ഇന്റര്‍വ്യൂ

ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി



ഐശ്വര്യ ലക്ഷ്മി വലിയ സന്തോഷത്തിലാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ മായാനദി മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഐശ്വര്യ ലക്ഷ്മി.
ചിത്രത്തിലെ അപ്പു എന്ന അപര്‍ണയെയും അവളുടെ പ്രണയത്തെയും മായാനദി എന്ന ചിത്രവും പ്രേക്ഷകര്‍ക്ക് ഒരു നോവായി മാറുമ്പോള്‍ ഈ യുവനായിക ആശുപത്രിയില്‍ കര്‍മനിരതയാണ്. 2017 ആദ്യം നിവിന്‍പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ മികച്ച തുടക്കം ലഭിച്ച ഐശ്വര്യ ലക്ഷ്മി മായാനദിയിലൂടെ ഈ വര്‍ഷത്തെ താരമാകുകയാണ്.


മായാനദിയെയും അപ്പുവിനെയും ആളുകള്‍ വല്ലാതെ പുകഴ്ത്തുന്നുണ്ടല്ലോ ?

അതൊരു ഭാഗ്യമാണ്. ചെയ്യുന്ന കഥാപാത്രം നല്ലതാണെന്ന് അറിയാമായിരുന്നു. എല്ലാവര്‍ക്കും സ്വന്തം ജീവിതവുമായി ചിത്രത്തെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ജനുവിന്‍ ആണു ചിത്രം. അതാണ് ഏറ്റവും വലിയ കാര്യം. ചിത്രത്തില്‍ തന്നെ പറയുന്ന പോലെ, മഞ്ഞു മലയില്‍ ഷിഫോണ്‍ സാരിയുടുത്ത് ഡാന്‍സ് ചെയ്യുന്നതൊക്കെ എത്ര കണ്ടിരിക്കും. അങ്ങനെയുള്ള ചിത്രങ്ങളുടെ കാലം പോയ്ക്കൊണ്ടിരിക്കുന്നു. സത്യസന്ധമായ, കലര്‍പ്പില്ലാത്ത, പ്രഹസനങ്ങളില്ലാത്ത പ്രണയമാണ് മായാനദിയിലേത്. നമ്മളില്‍ പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതോ നമ്മള്‍ കണ്ടതോ ആയിട്ടുള്ള പ്രണയം. നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച സംഗീതവും കാണാന്‍ കൊതിച്ച ദൃശ്യങ്ങളുമാണ് സിനിമയില്‍ . അതാകും മായാനദിയെ ഇത്രമേല്‍ പ്രിയപ്പെട്ടതാക്കിയത്.


മായാനദിയിലെ അപ്പുവായത് എങ്ങനെ ?

ആഷിഖ് സാറിന്റെ കാസ്റ്റിങ് കോള്‍ ഫെയ്സ്ബുക്കില്‍ കണ്ടിട്ടാണ് അപേക്ഷ അയച്ചത്. അന്ന് ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ മുംബൈയിലേക്കു പോയ സമയമായിരുന്നു. ചിത്രത്തിലേക്ക് പുതുമുഖങ്ങളെയാണോ വേണ്ടത് എന്ന് സംശയമുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ പിന്നെ അയക്കേണ്ടതില്ലല്ലോ എന്നു കരുതി കുറേ ആളുകളോട് അന്വേഷിച്ചു. ആഷിഖ് അബു ചിത്രത്തിലേക്ക് അത്രയ്ക്ക് ഈസിയായി അവസരം കിട്ടില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ എന്തായാലും ബയോഡേറ്റ അയക്കാമെന്നു കരുതി. കുറച്ചു നാള്‍ കഴിഞ്ഞ് ചിത്രവുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചു, ഒരു മീറ്റിങ് ഉണ്ടെന്നു മാത്രമാണ് പറഞ്ഞത്. പക്ഷേ അത് ഓഡിഷന്‍ ആയിരുന്നു. ചിത്രത്തിലെ തന്നെ ഒരു പ്രണയരംഗമാണ് അഭിനയിച്ചു കാണിക്കാന്‍ തന്നത്.

പിന്നെ സെക്കന്‍ഡ് ഓഡിഷന് വിളിച്ചു. സത്യത്തില്‍ എനിക്ക് അപ്പോള്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഞാന്‍ കൂട്ടുകാരി സ്റ്റെഫി സേവ്യറിനെ വിളിച്ചു പറഞ്ഞു, ഞാന്‍ വരുന്നില്ല. ഇവിടന്ന് ടിക്കറ്റൊക്കെ എടുത്ത് സമയം കളഞ്ഞ് വന്നിട്ട് കിട്ടിയില്ലെങ്കിലോ, അതു കൊണ്ട് ഞാന്‍ വരുന്നില്ല എന്ന്. അഹങ്കാരം കാണിക്കരുത്. വന്ന് അറ്റെന്‍ഡ് ചെയ്യ്. എത്ര ഓഡിഷന്‍ അറ്റെന്‍ഡ് ചെയ്തിട്ടാണ് ഒരു അവസരം കിട്ടുന്നത്. ഇതൊരു എക്സ്പീരിയന്‍സ് അല്ലേ. നിനക്ക് വേണെല്‍ ഞാന്‍ ടിക്കറ്റ് എടുത്ത് തരാം എന്നാണ് അവള്‍ മറുപടി പറഞ്ഞത്.

അവളുടെ വാക്ക് തന്ന വിശ്വാസത്തിലാണ് അവിടന്ന് ഇവിടേക്കു വന്നത്. ഓഡിഷന്‍ കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് പറയുന്നത് സെലക്ട് ആയി എന്ന്. ആദ്യം വേറെ ആരെയോ വച്ച് ചെയ്യാനാണ് അവര്‍ തീരുമാനിച്ചത്. പിന്നീട് അത് മാറി.


മായാനദിയെ അടുത്തറിഞ്ഞത് എങ്ങനെ ?

എന്താണ് ചിത്രം എന്നു പൂര്‍ണമായി ഒരു ഐഡിയ ഇല്ലായിരുന്നു. പക്ഷേ ഓഡിഷന് ചെയ്യാന്‍ തന്ന സീനുകളില്‍ നിന്ന് മനസിലാക്കാമായിരുന്നു പ്രണയമാണ് വിഷയം എന്ന്. പക്ഷേ അത് ഇതുവരെ കണ്ട രീതിയിലൂടെയുള്ളൊരു കഥപറച്ചിലോ അവതരണമോ അല്ല എന്നും മനസ്സിലായി. തീര്‍ത്തും റൊമാമന്റിക് ആയൊരു സീനായിരുന്നു സെക്കന്‍ഡ് ഓഡിഷന് ചെയ്യാന്‍ കിട്ടിയത്. കരച്ചില്‍ ഒന്നും ചെയ്യാന്‍ കിട്ടല്ലേ എന്നു പ്രാര്‍ഥിച്ചായിരുന്നു അന്ന് എത്തിയത്. അത്രമാത്രം ടെന്‍ഷനില്‍ ആയിരുന്നു ഞാന്‍ കരച്ചില്‍ ചെയ്യാന്‍ എനിക്ക് കുറച്ച് പാടാണ്. ആദ്യത്തെ ഓഡിഷനില്‍ ചെയ്തത് വളരെ ലൈറ്റ് ആയിട്ടുള്ള പ്രണയ രംഗമായിരുന്നു. കൂട്ടുകാരിയെ സൂത്രത്തില്‍ ഒഴിവാക്കിയിട്ട്, നമ്മെ പ്രണയിക്കുന്നുവെന്ന് അറിയാവുന്നൊരാളിനെ കാണാതെ കണ്ട് പറയാതെ ചിലത് പറയുന്നതെങ്ങനെയെന്ന് അവതരിപ്പിക്കുന്ന രംഗം. പിന്നെ പെട്ടെന്ന് നമുക്കറിയാത്തൊരാള്‍ നമ്മുടെ റൂമിലേക്കു കടന്നു വന്നാല്‍ എങ്ങനെ റിയാക്ട് ചെയ്യും. പിന്നെ നമ്മളെ ചൊടിപ്പിക്കുന്ന രീതിയില്‍ ഒരാള്‍ സംസാരിച്ചാല്‍ എങ്ങനെ പ്രതികരിക്കും. ആ രംഗത്ത് അങ്ങനെ സംസാരിക്കുവാന്‍ വന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്കറിന്റെ ഭാര്യ ഉണ്ണി മായ ചേച്ചി ആയിരുന്നു. ചിത്രത്തെ കുറിച്ച് ഏകദേശം ഒരു ധാരണ വന്നത് അങ്ങനെയാണ്.


എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു വ്യക്തിപരമായ ജീവിതം അപ്പുവെന്ന കഥാപാത്രവുമായി?

തീര്‍ച്ചയായും ഉണ്ട്. കുറച്ചു വ്യത്യാസങ്ങള്‍ ഉണ്ടെന്നു മാത്രം. അപ്പുവും മാത്തനും ഒത്തിരി രാത്രികളില്‍ ഉറക്കമിളച്ചിരിക്കുന്നുണ്ട്. രണ്ടാള്‍ക്കും രണ്ടു കാരണങ്ങളാണ്. അപ്പു സിനിമയോടുളള പ്രണയം കൊണ്ടാണ് അങ്ങനെയിരിക്കുന്നത്. വിഡിയോകളും സിനിമകളുമൊക്കെ കണ്ട് അതിനെ കുറിച്ച് കൂടുതല്‍ പഠിച്ചു കൊണ്ട്. അമരീഷ് പുരിയുടെയൊക്കെ വിഡിയോയാണ് അപ്പു മൊബൈലില്‍ കാണുന്നത്. ഞാനും അങ്ങനെ തന്നെയിരുന്നിട്ടുണ്ട്. ഉറക്കം കിട്ടാഞ്ഞിട്ടല്ല. വിഡിയോകളൊക്കെ കണ്ട് ഒരുപാട് രാത്രികളില്‍ . സിനിമയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ പിന്നെയങ്ങനെയാകും. സ്വതവേ ചെയ്യുന്നതാണത്. അപ്പു എന്നെക്കാളും സ്ട്രോങ് ആണ്. അവള്‍ ഒന്നോ രണ്ടോ സീനില്‍ മാത്രമാണ് കരയുന്നത്. അവള്‍ കരയും എന്നു നമ്മള്‍ വിചാരിക്കുന്നിടത്തൊന്നും കരയുന്നേയില്ല. ഞാന്‍ പക്ഷേ അങ്ങനെയല്ല.


അപ്പുവിനെ പ്രിയങ്കരിയാക്കിയതിന്റെ ക്രെഡിറ്റ് ആര്‍ക്കാണ് ?

ഞാന്‍ നന്നായി ചെയ്തുവെന്ന് പ്രേക്ഷകര്‍ പറയുന്നുവെങ്കില്‍ , അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമായെങ്കില്‍ അതിനു കാരണം സംവിധായകനും തിരക്കഥാകൃത്തുക്കളുമാണ്. അവരുടെ ഒരു ഇന്‍സ്ട്രുമെന്റ് മാത്രമാണ് ആക്ടര്‍ . തിരക്കഥാകൃത്തുകളുടെ മനസിലാണ് അപ്പുവും മാത്തനും വന്നത്. അവരുടെ സംഭാഷണങ്ങള്‍ അവരുടെ പ്രണയം ചിന്തകള്‍ എല്ലാം അവരുടെ സൃഷ്ടികളാണ്. അതിനെ എങ്ങനെ എത്ര അളവില്‍ ഇമോഷണലായി പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നത് ആഷിഖ് സാറിന്റെ ചിന്തയാണ്. അവര്‍ പറഞ്ഞത് അതേപടി ചെയ്തുവെന്നേയുള്ളൂ. അവര്‍ പറയുന്നത് മനസിലാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. അതൊരു ഭാഗ്യമാണ്. അങ്ങനെ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ഒന്നും ശരിയാകില്ലായിരുന്നു. എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്.


മായാനദി ഐശ്വര്യയെ പഠിപ്പിച്ചത് ?

ഷൂട്ടിങിനു മുന്‍പ് ഓരോന്നു‌ പറഞ്ഞു തരുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു അങ്ങനെ കൂടി ചെയ്താലോ എന്ന്. പിന്നെ പിന്നെ അവര്‍ പറഞ്ഞു തരുന്നതിനോടൊപ്പം എന്തു ചെയ്യണം ചെയ്യരുതെന്ന് ഞാന്‍ തന്നെ മനസിലാക്കിയെടുത്തു. ഡയറക്ടര്‍ എന്തു പറയുന്നോ അത് ശ്രദ്ധിച്ച് കേട്ട് ചെയ്യണം. സംശയമുണ്ടെങ്കില്‍ മാത്രം ചോദിക്കുക എന്ന് മനസിലായി.

എനിക്കൊരു സ്വഭാവമുണ്ട് പറയുന്നതിന്റെ പാതി മാത്രം കേട്ടിട്ട് ചെയ്യുക. ഒരു പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ മാത്തനും മറ്റൊരു സുഹൃത്തിനുമൊപ്പം വെറുതെ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ വളരെ സന്തുഷ്ടയായിട്ട് ചിരിച്ച് കളിച്ചൊക്കെയാണ് ഇരുന്നത്. പക്ഷേ ഒരിക്കലും അത് അപ്പുവല്ല. അപ്പു അങ്ങനെ ഇരിക്കാറില്ല. പിന്നീടെനിക്കതു മനസിലായി. ശ്യാം സര്‍ ആണതു പറഞ്ഞു തന്നത്. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിച്ചു. അതുപോലെ ഒരു രംഗമുണ്ട്, ഇവിടെയിങ്ങനെ നില്‍ക്കാന്‍ പറ്റില്ല ആളുകള്‍ക്ക് കുരു പൊട്ടും എന്നു പറയുന്നത്. ഞാന്‍ ആണെങ്കില്‍ പറയും, ഇവിടെയിങ്ങനെ നില്‍ക്കാനാകില്ല കേട്ടോ, ആളുകള്‍ ഓരോന്നു പറയും എന്ന്. കുരുപൊട്ടും എന്നതു ശ്യാം സാറിന്റെ വൊക്കാബുലറി ആണ്. അവിടെയാണ് ഞാന്‍ അപ്പുവായി മാറുന്നത്. ആക്ടര്‍ എന്ന രീതിയില്‍ കണ്‍ട്രോള്‍ഡ് ആയിരിക്കണം എന്നാണ് ഈ ചിത്രം തന്ന ഏറ്റവും വലിയ ഭാരം.


ഏറ്റവും പ്രിയപ്പെട്ട രംഗം ?

എല്ലാം സീന്‍സും പ്രിയപ്പെട്ടതാണ്. പക്ഷേ അതില്‍ എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടതായി മാറിയത് ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികള്‍ ബാല്‍ക്കണിയിലിരിക്കുന്നത്. അതിലൊരാള്‍ പാടുന്നുണ്ട്. മൂന്നു പേരും ഉള്ളുകൊണ്ട് ഭയങ്കര വിങ്ങലിലാണ്. എന്നോട് കരയരുത് എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്യാനായില്ല. സീനില്‍ കരയാന്‍ ബുദ്ധിമുട്ടുള്ള ഞാന്‍ ഗംഭീരമായിട്ട് കരഞ്ഞു. ചിത്രത്തില്‍ അത് വന്നിട്ടില്ല. ഒരു ഗദ്ഗദം മാത്രമാക്കി കുറച്ചിട്ടുണ്ട്.


മായാനദിയിലെ പ്രണയത്തെക്കുറിച്ച് ?

സിനിമയിലെ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കുമപ്പുറം അപ്പുവായും മാത്തനെ പ്രണയിക്കാനുമൊക്കെയുള്ളൊരു മനസിലേക്കും മൂഡിലേക്കും എത്തിച്ചത് ഇതുവരെ കണ്ട നല്ല പ്രണയങ്ങളാണ്. അതൊരു ഭാഗ്യം കൂടിയാണ്. പ്രണയം മാത്രമുള്ള പ്രണയങ്ങള്‍ . അച്ഛന്റേയും അമ്മയുടേതും. എനിക്കറിയാവുന്ന സുഹൃത്തുക്കളുടേതൊക്കെ. പിന്നെ എന്റെ തന്നെയും.

അപ്പുവിനെ പോലൊരു സുഹൃത്ത് ഭാഗ്യമാണ്. അങ്ങനെയൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ചേര്‍ത്തു പിടിച്ചേനെ. ഉറപ്പായും ഞാന്‍ അവളെ ഒത്തിരി സ്നേഹിച്ചേനെ. സ്നേഹമാണെന്നു പറയാതെ ഉള്ളിലൊത്തിരി മറ്റുള്ളവരെ സ്നേഹിക്കുന്നയാളാണ്. അത് അവളുടെ കണ്ണിലൂടെ പെരുമാറ്റത്തിലൂടെ നമുക്ക് മനസിലാക്കാം. അടിയുണ്ടാക്കുമ്പോള്‍ പോലും മനസില്‍ സ്നേഹം മാത്രം. മനസിലൊരു തരി ‌പോലും സ്നേഹം തോന്നുന്നില്ല എന്നൊക്കെ അവള്‍ മാത്തനോട് വെറുതെ പറയുന്നതാണ്. കള്ളം പറയുന്നതാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാകും. എന്നാല്‍ പ്രണയത്തിനു വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കാനും തയ്യാറല്ല.


ടൊവിനോയെ സിനിമയില്‍ കുറേ തല്ലിയല്ലോ?

ആറ് പ്രാവശ്യം തല്ലി. ശരിക്കും തല്ലിയതാണ്. സൈഡില്‍ കൂടി പതിയെ വന്നാല്‍ മതിയെന്നൊക്കെ പറഞ്ഞാണ് ഷൂട്ട് ചെയ്യാന്‍ പോയത്. പക്ഷേ സാധിച്ചില്ല. ഓരോ സീനിനും ശേഷം ടൊവിനോയ്ക്കു വേദനിക്കുന്നുണ്ടല്ലോ എന്നു ചിന്തിച്ചു. ഒത്തിരി വേദനിച്ചില്ല എന്നു കരുതുന്നു. ടൊവിനോ ഒന്നും പറഞ്ഞില്ല. പക്ഷേ അത് നേരെ തിരിച്ചായിരുന്നു, എന്നെയാണ് തല്ലേണ്ടിയിരുന്നതെങ്കില്‍
ടൊവിനോ അത് വേണ്ടെന്നു വയ്ക്കുമായിരുന്നു‌വെന്നു എനിക്കുറപ്പുണ്ട്. കാരണം സ്ത്രീകളെ അത്രമാത്രം ബഹുമാനിക്കുന്നൊരാളാണ്. എല്ലാവരോടും ഒത്തിരി സ്നേഹമുള്ളൊരാളാണ്.


ചിത്രത്തിലെ വ്യത്യസ്ത ലുക്ക് ?

റോണക്സ് സേവ്യറും സീമാ ഹരിദാസുമാണ് ഹെയര്‍ സ്റ്റൈലും മേക്കപ്പും ചെയ്തത്. ഇവര്‍ തന്നെയായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും. ലുക്ക് എന്തായിരിക്കണമെന്നു തീരുമാനിക്കാന്‍ ഒരു ദിവസം ആഷിഖ് സര്‍ ശ്യാം സാര്‍ പിന്നെ ഇവരും ഞാനും കൂടി ഒരു ദിവസം ഒത്തുചേര്‍ന്നു. ആഷിഖ് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു എന്റെ മുടി കുറച്ച് ചുരുണ്ടതായിരിക്കണം എന്ന്. എന്റെ മുടി സ്ട്രെയിറ്റ് ചെയ്ത മുടിയാണ്. മലയാളികള്‍ക്കിഷ്ടവും പിന്നെ ആ കഥാപാത്രത്തിനു ചേരുന്നതും ആ മുടി ആണെന്ന്. എനിക്ക് അപ്പുവിനെ ഏറെയിഷ്ടമായത് പഴയ ലുക്കിലാണ്. കൊച്ചിയിലേക്ക് തിരികെ വരുന്ന അപ്പു ഒത്തിരി പ്രാരാബ്ധത്തോടെയാണ് വരുന്നത്. പഴയ അപ്പു കുറേ കൂടി സുന്ദരിയാണ്. അന്നേരം മനസില്‍ പ്രണയം മാത്രമേയുള്ളൂ. പിന്നീട് സൗന്ദര്യമൊന്നും ശ്രദ്ധിക്കാത്ത അപ്പുവിനെയും കാണുന്നുണ്ട്. കംഫര്‍ട് ലെവല്‍ നോക്കി ഡ്രസ് ചെയ്യുന്ന അപ്പു അത്രയ്ക്കു സുന്ദരിയേയല്ല.


ലിപ്‍ലോക്ക് അടക്കമുള്ള ഹോട്ട് രംഗങ്ങള്‍ ഒത്തിരി ചിത്രത്തിലുണ്ട്. അതിനുള്ള ധൈര്യം ?


ആളുകള്‍ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എല്ലാം ആലോചിച്ചിട്ടാണ് ചെയ്തത്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെന്‍ഷനൊക്ക ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതൊന്നും നമുക്ക് താങ്ങാന്‍ പറ്റില്ലല്ലോ. അതൊക്കെ സിനിമ തുടങ്ങുന്നതു വരെ മാത്രമായിരുന്നു. ആ ടെന്‍ഷനൊക്കെ മാറ്റിവച്ചാണ് ഞാന്‍ ഷൂട്ടിങിനെത്തിയത്. ആ ടെന്‍ഷന്‍ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യില്‍ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ സീനുകള്‍ കാരണം ഇത്രയും നല്ലൊരു ടീമിനൊപ്പമുള്ള നല്ലൊരു ചിത്രം വേണ്ടെന്നു വയ്ക്കരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാന്‍ ചിന്തിച്ചത്.

ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു. നല്ല പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു. ഇപ്പഴും ഉണ്ട്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ലീവ് കിട്ടിയിട്ട് ഒപ്പം കാണാന്‍ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്പോള്‍ അവര്‍ക്ക് ഷോക്ക് ആകരുതല്ലോ. അവര്‍ക്ക് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല.

(കടപ്പാട്- മനോരമ )

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions