വീക്ഷണം

നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടില്‍ ഒരു വിദേശ യാത്ര- യാത്രാവിവരണം


പഠനത്തിനിടയ്ക്കു ഒന്ന് റിലാക്സ് ചെയ്യാന്‍ ഒരു യാത്ര ആയാലോ എന്ന മകളുടെ ആഗ്രഹത്തിന് മുന്നില്‍ ഞാനും ഭാര്യയും സമ്മതിച്ചു. ഒരു യാത്ര, എങ്ങോട്ടാകാം. പല സ്ഥലങ്ങളും തിരഞ്ഞെടുത്തു എങ്കിലും ഒടുവിലെത്തി നിന്നത് ഈജിപ്തിലേക്കുള്ള യാത്രയിലാണ്. മോളുടെ പരീക്ഷ കഴിയുന്ന അന്നേ ദിവസം ആണ് ഞങ്ങള്‍ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. 2018 സെപ്റ്റംബര്‍ 12ന് രാത്രി പത്തരയ്ക്ക് ലണ്ടന്‍ ഹീത്രുവില്‍ നിന്ന് കയ്‌റോയിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. അന്നൊരു ബുധനാഴ്ചയായിരുന്നു.

സെപ്റ്റംബര്‍ ഒമ്പതാം തീയതി പള്ളിയില്‍ പോയി വന്നതിനുശേഷം പാസ്‌പോര്‍ട്ട് എടുത്തുവയ്ക്കുവാന്‍ വേണ്ടി നോക്കുമ്പോള്‍ ഭാര്യ ആലീസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ല. പാസ്‌പോര്‍ട്ട് മറ്റൊന്നിനും അധികം ഉപയോഗിക്കാത്തത് കൊണ്ട് എവിടെയെങ്കിലും കാണും എന്ന വിശ്വാസത്തില്‍ വീട്ടില്‍ അന്വേഷണം തുടങ്ങി. വീടെല്ലാം അരിച്ചു പെറുക്കിയിട്ടും പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല. ഇനി എന്ത് ചെയ്യും എന്നോര്‍ത്തു ഞങ്ങള്‍ വിഷമിച്ചു. ഫാമിലി ആയി ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തിട്ട് നടക്കാതെ വരുക, ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റുമോ? ബുക്ക് ചെയ്ത ഹോട്ടലിന്റെ അവസ്ഥ എന്താകും? മക്കളെ വിവരം അറിയിച്ചപ്പോള്‍ അവര്‍ക്കും വിഷമം. ഞായറാഴ്ച പാസ്‌പോര്‍ട്ട് അവധി ദിവസവും. തിങ്കളാഴ്ച എല്ലായിടത്തും ഒന്നുകൂടി തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഉടനെ പാസ്‌പോര്‍ട്ട് ഓഫീസില്‍ വിളിച്ചു വിവരം പറഞ്ഞു. എല്ലാം കേട്ടതിനുശേഷം അവര്‍ പറഞ്ഞത്, വീട്ടിലൊന്നുകൂടി തിരയുക, കിട്ടിയില്ലെങ്കില്‍ നെറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ചു അയക്കുകയോ നേരിട്ട് കൊണ്ടുവരുകയോ ചെയ്യാം. ഏഴു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് എത്തിച്ചു തരുന്നതായിരിക്കും. തിങ്കളാഴ്ചയാണ് അവര്‍ ഏഴു ദിവസത്തിനകം പാസ്‌പോര്‍ട്ട് എത്തിച്ചു തരുമെന്ന് പറഞ്ഞത്. ഞങ്ങള്‍ക്ക് പോകേണ്ടത് ബുധനാഴ്ച വൈകുന്നേരവും.

ബുധനാഴ്ച പോകേണ്ടതാണെന്നു പറഞ്ഞപ്പോള്‍ ഫോണെടുത്തയാള്‍ പറഞ്ഞത്, എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള സമയം ഏഴു ദിവസമാണെന്നും ആരെങ്കിലും മരണപ്പെട്ടാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കൊടുക്കാറുണ്ടെന്നും വ്യക്തമാക്കി. ടൂറിനു പോകാനിരുന്ന ഞങ്ങള്‍ക്ക് മരിക്കാനൊക്കുമോ! എത്ര കെഞ്ചിപ്പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഒരു ഉപദേശം മാത്രം തന്നു. പാസ്‌പോര്‍ട്ട് ഓഫീസില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ സങ്കടം പറഞ്ഞു നോക്കു എന്ന്.

ഏതായാലും ഞങ്ങള്‍ ഫോറം പൂരിപ്പിച്ചും എല്ലാ രേഖകളും ഫോട്ടോയുമെടുത്തു. അപേക്ഷാ ഫോറവും ഫോട്ടോയും അറ്റസ്റ്റ് ചെയ്യിച്ചു. ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് ഓഫീസ് ലിവര്‍പൂളില്‍ ആണെന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചു. അവിടെ എട്ടുമണിക്കുള്ള അപ്പോയിന്റ്മെന്റും എടുത്തു. ബര്‍മിംഗ്ഹാമില്‍ നിന്ന് രാവിലെ തന്നെ പുറപ്പെട്ടു. ആലീസിനു സമയത്തു പാസ്‌പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ ഞാനും മോളും കൂടി പോകാം, പാസ്‌പോര്‍ട്ട് കിട്ടിയാല്‍ അന്ന് വന്നു ഞങ്ങളുമായി ജോയിന്റ് ചെയ്യാം എന്ന് ചിന്തിച്ചു. പാസ്‌പോര്‍ട്ട് ഓഫീസില്‍ ചെന്ന് അപേക്ഷാ ഫോറം കൊടുത്തു, ടിക്കറ്റിന്റെ സമയാവും ഡീറ്റെയില്‍സും പറഞ്ഞു. പിറ്റേദിവസം വൈകുന്നേരമാണ് ഞങ്ങള്‍ക്ക് പുറപ്പെടേണ്ടതെന്നും പറഞ്ഞു. ഫാമിലിയായി പോയില്ലെങ്കില്‍ ടിക്കറ്റിന്റെ പണവും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ പണവും നഷ്ടമാവുമെന്നു പറഞ്ഞു. അദ്ദേഹം എല്ലാം ശ്രദ്ധയോടെ കേട്ടു. ഒടുവില്‍ അദ്ദേഹം പറഞ്ഞു, വെള്ളിയാഴ്ചത്തേയ്ക്ക് റെഡിയാക്കാമെന്ന്.
ഞങ്ങളുടെ അവസ്ഥ അദ്ദേഹം സീനിയര്‍ ഓഫീസറെ ധരിപ്പിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് വീട്ടില്‍ ഡെലിവറി ചെയ്യാമെന്നും അതിനുള്ള ട്രാക്കിങ് നമ്പറും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും പ്രിന്റ് ചെയ്തു തന്നു. ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്കു പോന്നു. ഒമ്പതു മണിയോടെ പോസ്റ്റുമാന്‍ വന്നു. എന്നാല്‍ കത്തുകള്‍ ഇട്ട കൂട്ടത്തില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നില്ല.
(തുടരും)
(ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന എഴുത്തുകാരനും സീരിയല്‍ സംവിധായകനും മജീഷ്യനുമാണ് ജോണ്‍ മുളയങ്കല്‍ )

 • ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടിയുമായി ഒരു സ്‌കൂള്‍
 • കര്‍ഷകസമരം: ടൂള്‍കിറ്റിന്റെ പേരില്‍ പെണ്‍കുട്ടി അറസ്റ്റില്‍
 • അര്‍ണബ് ഗോസ്വാമിയെ ഇനിയെങ്കിലും പൂട്ടുമോ?
 • റിമംബറന്‍സ് ഡേ അഥവാ പോപ്പി ഡേ ഇന്ത്യക്കാരുടെതുകൂടി; ആ ഓര്‍മ്മ ദിവസം തിങ്കളാഴ്ച
 • യഹൂദരെ കൊന്ന് തള്ളിയ ഡാന്യൂബ് നദീതീരത്തെ ഈ ഷൂകള്‍ക്ക് വലിയൊരു കണ്ണീര്‍ക്കഥ പറയാനുണ്ട്
 • നേത്രാദാമിന് തീപിടിക്കുമ്പോള്‍ മുരളി തുമ്മാരുകുടി എഴുതുന്നു.....
 • കനവ്
 • കത്തോലിക് -ഓര്‍ത്തഡോക്സ് വിഭജനവും, ഗ്രാന്‍ഡ്‌ ബസാറും സുലൈമാന്‍ മോസ്ക്കും
 • ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍വഴികളിലൂടെ... യാത്രാവിവരണം -2
 • ചരിത്രം ഉറങ്ങുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ - യാത്രാവിവരണം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway