വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ മൂന്നുവര്‍ഷത്തിനടുത്തു ദുബായ് ജയിലില്‍ കഴിയേണ്ടിവന്ന പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് ജീവിതത്തില്‍ നേരിടേണ്ടിവന്നത് ഏറ്റവും കയ്പ്പേറിയ അനുഭവം. സഹായിച്ചവരൊക്കെ അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്തതാണ് രാമചന്ദ്രനെ ഏറെ വേദനിപ്പിച്ചത്. ജയില്‍ മോചിതനായ രാമചന്ദ്രന്‍ ആ ദുരിത ദിനങ്ങളെക്കുറിച്ചു പറയുന്നു.
ആ ദിവസങ്ങളോട് എങ്ങനെ പൊരുത്തപ്പെട്ടു?
കൂടുതല്‍ പേര്‍ ഒന്നിച്ചു കഴിയുന്നതിനാല്‍ മുറിയിലെ എയര്‍കണ്ടീഷണറിലെ തണുപ്പ് കൂട്ടിവെക്കും. രോഗം വരാതിരിക്കാനാണത്രെ. പക്ഷെ അത് പലപ്പോഴും സഹിക്കാനാവുമായിരുന്നില്ല. എങ്കിലും ഞാന്‍ അതിനെയും മറികടന്നു. ഭക്ഷണമൊക്കെ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. തനി വെജിറ്റേറിയനാണ് അന്നും ഇന്നും. പതിവ് ഭക്ഷണത്തിന് പുറത്ത് എന്തെങ്കിലും വേണമെങ്കില്‍ അവിടത്തെ സ്റ്റോറില്‍ നിന്ന് വാങ്ങാം. കാലത്ത് ചായ കിട്ടാറുണ്ട്. വൈകീട്ടും.
പിന്നെ ഫോണില്‍ ഇടയ്ക്കിടെ ഇന്ദുവുമായി സംസാരിക്കും. അവിടെ നിന്ന് വീട്ടിലെ നമ്പറിലേക്ക് വിളിക്കാമെന്നാണ് ചട്ടം. പണം ഈടാക്കുമെന്ന് മാത്രം. പക്ഷെ അധികനേരം സംസാരിക്കാന്‍ കഴിയില്ല. നിന്നുകൊണ്ട് വേണമല്ലോ സംസാരിക്കാന്‍. അപ്പോള്‍ കാല് വേദനിക്കും. നമ്മുടെ പ്രയാസം മാറാനാണ് ഞാന്‍ ഇന്ദുവിനെ വിളിക്കുന്നത്.
പക്ഷെ പാവത്തിന്റെ സങ്കടവും കണ്ണീരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കേള്‍ക്കുമ്പോള്‍ പ്രയാസം കൂടും. എങ്കിലും നിത്യവും ഏഴെട്ടു തവണ വിളിക്കും.
തിരക്കില്‍ അഭിരമിച്ചിരുന്നതല്ലേ, പൊരുത്തപ്പെടാനായോ?
എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു പ്രധാനം. അല്ലെങ്കില്‍ ദുഷ്ചിന്തകള്‍ മനസ്സിനെ ഭരിക്കും. ഞാന്‍ വായന തിരഞ്ഞെടുത്തു. ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുക്കും. പല പത്രങ്ങളും അവിടെ കിട്ടുമായിരുന്നു. റേഡിയോയായിരുന്നു മറ്റൊരു ആശ്വാസം. എല്ലാ സ്‌റ്റേഷനുകളും മാറി മാറി കേട്ടു. വാര്‍ത്തകളാണ് കൂടുതലും കേട്ടത്.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് കാലത്ത് എട്ടരയോടെ ഭക്ഷണമുറിയില്‍ പോയിരുന്ന് കുറെ ഓര്‍മ്മകള്‍ കുറിച്ചുവെച്ചു. എന്റെ ബാല്യത്തില്‍ നിന്ന് തന്നെ തുടങ്ങി.
ജീവിതത്തിന്റെ കാല്‍ഭാഗം എഴുതിത്തീര്‍ത്തുവെന്ന് പറയാം. എന്നെങ്കിലും പൂര്‍ത്തിയാക്കും. ആരെങ്കിലും പ്രസിദ്ധീകരിക്കുമായിരിക്കും. വിഷമങ്ങള്‍ ഉണ്ടായിരുന്നു അക്കാലത്തും. പക്ഷെ ഈ വിഷമത്തിനിടയിലും എങ്ങനെ സന്തോഷത്തോടെ ജീവിക്കാനാവും എന്നാണ് ആലോചിച്ചത്.
ടെലിവിഷന്‍ എപ്പോഴും കാണാമായിരുന്നു. ഹിന്ദി സിനിമ, ഫുട്‌ബോള്‍, അറബി സീരിയല്‍ എന്നിവയായിരുന്നു പ്രധാനമായും കാണിച്ചിരുന്നത്. മലയാളം ചാനല്‍ കിട്ടുമോ എന്ന് അന്വേഷിച്ചു. പക്ഷെ അത് ഉണ്ടായിരുന്നില്ല. അതിനാല്‍ ടിവി കാണുന്നത് ശീലമായില്ല.
സന്ദര്‍ശകരുണ്ടായിരുന്നില്ലേ?
അതായിരുന്നു എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ കാര്യം. കാര്യമായി ആരും കാണാന്‍ വന്നില്ല. ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദര്‍ശകരെ കാണണമെന്ന് മോഹിക്കാന്‍ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ. ജയിലിനകത്തായിരിക്കുമ്പോഴാണ് കാറ്റും ചൂടും വെളിച്ചവുമെല്ലാം എത്ര മനോഹരമാണെന്ന് തിരിച്ചറിയുക.വല്ലപ്പോഴും ആസ്പത്രിയിലെ വൈദ്യ പരിശോധന യ്‌ക്കോ കോടതിയിലേക്കോ പോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്. അവിടെ കാണാന്‍ വരേണ്ടെന്ന് ഭാര്യയോട് ഞാന്‍ തന്നെ പറഞ്ഞിരുന്നു.
(കടപ്പാട് - മാതൃഭൂമി)