യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ

ബ്രിട്ടനിലെ റീട്ടെയില്‍ കടകളിലെ വിലക്കയറ്റം ഓഗസ്തില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് ഭക്ഷ്യ വില ഉയരാന്‍ ഒരു കാരണമാണ്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിനായി ഗവേഷണ സ്ഥാപനമായ എന്‍ഐക്യു നടത്തിയ പഠനമനുസരിച്ച്, ആഗസ്റ്റിലെ ഇന്‍-സ്റ്റോര്‍ വിലക്കയറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 0.9 ശതമാനമായിരുന്നു.ടിന്നിലടച്ചതും പാക്ക് ചെയ്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് പ്രധാന വര്‍ധന. ജൂലൈയിലെ 1.1 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2.5 ശതമാനമായി ഉയര്‍ന്നു.

ചൂടും വരള്‍ച്ചയും മൂലം കര്‍ഷകര്‍ നേരിട്ട പ്രതിസന്ധിയും ഉയര്‍ന്ന ഇന്ധന, ഊര്‍ജ ചെലവുകളും കാരണം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഫ്രഷ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 3 ശതമാനമായി തുടര്‍ന്നു. ജൂലൈയിലെ 3.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവാണിത്.

ഉയര്‍ന്ന ഊര്‍ജ, ഉല്‍പ്പാദന, ചരക്ക് ചെലവുകളുടെ പ്രതിഫലനം ഇപ്പോള്‍ ഉല്‍പ്പന്നവിലകളില്‍ പ്രകടമാകാന്‍ തുടങ്ങിയതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത് സംസ്‌കരിക്കുന്ന ഭക്ഷ്യവസ്തുക്കളിലാണ് ഇതിന്റെ സ്വാധീനം കൂടുതലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, എഐ മേഖലയിലെ വന്‍ ഡിമാന്‍ഡ് മെമ്മറി ചിപ്പുകളുടെയും ഡാറ്റ സ്റ്റോറേജിന്റെയും വില ഉയര്‍ത്തിയതോടെ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിച്ചു. എന്നാല്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ വസ്ത്രങ്ങളുടെ വില റീട്ടെയിലര്‍മാര്‍ താഴ്ന്ന നിലയില്‍ നിലനിര്‍ത്തിയതായി ഡിക്കിന്‍സണ്‍ പറഞ്ഞു.വരാനിരിക്കുന്ന മാസങ്ങള്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഉയരുന്ന ബില്ലുകള്‍ കുടുംബ ബജറ്റുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.

ഉയര്‍ന്ന ഊര്‍ജ ബില്ലുകള്‍ പ്രതീക്ഷിച്ച് കുടുംബങ്ങള്‍ ചെലവഴിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ ശരത്കാല മാസങ്ങളില്‍ റീട്ടെയിലര്‍മാര്‍ തമ്മിലുള്ള വിലമത്സരം ശക്തമാകുമെന്ന് എന്‍ഐക്യു യുടെ റീട്ടെയിലര്‍ ഇന്‍സൈറ്റ് വിഭാഗം മേധാവി മൈക്ക് വാട്കിന്‍സ് പറഞ്ഞു.

ചൂടും വരള്‍ച്ചയും വിളവിനെ ബാധിച്ചതിനെ തുടര്‍ന്ന് ചില ഫ്രഷ് ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയരാന്‍ തുടങ്ങിയതായി അസ്ഡ മേധാവി അലന്‍ ലൈറ്റണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോതമ്പും ബാര്‍ലിയും ഉള്‍പ്പെടെയുള്ള ധാന്യങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോക്തൃ വിലക്കയറ്റം ജൂലൈയില്‍ 2.9 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലെ 2.6 ശതമാനത്തില്‍ നിന്നുള്ള വര്‍ധനയ്ക്ക് ഗ്യാസ്, വൈദ്യുതി വിലയിലെ ഉയര്‍ച്ച പ്രധാന കാരണമായി. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള ഊര്‍ജവില വര്‍ധനയും വിലക്കയറ്റത്തെ സ്വാധീനിച്ചു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions