ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടിയുമായി ഒരു സ്കൂള്‍
ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടി സംഘടിപ്പിച്ചു ശ്രദ്ധേയമായി ഒരു സ്കൂള്‍. പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതില്‍ മാത്രമല്ല അവയെ ശ്രദ്ധയോടെ പരിപാലിക്കുന്നതിന്റെ പ്രാധാന്യം കൂടി പഠിപ്പിക്കുന്നതായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്കൂളിലെ കൊച്ചു കൂട്ടുകാര്‍. അതിനവര്‍ അവതരിപ്പിച്ചത് 'മരത്തിനൊരു മുത്തം' പരിപാടിയായിരുന്നു.
വൃക്ഷങ്ങളെ സ്നേഹിക്കാന്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെ പഠിപ്പിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണയെ ആദരിക്കുകയായിരുന്നു 'മരത്തിനൊരു മുത്തം' പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്നു സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. സൗമ്യ പറഞ്ഞു.
പരിസ്ഥിതി ദിനത്തില്‍ മണിയംകുന്നിലെ കുട്ടികള്‍, തങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ നട്ടു സംരക്ഷിച്ചുപോന്ന മരത്തിന്റെ ചുവടു തെളിച്ചും കിളച്ചു വളവും വെള്ളവും നല്കി പുണര്‍ന്നു മുത്തം നല്‍കിയായിരുന്നു തങ്ങളുടെ പ്രകൃതിയോടും പരിസ്ഥിതിയോടും ഉള്ള സ്നേഹവും കരുതലും വെളിവാക്കിയത്. എല്ലാ കുട്ടികളും തങ്ങളുടെ പഴയ തൈകള്‍ പരിപാലിക്കുന്നതിന്റെയും മരവിശേഷം പങ്കുവയ്ക്കുന്നതിന്റെയും വീഡിയോ എടുത്തു അയച്ചു കൊടുത്താണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കൊണ്ടാടിയത്.
കൊറോണകാലത്തു കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ കഴിയുന്നില്ലെങ്കിലും ഓണ്‍ലൈനിലൂടെ അധ്യാപകരുമായി സംവദിച്ചു പരിസ്ഥിതി ദിനം മാതൃകാപരമായി ആചരിക്കാന്‍ അവര്‍ക്കായി. 116 വര്‍ഷം പഴക്കമുള്ള, പാഠ്യ- പാഠ്യേതര രംഗത്തു മികവ് പുലര്‍ത്തുന്ന പ്രദേശത്തെ മാതൃകാ വിദ്യാലയം കൂടിയാണ് മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്കൂള്‍.