ഇന്റര്‍വ്യൂ

രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി



കെ എം മാണി ഇടതുമുന്നണിയുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. ഒരിക്കലും നടക്കില്ലെന്നു കരുതിയ ബന്ധത്തിന് സിപിഎം മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇതാണ് വോട്ടു ബാങ്ക് രാഷ്ട്രീയം. പിണക്കവും ഇണക്കവും ഒക്കെ വോട്ടുബാങ്കിനുവേണ്ടി മാത്രം. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി നയം വ്യക്തമാക്കുകയാണ്.


സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ 'കേരളം ഇന്നലെ -ഇന്ന് - നാളെ ' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ താങ്കള്‍ പങ്കെടുക്കുന്നുണ്ട്. ഇടതു മുന്നണിയിലേക്കുള്ള കേരളകോണ്‍ഗ്രസ്സിന്റെ രംഗപ്രവേശവുമായി ബന്ധപ്പെട്ടുള്ള ചുവടുവെയ്പാണ് ഈ നീക്കമെന്ന് നിരീക്ഷണമുണ്ട്. താങ്കള്‍ എന്തു പറയുന്നു ?.

സെമിനാറിന് ആ രീതിയിലുള്ള ഒരു രാഷ്ട്രീയ വ്യാഖ്യാനം നല്‍കേണ്ടതില്ല. ഇതിനു മുമ്പും ഞാന്‍ സിപിഎമ്മുമായി ബന്ധമുള്ള സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. അര നൂറ്റാണ്ടോളമായി നിയമസഭാസാമാജികനായി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. 13 സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഭൂത - വര്‍ത്തമാന - ഭാവി കാലങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്നെ വിളിക്കുന്നതില്‍ മറ്റ് ലക്ഷ്യങ്ങളൊന്നും ആരോപിക്കേണ്ട കാര്യമില്ല.


പക്ഷേ, നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ താങ്കളുടെ പാര്‍ട്ടിയുമായുള്ള സഖ്യം നഖശിഖാന്തം എതിര്‍ക്കുകയാണ്. ഈ സവിശേഷ പരിസരത്തിലാണ് താങ്കള്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പിനെ മറികടന്ന് സിപിഎം താങ്കളുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുമോ ?

സകല രാഷ്ട്രീയ മര്യാദകളും മറന്നാണ് സിപിഐ പെരുമാറുന്നത്. ഒരു മുന്നണിയിലേക്കും ഞങ്ങള്‍ അപേക്ഷ കൊടുത്തിട്ടില്ല. ഞങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയിലേക്ക് എടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ സിപിഐ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. പ്രവര്‍ത്തകരുമായി ആലോചിച്ചാണ് ഞങ്ങള്‍ തീരുമാനം എടുക്കുക. നിലവില്‍ കേരളത്തില്‍ ഒരുമുന്നണിയില്‍ ചേരുന്ന കാര്യത്തിലും ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ല.


താങ്കള്‍ക്കെതിരെ നിശിത വിമര്‍ശമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. അഴിമതിയുടെ ആള്‍രൂപമാണ് താങ്കള്‍ എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ആ നിലപാട് മാറ്റിവെച്ച് സിപിഎം താങ്കളുമായി അടുക്കുമ്പോള്‍ അത് മുന്നണി വിപുലീകരണത്തിലേക്കുള്ള നീക്കം തന്നെയാണ് എന്ന ന്ന വിലയിരുത്തലിനെ തള്ളിക്കളയാനാവുമോ ?

രാഷ്ട്രീയത്തില്‍ വിമര്‍ശങ്ങള്‍ പതിവാണ്. ഏതു നേതാവിനെതിരെയാണ് രാഷ്ട്രീയത്തില്‍ ആരോപണങ്ങള്‍ ഉയരാത്തത്. ആരോപണങ്ങളിലും വിമര്‍ശങ്ങളിലും തളരുന്ന ആളല്ല ഞാന്‍. സത്യം എന്നായാലും പുറത്തുവരും. ആരോപണങ്ങളുടെ പുകമറയില്‍ ഒരാളെയും എക്കാലവും നിങ്ങള്‍ക്ക് നിര്‍ത്താനാവില്ല. പിന്നെ , സിപിഎം ഇപ്പോള്‍ എന്നെ സെമിനാറിലേക്ക് ക്ഷണിച്ചതിനെ ഇതുമായൊന്നും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഇടതുമുന്നണിയിലേക്കുള്ള താങ്കളുടെ രാഷ്ട്രീയ പ്രവേശത്തെ പി ജെ ജോസഫ് വിഭാഗം എതിര്‍ക്കുന്നുണ്ടെന്നും ഇടതുമുന്നണിയിലേക്ക് പോവാന്‍ താങ്കള്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പിളരുമെന്നും ശ്രുതിയുണ്ട്. അത്തരമൊരു സാദ്ധ്യത കൂടിയാണോ തീരുമാനമെടുക്കുന്നതില്‍ നിന്നും താങ്കളെ പിന്നോട്ട് വലിക്കുന്നത് ?
സുഹൃത്തേ , തീര്‍ത്തും അനുമാനപരമായ ചോദ്യമാണിത്. പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ടെന്നും അത് പിളര്‍പ്പിലേക്ക് നയിക്കുമെന്ന് ഊഹിച്ച് കൊണ്ട് താങ്കള്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തീരുമാനം എടുക്കാത്തത് ഞങ്ങള്‍ ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരുമായി വിശദമായ ചര്‍ച്ച ചെയ്തിട്ടില്ല എന്നതുകൊണ്ടാണ്. തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ ഞങ്ങള്‍ എടുത്തിരിക്കും. ഇത് ഞങ്ങളുടെ ആഭ്യന്തരകാര്യമാണ്. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ തലയിടേണ്ട ആവശ്യമില്ല.

(കടപ്പാട്- മാതൃഭൂമിയോട് ഡോട്ട് കോം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions