വിദേശം

ആക്ടിവിസ്റ്റിനെ പിടികൂടാന്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; ബെലാറസ് പ്രസിഡന്റ് വിവാദത്തില്‍


ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്യാനായി ഒരു രാഷ്ട്ര തലവനും ചെയ്യാത്ത അതിനാടകീയ രംഗങ്ങളൊരുക്കി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാന്‍ഷ്‌കോ. ആക്ടിവിസ്റ്റ് റോമന്‍ പ്രൊട്ടാസെവിച്ചിനെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിന് വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കി ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് അടിയന്തര ലാന്റിംഗ് നടത്തിക്കുകയായിരുന്നു.

ഏഥന്‍സില്‍ നിന്നും വില്‍നിയസിലേക്ക് പോകുകയായിരുന്ന ഫ്‌ളൈറ്റിലായിരുന്നു റോമന്‍ പ്രൊട്ടാസെവിച്ചുണ്ടായിരുന്നത്. ലുകാന്‍ഷ്‌കോ നേരിട്ടാണ് വിമാന കമ്പനിയോട് മിന്‍സ്‌കില്‍ ലാന്‍ഡ് ചെയ്യണമെന്ന് അറിയിച്ചതെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഫ്‌ളൈറ്റില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചെന്നും അതുകൊണ്ട് തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ബെലാറസിന്റെ വാദം. മിന്‍സ്‌കിലെത്തിയ ഫ്‌ളെറ്റില്‍ പൊലീസെത്തി പരിശോധന നടത്തുകയും സ്‌ഫോടക വസ്തുക്കളില്ലെന്ന് അറിയിക്കുകയുമായിരുന്നെന്ന് വിമാനകമ്പനി അറിയിച്ചു.

എന്നാല്‍ ഏഴ് മണിക്കൂറിന് ശേഷം വീണ്ടും യാത്രയാരംഭിച്ച ഫ്‌ളൈറ്റില്‍ പ്രൊട്ടാസെവിച്ചുണ്ടായിരുന്നില്ല. പിന്നീട് മിന്‍സ്‌കിലെ വിമാനത്താവളത്തില്‍ വെച്ച് പ്രൊട്ടാസെവിച്ചിനെ അറസ്റ്റ് ചെയ്‌തെന്ന് ബെലാറസ് ആഭ്യന്തരമന്ത്രി അറിയിക്കുകയായിരുന്നു.

ടെലഗ്രാമിന്റെ മെസേജിങ്ങ് നെക്‌സ്റ്റ ചാനലിന്റെ സഹ സ്ഥാപകരിലൊരാളാണ് 26കാരനായ റോമന്‍ പ്രൊട്ടാസെവിച്ച്. ഈ ആപ്പായിരുന്നു പ്രസിഡന്റ് ലുകാന്‍ഷ്‌കോക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സന്ദേശങ്ങള്‍ അയക്കാനും മറ്റും പ്രതിപക്ഷം ഉപയോഗിച്ചിരുന്നത്. കൂടുതല്‍ ആളുകളെ സമരങ്ങളിലേക്ക് എത്തിക്കാന്‍ ആപ്പ് വഴി പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ നെക്സ്റ്റ ചാനല്‍ തീവ്രവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ലുകാന്‍ഷ്‌കോ എത്തിയിരുന്നു.

പ്രൊട്ടാസെവിച്ചിനെതിരെ 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വരെ ലഭിക്കാനുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. തുടര്‍ന്ന് പ്രൊട്ടാസെവിച്ച് പോളണ്ടിലേക്ക് നാടുവിട്ടിരുന്നു.

ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് തിരിച്ചുവിട്ടതിനും ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്തതിനുമെതിരെ ലുകാന്‍ഷ്‌കോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രൊട്ടാസെവിച്ചിനെ മോചിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ സിവില്‍ ഏവിയേഷന്‍ ബോഡി ബെലാറസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഫ്‌ളൈറ്റിനെ ഭീഷണിപ്പെടുത്തി ഗതി മാറ്റിയതും മാധ്യമപ്രവര്‍ത്തകനായ റോമന്‍ പ്രൊട്ടാസെവിച്ചിനെ അറസ്റ്റ് ചെയ്തതും അപലപനീയമാണെന്ന് അമേരിക്ക പ്രതികരിച്ചു. പ്രൊട്ടാസെവിച്ചിനെ എത്രയും വേഗം മോചിപ്പിക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു.

ലുകാന്‍ഷ്‌കോ ഫ്‌ളൈറ്റ് ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും ഇത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഭീകരവാദ പ്രവര്‍ത്തനമാണെന്നും പോളണ്ട് പ്രധാനമന്ത്രി മറ്റേയൂസ് മൊറാവെയീസ്‌കി പ്രതികരിച്ചു.

 • ഫ്രാന്‍സില്‍ ഇന്ന് മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട
 • ബലൂണ്‍ ബോംബുകളയച്ച് ഹമാസ്; വ്യോമാക്രമണം നടത്തി ഇസ്രായേല്‍ തിരിച്ചടി
 • ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരിക്ക് പുലിറ്റ്‌സര്‍ പ്രൈസ്
 • ഫ്രഞ്ച് പ്രസിഡന്റിന്റെ കാരണത്തടിച്ച യുവാവിന് തടവ് വിധിച്ച് കോടതി
 • ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കി; നിരോധനം രണ്ട് വര്‍ഷത്തേക്ക്
 • കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
 • ശ്വാസകോശത്തില്‍ കയറിക്കൂടുന്ന കോവിഡ് വൈറസിനെ 99.9% തുരുത്താനുള്ള കണ്ടെത്തലുമായി ഗവേഷകര്‍
 • ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തിലെ പകുതിയോളം പേര്‍ക്ക് കൊറോണ
 • വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇനി മാസ്‌ക് ഒഴിവാക്കാം; ബൈഡന്‍
 • സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway