സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ വനിതാ മതിലിന്റെ പേരിലുള്ള വിവാദം അവസാനിച്ചിട്ടില്ല. വനിതാ മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍ വ്യക്തമാക്കി.
രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമമെന്നും വനിതാമതിലില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കളക്ടര്‍ കെ. വാസുകിക്കെതിരെ പരോക്ഷ വിമര്‍ശനവും മുരളീധരന്‍ നടത്തി. ജില്ലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ കളക്ടര്‍ വൃന്ദാ കാരാട്ടിനടുത്ത് നിന്ന് വനിതാ മതിലില്‍ കൈകോര്‍ക്കുകയായിരുന്നെന്നും ജില്ലാ വികസനസമിതിയോഗത്തില്‍പോലും പങ്കെടുക്കാന്‍ ഈ കളക്ടര്‍ എത്താറില്ലെന്നും മുരളീധരന്‍ ആരോപിച്ചു. തൃശൂര്‍ അനുപമയും മതിലില്‍ പങ്കെടുത്തിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്താണ് മതിലിനായി രംഗത്തുവന്നത്.