ഇന്റര്‍വ്യൂ

എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന


മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ലെന. രണ്ടു പതിറ്റാണ്ടായി മുഖ്യധാരയില്‍ നില്‍ക്കുന്നു. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ . ഹിന്ദിയും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയിലും ബിസിനസിലും മുന്നേറുന്ന ലെന മനസ് തുറക്കുന്നു.


സിനിമയിലെത്തിയിട്ട് അടുത്ത ഫെബ്രുവരിയില്‍ 20 വര്‍ഷം തികയുകയാണ്. എങ്ങിനെയാണ് സിനിമയിലെത്തിയത്?

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ജയരാജിന്റെ് സ്നേഹം എന്ന സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തതാണ്. പ്ലസ് വണില്‍ പഠിക്കുമ്പോഴായിരുന്നു അത്. പിജിക്ക് ശേഷം അഭിനയം മൂന്നുവര്‍ഷത്തോളം നിര്‍ത്തിയിരുന്നു. അതിനുശേഷമാണ് സീരിയല്‍ വഴി വീണ്ടും അഭിനയലോകത്തെത്തുന്നത്.


ഇന്നത്തെ സീരിയലുകള്‍ അപകടകരമായ മെസേജുകള്‍ നല്‍കുന്നതായും മറ്റും ഏറെ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്? .

ഞാന്‍ അഭിനയിച്ച സീരിയല്‍ എടുത്തുനോക്കിയാല്‍ അറിയാന്‍ പറ്റും അതെത്രത്തോളം നല്ലതായിരുന്നു എന്ന്. ഒരു തെറ്റായ മെസേജും നല്‍കുന്നതായിരുന്നില്ല അവ. നല്ല മൂല്യവും നിലവാരവും ഉള്ളവയാണ്. സിനിമ പോലെ തന്നെ സീരിയലുകള്‍ സ്വാധീനിക്കാന്‍ പറ്റുന്നതാണ്. നന്മ മറ്റുള്ളവരിലേക്ക് പകരാന്‍ പറ്റിയ മീഡിയമാണ് സീരിയല്‍. നിലവിലുള്ള രീതി എന്താണെന്നുവെച്ചാല്‍, ഒരിക്കല്‍ വിജയിച്ചാല്‍ അത് ആവര്‍ത്തിക്കുന്ന പ്രവണതയാണ് പിന്തുടരുന്നത്. അതാണ് ഇത്തരത്തില്‍ സീരിയല്‍ രംഗം മാറാന്‍ കാരണം.


സിനിമ, വായന... അതുകഴിഞ്ഞാല്‍..?

ഒഴിവുസമയങ്ങളില്‍ ഹാന്‍ഡിക്രാഫ്റ്റ്ചെയ്യുന്ന ആളാണ്. മുഖംമൂടി ഉണ്ടാക്കും കോണ്‍ക്രീറ്റ് കൊണ്ട് ക്രാഫ്റ്റ് ഉണ്ടാക്കും. ഇതിനൊക്കെ സമയം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അത്യാവശ്യം യാത്രചെയ്യുന്ന കൂട്ടത്തിലാണ്. എന്റെ യാത്രകള്‍ മിക്കവാറും ജോലിയുടെ ഭാഗമായോ ഫ്രണ്ട്സിന്റെ കൂടെയോ ഉള്ള പെട്ടെന്നു തീരുമാനിച്ച യാത്രകളാവും. ട്രക്ക് ചെയ്യാറുണ്ട്.


പല അഭിനേതാക്കളും ഇപ്പോള്‍ എഴുത്തിന്റെ മേഖലയിലും കൈവെക്കുന്നുണ്ട്. എഴുതാന്‍ ശ്രമിക്കാറുണ്ടോ?

സംസാരത്തില്‍ വ്യക്തമായി പ്രകടിപ്പിക്കാനാവും എന്നതൊഴിച്ചാല്‍ എഴുത്ത് എനിക്ക് പറ്റാത്ത മേഖലയാണ്. എന്റെ ചിന്തകള്‍ പോകുന്ന വേഗതയില്‍ എനിക്കെഴുതാന്‍ പറ്റില്ല. വ്യത്യസ്തമായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കാറുണ്ട്. ഇനി എന്നെങ്കിലും എഴുതുമോ എന്നറിയില്ല.


സിനിമയില്‍ മറ്റു മേഖലകളേക്കാള്‍ സ്ത്രീപുരുഷ വേര്‍തിരിവ് പ്രകടമാണല്ലോ?

നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഹീറോയെയും ഹീറോയിനെയും തീരുമാനിക്കുന്നത് എന്തൊക്കെയോ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. ഇപ്പോള്‍ മലയാള സിനിമാമേഖലയില്‍ കാണുന്ന സ്ത്രീ മുന്നേറ്റങ്ങളൊക്കെ നല്ല കാര്യമാണ്. എന്നാല്‍ വ്യകതിപരമായി സ്ത്രീ, പുരുഷന്‍ എന്ന വേര്‍തിരിവ് കൊണ്ടു നടക്കാത്ത ആളാണു ഞാന്‍. നല്ല മനുഷ്യനാകുക എന്നതാണ് പ്രധാനം. നമ്മുടെ വീട്ടില്‍ ഒരിക്കലും നമ്മള്‍ വേര്‍തിരിച്ച് ആണെന്നും പെണ്ണെന്നും പറയില്ലല്ലോ.


ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം?

മാനസിക പ്രശ്നങ്ങളുള്ള ഏതെങ്കിലും ക്യാരക്ടര്‍ ചെയ്യണമെന്നുണ്ട്. എനിക്ക് എപ്പോഴും ആക്ടിങ്ങ് ആണ് പാഷന്‍. ഇമേജ് അല്ല. ഫെയിം അല്ല. ഒരിക്കലും കരിയര്‍ എന്ന് കരുതിയല്ല സിനിമയിലേക്ക് വന്നത്. സമ്പാദിക്കാന്‍ വേറെ എന്തെങ്കിലും ഒരു വഴിയുണ്ടാവണം എന്നു തന്നെയായിരുന്നു മനസ്സില്‍. സിനിമ പാഷന്‍ പോലെ കൊണ്ടു നടക്കണം എന്നൊക്കെയായിരുന്നു.
ഇരുപതുവര്‍ഷമാകുന്നു ഞാന്‍ സിനിമയിലെത്തിയിട്ട്. സിനിമ ഇപ്പോള്‍ എന്റെ എല്ലാമാണ്. കഥാപാത്രങ്ങളെ എത്രത്തോളം വ്യത്യസ്തമാക്കാം എന്നല്ലാതെ സ്‌ക്രീനില്‍ കാണുമ്പോള്‍ എത്ര ഭംഗിയുണ്ടാവും എന്ന് ചിന്തിച്ചിട്ടില്ല.


ചെയ്ത കഥാപാത്രങ്ങളില്‍ ഇഷ്ടപ്പെട്ടവ?

മിക്കവാറും ചെയ്ത വേഷങ്ങളാക്കെ പ്രിയപ്പെട്ടതാണ്. എങ്കിലും ട്രാഫിക്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എന്നു നിന്റെ മൊയ്തീന്‍, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ കുറേകൂടി അടുത്ത് നില്‍ക്കുന്നു


എന്താണ് 'ആകൃതി' സ്ലിമ്മിങ് ക്ലിനിക്ക് ബിസിനസ് ?

വെറും ബിസിനസ് എന്ന രീതിയില്‍ ആരംഭിച്ച സ്ഥാപനമല്ല ആകൃതി സ്ലിമ്മിങ് ക്ലിനിക്ക്. ഡയറ്റിങ് ഇല്ലാതെ ഫിസിയോതെറാപ്പി മെത്തേഡുകളിലൂടെ അമിതവണ്ണം കുറയ്ക്കുന്ന സ്ഥാപനമാണ് . പേരുപോലെ തന്നെ ശരീരത്തിന്റെ ആകൃതി കൂട്ടി അത് നിലനിര്‍ത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വീട്ടമ്മമാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അമിത വണ്ണം കൊണ്ടും മറ്റു പ്രശ്നങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്നുണ്ട്. പുതിയ കാലത്ത് ഫാസ്റ്റ് ഫുഡ് ഉള്‍പ്പെടെ കഴിച്ചുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ നിരവധിയാണ്. അതുപോലെ പലര്‍ക്കും എത്ര സൗന്ദര്യം ഉണ്ടായാലും ചിലപ്പോള്‍ കോണ്‍ഫിഡന്‍സ് ഉണ്ടാകണമെന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ സൗന്ദര്യം ഉണ്ട്. നമ്മുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുമ്പോള്‍ കോണ്‍ഫിഡന്‍സ് ലെവലും വലുതാകും.


എങ്ങിനെയാണ് ഇത്തരം ഒരു ചിന്തയില്‍ എത്തിയത്?

രണ്ടു വര്‍ഷം മുമ്പ് തടികുറയ്ക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിച്ച് അന്വേഷിച്ച് നടക്കുമ്പോഴാണ് എന്റെ കൂടെ നാലാം ക്ലാസ് മുതല്‍ ഒരുമിച്ചു പഠിച്ച ഫിസിയോ തെറാപിസ്റ്റ് കൂടിയായ ലൂസിയ അവളുടെ അടുത്ത് ചെല്ലാന്‍ പറയുന്നത്. അങ്ങനെ ചെന്ന ഞാന്‍ പതിനഞ്ച് ദിവസം കൊണ്ട് ഏഴു കിലോ കുറച്ചു. ലൂസിയ അന്ന് ദുബായിയിലുള്ള സുഹൃത്തുമായി ചേര്‍ന്ന് കോഴിക്കോട്ട് ആകൃതി ആരംഭിക്കാനുള്ള പരിപാടിയിലായിരുന്നു. അതിന്റെ ബ്രാന്റ് അംബാസഡര്‍ ആകുന്നതിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. ആ കണ്‍സപ്റ്റിനോട് താല്‍പര്യം തോന്നിയതിനാല്‍ ഞാന്‍ പാര്‍ട്ണര്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് തുടങ്ങിയ ആകൃതി നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. അങ്ങനെ ഇപ്പോള്‍ കൊച്ചിയിലും തുടങ്ങി. ഇവിടെയും കുറഞ്ഞ ദിവസംകൊണ്ട് നല്ല സ്വീകാര്യതയാണ് കിട്ടിയത്. സുഹൃത്തുക്കളായ വൃന്ദ, നെറ്റോ എന്നിവരാണ് കൊച്ചിന്‍ ആകൃതിയില്‍ പാര്‍ട്ട്ണര്‍മാര്‍. ഞങ്ങളെല്ലാവരും ഒരുമിച്ച് പഠിച്ചവരാണ്. കളിക്കൂട്ടുകാരുടെ ഒരു വലിയ സ്വപ്നം കൂടിയാണിത്. തൃശൂരും കൊച്ചിയിലും ബ്രാഞ്ചുണ്ട്. ലൂസിയയുടെ കുറേ ടെക്നിക്സും ഈ ട്രീറ്റ്മെന്റിലുണ്ട്. കുറച്ചധികം ഗവേഷണവും ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട്.


ഏത് തരത്തിലുള്ളവരാണ് കൂടുതലായും ആകൃതിയിലെത്തുന്നത്?

എല്ലാ പ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാര്‍ ആകൃതിയില്‍ വരുന്നുണ്ട്. ഫിസിയോ തെറാപ്പി ചെയ്താണ് ട്രീറ്റ്മെന്റ് തുടങ്ങുന്നത്. വണ്ണം കാരണം കാര്‍ഡിയോ പ്രോബ്ലംസ്, മുട്ടുവേദന, ബാക്ക് പെയിന്‍ ഒക്കെയായി വരുന്നവരും ഉണ്ട്. അവര്‍ക്ക് വെയിറ്റും കുറയ്ക്കാം ഹെല്‍ത്ത് ബെറ്ററും ആക്കാം. മെഷീന്‍ വര്‍ക്ക് ഔട്ട് ഇല്ല. ഫിസിയോ തെറാപ്പി മെഷീന്‍സ് ആണ് വര്‍ക്ക് ചെയ്യുന്നത്. മസില്‍ സ്റ്റിമുലേഷന്‍സ് വഴിയാണ് കൊഴുപ്പ് ഇല്ലാതാക്കുന്നത്. ഈ ചികിത്സാരീതി ലോകത്ത് പലയിടത്തും സജീവമാണ്. പക്ഷെ നമ്മള്‍ അറിഞ്ഞു വരുന്നേയുള്ളൂ. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോഴുള്ള അതേ പ്രക്രിയ ആണിത്. പക്ഷേ ജിമ്മിലാകുമ്പോള്‍ നമ്മള്‍ അധ്വാനിക്കണം. ഇവിടെ മെഷീനുകളാണത് ചെയ്യുന്നത്. കൃത്രിമ രീതികളൊന്നുമില്ല. വെള്ളം കൂടുതല്‍ കുടിക്കണം. ഓരോരുത്തരുടെയും ജീവിതരീതിയും ഭക്ഷണരീതിയും അനുസരിച്ചുള്ള പരിശീലനം ആണ് നല്‍കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കണക്കിലെടുത്താണ് അവര്‍ക്കു ചേര്‍ന്ന ഭക്ഷണക്രമം തയ്യാറാക്കുന്നത്. ദീര്‍ഘകാലത്തേക്കുളള പ്രയോജനമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പരിശീലന സമയം മാത്രമല്ലാതെ, കുറഞ്ഞ ഭാരം തിരിച്ചുവരാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മൂന്നു മുതല്‍ അഞ്ചുകിലോ വരെ കുറയുന്നതിന് 15 സെഷന്‍ ആണ് എടുക്കേണ്ടത്. ഇടവിട്ട ദിവസങ്ങളിലാണ് ഇതിനായി വരേണ്ടത്. ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് ഇതിനായി ഓരോ തവണയും ചെലവിടേണ്ടത്. എല്ലാ യൂണിറ്റുകളിലും എത്തുന്നവര്‍ സംതൃപ്തരായാണ് മടങ്ങുന്നത്. റിസല്‍ട്ട് കിട്ടാത്തവരില്ല. യാതൊരു സൈഡ് എഫക്റ്റ്സുമില്ല. ശരീരത്തിന് ദോഷം വരുന്ന മരുന്നുകളോ ഇന്‍ജക്ഷനോ ഇല്ല. ദിവസങ്ങള്‍ കൊണ്ടു തന്നെ വളരെ പ്രകടമായിതന്നെ ശരീരത്തിലെ മാറ്റം കാണാന്‍ പറ്റും. പതുക്കെയാണ് ഭാരം കുറയ്ക്കുന്നത്. കോഴ്സ് കഴിഞ്ഞു പോകുന്നവര്‍ക്ക് ഇത് നില നിര്‍ത്താനുള്ള നിര്‍ദേശങ്ങളും നല്‍കും. ഒരുപാട് പ്രശ്നങ്ങളുമായി വരുന്നവര്‍ വളരെ പോസിറ്റീവ് ആയി തിരിച്ചു പോകുന്നത് കാണുമ്പോവള്‍ വലിയ സന്തോഷം തോന്നാറുണ്ട്.


സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാണോ നിങ്ങളുടെ ഫീസ്?

തീര്‍ച്ചയായും. സാധാരണ കുടുംബിനികള്‍ക്ക് വരെ താങ്ങാനാകുന്ന ഫീസാണ് വാങ്ങുന്നത്. പല പാക്കേജുകളുണ്ട്. ശരീരഭാരം കുറയ്ക്കുക മാത്രമാണെങ്കില്‍ ഏറ്റവും കുറഞ്ഞ പാക്കേജ് മതി. സെലിബ്രിറ്റി പാക്കേജസുമുണ്ട്. കൂടുതല്‍ ഷേപ് വരുത്താന്‍ വേണ്ടിയുള്ളതാണത്. ബോഡി പോളിഷിങ് ഒക്കെ വരുന്ന ട്രീറ്റ്മെന്റ് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സൗന്ദര്യത്തിനും ആരോഗ്യത്തിനും മാത്രമല്ല പ്രസവശേഷമുള്ള ശരീരരക്ഷയ്ക്കുമൊക്കെ എത്തുന്നവരുമുണ്ട്. ഓരോരുത്തരുടെ ആവശ്യമനുസരിച്ചാണ് ചികിത്സ.


ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയാണല്ലോ . ശരീരത്തേയും മനസ്സിനേയും എങ്ങിനെ നിര്‍വചിക്കുന്നു?

മനുഷ്യ മനസ്സ് എത്ര പഠിച്ചാലും പിടിതരാത്ത ഒരു വലിയ കടല് തന്നെയാണ്. എത്ര കാലം അതിന്റെ പുറകെ സഞ്ചരിച്ചാലും അതിനെ പൂര്‍ണമായും മനസിലാക്കാന്‍ കഴിയില്ല. ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത് കൊണ്ട് ഇത്തരത്തിലൊക്കെ ചിന്തിക്കാനും അതിനെകുറിച്ച് ആഴത്തില്‍ മനസിലാക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. മനസും ശരീരവും രണ്ടും രണ്ടല്ല. മനസിനു വിഷമമുണ്ടായാല്‍ ശരീരത്തെയും തിരിച്ചും ബാധിക്കും. കാണുന്നതില്‍ മാത്രമേയുള്ളൂ ഇവ തമ്മിലുള്ള വ്യത്യാസം. സംസാരിക്കുമ്പോള്‍ ആളുകളെ മനസിലാക്കാനും റീഡ് ചെയ്യാനും പറ്റാറുണ്ട്. ഒരുപാട് അപകടങ്ങളില്‍ നിന്നും അതുവഴി രക്ഷപ്പെടാന്‍ സാധിക്കും.


സിനിമയില്‍ സെലക്ടീവാണോ?

സിനിമയില്‍ ഞാന്‍ സെലക്ടീവ് ആണ്. വ്യത്യസ്തയുള്ളതാവണം കഥാപാത്രങ്ങള്‍ എന്നു നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ ചെയ്തതിന്റെ ആവര്‍ത്തനമാകരുത് മറ്റൊരു വേഷം എന്ന് നിര്‍ബന്ധമുണ്ട്.


വായന?

വായന കുട്ടിക്കാലത്തേ ഉണ്ട്. ഡിറ്റക്ടീവ് നോവലാണ് കൂടുതല്‍ പണ്ട് വായിച്ചിരുന്നത്. ഡിഗ്രിയൊക്കെക ഴിഞ്ഞ ശേഷം ഫിക്ഷന്‍ തീരെ വായിക്കാതായി. നോണ്‍ ഫിക്ഷന്‍ മാത്രമായി പിന്നെ വായന. അങ്ങനെ എപ്പോഴോ ആണ് ഓഷോയെ വായിച്ചത്. ഉള്ളിലുണ്ടായിരുന്ന ഞാനറിയാതെ പോയ ചിന്തകളെ തിരിച്ചറിയാന്‍ ഓഷോ വായന സഹായിച്ചിട്ടുണ്ട്. ലാലേട്ടന്‍ പറഞ്ഞുതന്ന ഓഷോയുടെ 'വിഖ്യാന്‍ ഭൈരവ് തന്ത്ര'എന്ന മെഡിറ്റേഷന്‍ ബുക്ക് വായിച്ചുതീരാന്‍ ഞാന്‍ രണ്ടര വര്‍ഷത്തോളമെടുത്തു. അതു പഠിച്ച് ചെയ്തുനോക്കി. എന്റെ അന്വേഷണങ്ങള്‍ക്ക് കുറേ വ്യക്തത വന്നതുപോലെ തോന്നി അതു വായിച്ചപ്പോള്‍. അതോടെ ഓഷോയെ വായിക്കാതായി. ഇപ്പോള്‍ പലതരത്തിലുള്ള യാത്രാവിവരണങ്ങളൊക്കെയാണ് വായിക്കുന്നത്. ഇംഗ്ലീഷിലാണ് വായന. അഭിനേതാവ് എന്നനിലയില്‍ വായന അത്യാവശ്യമാണെന്ന് തോന്നിയിട്ടില്ല. എഴുതാനും വായിക്കാനും പറ്റാത്തവര്‍ക്ക് പോലും നല്ല ആക്ടറാകാം. അതില്‍ പഠനം ഒരു ഘടകമല്ല.


ഇത്രയും പോസിറ്റീവ് എനര്‍ജി എങ്ങിനെ കിട്ടുന്നു?

പൊതുവേ വിഷമിച്ചിരിക്കാന്‍ താല്‍പര്യമില്ലാത്ത ആളാണ്. പ്രശ്നങ്ങള്‍ മനസിലാക്കാനാണ് ശ്രമിക്കാറ്. നമ്മുടെ ജീവിതത്തിലെ എന്തിനും കാരണം നമ്മള്‍ കൂടിയാണ്. തെറ്റും ശരിയും എന്ന ജഡ്ജ്മെന്റ് അതില്‍ പ്രായോഗികമല്ല. ബോധമുണ്ടെങ്കില്‍ തന്നെ നമ്മള്‍ പോസിറ്റീവ് ആയിരിക്കും എന്നാണ് എന്റെ വിശ്വാസം. എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല. അതെനിക്കിഷ്ടമാണ്. കണ്‍ടിന്യുറ്റി ഇഷ്ടമില്ലെനിക്ക്.


സൗഹൃദങ്ങള്‍?

സിനിമയിലും പുറത്തും നല്ല സൗഹൃദങ്ങളുണ്ട്. സൗഹൃദങ്ങളെ ആഘോഷമായി കാണുന്നു.


പുതിയ സിനിമകള്‍?

ജിത്തുജോസഫിന്റെ ആദി ആണ് ഇപ്പോള്‍ ചെയ്യുന്നത്. അടുത്ത ചിത്രം വൈശാഖ് പ്രൊഡ്യൂസ് ചെയ്യുന്നത്. തുടര്‍ന്ന് സജി സുരേന്ദ്രന്റെ പടം.

(കടപ്പാട്- ദേശാഭിമാനി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions