം എ പറഞ്ഞു. എന്നാല്‍, ഉയര്‍ന്ന നിരക്കില്‍ ശമ്പളം കിട്ടുന്ന വിഭാഗങ്ങളില്‍ ഒന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ എന്നും, രാജ്യത്തെ ഏറ്റവുമധികം പണം സമ്പാദിക്കുന്ന 2 ശതമാനം പേരില്‍ ഇവര്‍ ഉള്‍പ്പെടുന്നു എന്നും ചൂണ്ടിക്കാട്ടിയ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി ജെയിംസ് മുറേ ഈ സമരം ന്യായീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടയില്‍ 28.5 ശതമാനം വര്‍ധനവാണ് ഇവര്‍ക്ക് ലഭിച്ചത്. നിലവില്‍ ഒരു ശരാശാരി കണ്‍സള്‍ട്ടന്റ് പ്രതിവര്‍ഷം 1,52,000 പൗണ്ടിലേറെ നേടുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, രോഗികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കാനുള്ള സമരത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചു.

നിലവില്‍ ഒന്നര ലക്ഷം പൗണ്ടിലധികം വാര്‍ഷിക ശമ്പളം കൈപ്പറ്റുന്ന കണ്‍സള്‍ട്ടന്റ്മാര്‍ ആവശ്യപ്പെടുന്നത് 11 ശതമാനം ശമ്പള വര്‍ദ്ധനവാണ്. വെയില്‍സില്‍ നിലവിലുള്ള ശമ്പളത്തിനോട് തുല്യമാക്കണം ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റുമാരുടെ ശമ്പളവും എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ശമ്പളത്തില്‍ 2008 ന് ശേഷം 26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറയുന്നു. അതുപോലെ പ്രവൃത്തി സമയം കുറച്ച് പ്രതിവാരം 35 മണിക്കൂര്‍ ആക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വെയില്‍സിലെ കണ്‍സള്‍ട്ടന്റുമാര്‍ പ്രതിവാരം 37.5 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സ്‌കോട്ട്‌ലാന്‍ഡില്‍ അത് 36 മണിക്കൂറാണ്.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions