നാട്ടുവാര്‍ത്തകള്‍

വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത

കേരളത്തെ ഞെട്ടിച്ച വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ദുരൂഹതയും സംശയങ്ങളും ഇനിയും ബാക്കി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് ഇന്നലെ പിടിയിലായ സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയെ തള്ളിയെങ്കിലും തനിക്കു ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പുഴയില്‍ തള്ളി. എന്നാല്‍ ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ല. ഒളിവില്‍ പോയതല്ല, മരിക്കാനായി പോയതാണ്. പിന്നീടും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനാല്‍ വൈഗയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു. സനുമോഹന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയാസ്പദമാണ്. കടബാധ്യതയും മറ്റ്‌ ആശങ്കകളുമാണ്‌ കൊലയ്‌ക്ക്‌ പിന്നിലെന്നാണ്‌ സനു മോഹന്‍ പോലീസിനോട്‌ പറഞ്ഞത്. ഇക്കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ സനു മോഹന്‌ കഴിഞ്ഞിട്ടില്ല. സ്ഥിരതയില്ലാത്ത മൊഴികളാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നതെന്നും നാഗരാജു പറഞ്ഞു. എങ്ങനെ കൊലപ്പെടുത്തി എന്നതിലും കൂടുതല്‍ വ്യക്തത വേണം.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന്‍ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സനുവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, ഫ്‌ലാറ്റിലെ പരിശോധനക്കിടെ കണ്ടെത്തിയ രക്ത തുള്ളികളും കേസിന്റെ സങ്കീര്‍ണത കൂട്ടുന്നു. ഒപ്പം സനു മോഹന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.

വൈഗയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ളാറ്റില്‍ വെച്ച് വൈഗ മരിച്ചിട്ടില്ലെന്നും ബോധരഹിതയായ കുട്ടി മരിച്ചെന്ന് കരുതി സനു മോഹന്‍ പുഴയില്‍ തള്ളുകയായിരുന്നു എന്നുമാണ് സൂചന. പുഴയിലേക്ക് വീഴുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന കുട്ടി പുഴയില്‍ വീണതിന് ശേഷമായിരിക്കാം മരിച്ചതെന്നും പൊലീസ് കണക്കുകൂട്ടുന്നു.

ഇന്നലെ കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലെത്തിച്ച സനു മോഹനെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് കടക്കാനായിരുന്നു സനു മോഹന്റെ പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം സനു മോഹനുമായി കൊച്ചിയിലെത്തിയത്. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പിടിയിലായ സനുവിന്റെ പ്രാഥമിക ചോദ്യം ചെയ്യല്‍ യാത്രക്കിടെ പൂര്‍ത്തിയായതായി പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തൃക്കാക്കര അസി. കമ്മീഷണര്‍ ഓഫീസിലാണ് സനു മോഹനെ സൂക്ഷിച്ചിരിക്കുന്നത്.

കൊച്ചി കങ്ങരപ്പടിയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഇപ്പോള്‍ പിടിയിലാവുകയും ചെയ്ത സനു മോഹനില്‍നിന്ന് നിര്‍ണായകമായ നിരവധി വിവരങ്ങളാണ് പൊലീസ് തേടുന്നത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിന് ഉച്ചയോടെ കളമശേരിക്കടുത്ത് മുട്ടാര്‍ പുഴയില്‍നിന്നാണ് സനുവിന്റെ മകളായ പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുന്‍പുതന്നെ സനു മോഹന്‍ തിരോധാനത്തിനുള്ള പദ്ധതി തയാറാക്കിയെന്ന് പൊലീസ് പറയുന്നു. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സനു മോഹന്‍ കേരള പൊലീസ് പിടികൂടിയത്. കൊല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ തിരിച്ചറിയപ്പെട്ടത് തുടര്‍ന്ന് ഇവിടെ നിന്ന് മുങ്ങിയതോടെ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്.

അതിനിടെ, സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തികപ്രശ്‌നങ്ങള്‍ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവില്‍കഴിഞ്ഞത്, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്.

  • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
  • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
  • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
  • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
  • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
  • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
  • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
  • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
  • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
  • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway