സദാചാര കല്പനകളെ വെല്ലുവിളിച്ചു കൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ നഗ്ന റെസ്റ്റൊറന്റുകള്‍ തുറന്നത്. പാരീസിലും ലണ്ടനിലുമൊക്കെ ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാര്‍ത്തയിലിടം പിടിച്ചു. എന്നാല്‍ തുടക്കത്തിലേ ആവേശം കെട്ടടങ്ങിയതോടെ ഇവയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.പാരീസിലെ ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ അതിക്രമങ്ങളോ ഒന്നുമല്ല കാരണം. നഗ്നരായി റെസ്റ്റൊറന്റിലെത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് വിഷയം. ഒ നാച്ചുറല്‍ എന്ന റെസ്റ്റൊറന്റിനാണ് അതിഥികളില്ലാത്തതിന്റെ പേരില്‍ താഴിടുന്നത്. ഉടുതുണിയഴിക്കാന്‍ ആളില്ലാതെ വരുന്നതോടെ നഗ്ന റെസ്റ്റൊറന്റുകള്‍ എന്ന പേരിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു.
2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്നരായി ഭക്ഷണം കഴിക്കാവുന്നതാണ്.
ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. എന്നാല്‍ റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്.