കൊറോണ വൈറസ് ബാധ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഇത് വലിയ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കാമെന്നുമാണ് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. കോവിഡ് ബാധിച്ചവരില്‍ നാഡീസംബന്ധമായി ഗുരുതരരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കോവിഡിനെ തുടര്‍ന്ന് രോഗികളില്‍ ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍(UCL) 43 കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ രോഗികളില്‍ കൊറോണ ബാധ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ, പക്ഷാഘാതം, നാഡീതകരാറ് എന്നിവ ഉണ്ടായതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
1918-ല്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ളൂവുമായി ബന്ധപ്പെട്ടു 1920-കളിലും 30-കളിലും മഹാമാരിയ്ക്ക് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന സ്ലീപ്പിങ് സിക്ക്നെസ് അഥവാ സ്ലീപ്പി സിക്ക്നെസ് എന്ന എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക(Encephalitis lethargica)യുടെ ആഗോളവ്യാപനം സംഭവിച്ചിരുന്നു എന്ന് ഒരു സംഘം ഗവേഷകരുടെ അഭിപ്രായപ്പെടുന്നു. ഒന്നിനോടും താത്പര്യം പ്രകടിപ്പിക്കാതെ ഉറക്കം തൂങ്ങിയ അവസ്ഥയിലായതിനാലാണ് ഇതിനെ സ്ലീപ്പിങ് സിക്ക്നെസ് അഥവാ സ്ലീപ്പി സിക്ക്നെസ് എന്ന് പറയുന്നത്.
കോവിഡിന് ശേഷം സമാനരീതിയിലുള്ള രോഗാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ശ്വസനവ്യവസ്ഥയെയാണ് പ്രാഥമികമായി ബാധിക്കുന്നതെങ്കിലും നാഡിവൈകല്യങ്ങള്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ന്യൂറോസയന്റിസ്റ്റുകളും ബ്രെയിന്‍ സ്പെഷ്യലിസ്റ്റുകളും ഇതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താനാരംഭിച്ചിട്ടുണ്ട്.
ദശലക്ഷക്കണക്കിനാളുകളാണ് കോവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തരാവുന്നവരില് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അവരുടെ ജോലി ചെയ്യാനുള്ള കഴിവിനേയും ദൈനംദിന പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്ന് കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ന്യൂറോ സയന്റിസ്റ്റായ ആഡ്രിയന് ഓവന് പറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് മസ്തിഷ്കത്തകരാറുണ്ടാവുന്നവരുടെ എണ്ണവും വര്‍ധിക്കാമെന്ന ആശങ്ക ഗവേഷകര്‍ പങ്കുവെക്കുന്നു.