ഇന്റര്‍വ്യൂ

പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്


ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയില്‍ തുടരുന്ന ജോജു ജോര്‍ജ് ഇപ്പോള്‍ കരിയറില്‍ വലിയ ഉയരത്തിലാണ് . അവാര്‍ഡ് തിളക്കത്തില്‍ എത്തിയ 'ജോസഫി'ന്റെ വിജയത്തിനു ശേഷം ഹിറ്റ് മേക്കര്‍ ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസി'ല്‍ കാട്ടാളന്‍ പൊറിഞ്ചുവായി എത്തുകയാണ് ജോജു. 'രണ്ടു വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ തന്നെ സാധ്യതയില്ല. ജോസഫിനു ശേഷം വന്ന മാറ്റങ്ങളാണിതെല്ലാം' -ജോഷി ചിത്രത്തിലെ ടൈറ്റില്‍ റോളിനെ കുറിച്ച് ജോജു പറയുന്നു. പൊറിഞ്ചു മറിയം ജോസിനെ കുറിച്ചും സിനിമയില്‍ പെട്ടെന്നുണ്ടായി മാറ്റങ്ങളെ കുറിച്ചുമെല്ലാം താരം സംസാരിക്കുന്നു.


ഈ പ്രൊജക്ട് കുറേ നാളായി ഓണ്‍ ആണ്. പല നടന്‍മാരും ചെയ്യാനിരുന്നതാണ് 'പൊറിഞ്ചു മറിയം ജോസി'ലെ പൊറിഞ്ചു എന്ന കഥാപാത്രം. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. (പൊറിഞ്ചു) ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മള്‍ അത്ര സക്‌സസ്ഫുള്‍ ആയിട്ടില്ലല്ലോ. എന്നാല്‍, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോണ്‍ഫിഡന്‍സിലാണ് കഥ മാറുന്നത്.

ഒരു സെലിബ്രേഷനാണ് ഈ ചിത്രം. മലയാളികള്‍ക്ക് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി സാര്‍ തരുന്ന ഗിഫ്റ്റ്. സിനിമയെ ഉപാസിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുന്നൊരു പടമാണിത്. ഞങ്ങള്‍ അഭിനയിച്ചതിന്റെ പേരിലൊന്നും പറയുന്നതല്ല. ജോഷി സാറെന്ന ബ്രാന്‍ഡിനോടുള്ള വിശ്വാസമാണത്. വിശ്വാസം മാത്രമല്ല, സിനിമ പൂര്‍ത്തിയായ ശേഷം കണ്ടപ്പോഴും എനിക്ക് തോന്നിയത് അതുതന്നെയാണ്.

ചെമ്പനും നൈലയും വര്‍ഷങ്ങളായി എന്റെ സുഹൃത്തുക്കളാണ്. പൊറിഞ്ചുവും മറിയവും ജോസും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ കഥാപാത്രത്തെ കുറിച്ചും സന്ദര്‍ഭങ്ങളെ കുറിച്ചും ഏറ്റവും ബേസിക് ലെവലില്‍ നിന്ന് പരസ്പരം ചര്‍ച്ച ചെയ്യാനും കൂടുതല്‍ മികച്ചതാക്കാന്‍ സാറിന്റെ കൂടെ നില്‍ക്കാനും സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് സിനിമയ്ക്ക് നന്നായി ഗുണം ചെയ്തിട്ടുണ്ട്. അതിന്റെ റിസല്‍ട്ട് സ്‌ക്രീനില്‍ കാണുമെന്നാണ് പ്രതീക്ഷ.

കരിയറിലും ലൈഫിലും ഏറ്റവും വലിയ മാറ്റമാണ് ജോസഫ് ഉണ്ടാക്കിയത്. ജോസഫിന് മുമ്പും നല്ലതേ സംഭവിച്ചിട്ടുള്ളൂ. പക്ഷേ, ജോസഫിനു ശേഷം നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട എല്ലാ സംവിധായകരോടൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് -മലയാളത്തിലും തമിഴിലും. അത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇനി ഞാന്‍ അടങ്ങി ഒതുങ്ങി നല്ല രീതിയില്‍ അഭിനയിക്കുകയാണ് വേണ്ടത്!

കഴിഞ്ഞ വര്‍ഷം പ്രളയം ബാധിച്ചയാളാണ് ഞാന്‍. അതില്‍ത്തന്നെ നമ്മള്‍ പകച്ചുപോയി. എന്നാല്‍, അതിലും ഭീകരമായിട്ടാണ് പലര്‍ക്കും ഇത്തവണ പറ്റിയിട്ടുള്ളത്. നമ്മളെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു എന്നല്ലാതെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മറ്റൊന്നുമില്ല. സിനിമയില്‍ തന്നെ എന്നേക്കാളൊക്കെ അധികമായി പലരും പലകാര്യങ്ങളും ചെയ്യുന്നുണ്ട്. നവമാധ്യമങ്ങളിലൂടെയും മറ്റും കാണുന്നവര്‍ മാത്രമല്ല ദുരിതാശ്വാസത്തില്‍ പങ്കാളികളായിട്ടുള്ളത്. അത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെ തന്നെ സിനിമാ മേഖല മുന്നോട്ടുവന്നിട്ടുണ്ട്.

ജനം എന്നു പറയുന്നതില്‍ പെട്ട ഒരാളാണ് ഞാനും. സിനിമാ നടനായതുകൊണ്ട് എന്റെ വീട്ടില്‍ വെള്ളം കയറാതിരുന്നിട്ടില്ല. പ്രകൃതിയുടെ മുന്നില്‍ നമ്മളെല്ലാവരും ഒന്നാണ്. ഞാനെന്നും എല്ലാവരോടും ഇടപെടുന്ന ആളാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലത്ത് പുറത്തുനിന്ന് നോക്കിക്കാണുന്ന അതേ ബഹുമാനത്തില്‍ തന്നെയാണ് സിനിമയെ ഇപ്പോഴും കാണുന്നത്. അതിന്റെ ഉള്ളില്‍ക്കയറി മലമറിക്കുന്നു എന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ല.
മലയാളത്തിലും തമിഴിലുമായി എട്ടു ചിത്രങ്ങളാണ് ജോജുവിനെ കാത്തിരിക്കുന്നത്.
(കടപ്പാട് -മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions