നാട്ടുവാര്‍ത്തകള്‍

വനംകൊള്ള: സര്‍ക്കാര്‍ മറുപടി പറയണം

തിരുവനന്തപുരം: സംസ്ഥാനവും ജനങ്ങളും ലോക് ഡൗണില്‍ കഴിയുമ്പോള്‍ കോടികളുടെ വനം കൊള്ള നടത്തിയ സംഭവത്തില്‍ ഒളിച്ചുകളിച്ചു സര്‍ക്കാര്‍. കോടിക്കണക്കിന് രൂപയുടെ മരമാണ് മുറിച്ച് കടത്തിയത്. വയനാട്ടില്‍ നിന്ന് ഈട്ടിത്തടികള്‍ എറണാകുളത്തു പുഷ്പംപോലെ എത്തിച്ചാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ കൊള്ള നടന്നിരിക്കുന്നത്. ജനങ്ങളുടെ യാത്ര കവലകള്‍ തോറും ചെക്ക് ചെയ്യുന്ന പോലീസ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന തടികള്‍ വഴിയിലൊരിടത്തും കണ്ടില്ല എന്നതാണ് ഇതിനു പിന്നിലെ കളികള്‍ എത്രയാണെന്ന് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ പഴി പറഞ്ഞു സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും രക്ഷപ്പെടാനാകില്ല . ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിടി തോമസിന്റെ നാക്കു പിഴയുടെ പിന്നാലെ പോകാതെ കൊള്ളയുടെ യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്തുകയാണ് വേണ്ടത്. ഒരു മാസം പോലും പിന്നിടാത്ത സര്‍ക്കാരിന്റെ സര്‍വീസ് ബുക്കിലെ ബാഡ് മാര്‍ക്കായി ഇത് മാറിക്കഴിഞ്ഞു.

അതിനിടെ, മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി കണ്ടിരുന്നു എന്ന് ചിത്രം പുറത്തുവിട്ട് പി.ടി. തോമസ് എംഎല്‍എ ആരോപിച്ചു. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായാണ് പി.ടി. തോമസ് രംഗത്തെത്തിയത്. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു.

പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി. തോമസിന്റെ പ്രതികരണം. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

താനല്ലായിരുന്നു അന്നു മുഖ്യമന്ത്രിയെന്നും അത് തന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി.ടി. തോമസിന് പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് തനിക്കു നിശ്ചയമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരിഹാസം.

കൊച്ചിയില്‍ നടന്ന മാംഗോ മൊബൈല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചെന്നാണ് കഴിഞ്ഞ ദിവസം പി.ടി. തോമസ് പറഞ്ഞത്. മുട്ടില്‍ വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു പിടി തോമസിന്റെ പരാമര്‍ശം.

പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വന്‍തോതില്‍ ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് കടത്തിയത്. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഈ ഉത്തരവ് സര്‍ക്കാര്‍ അറിവോടെ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിട്ടും ഭരണതലത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായി. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തരവ് തിരുത്തിയത് നാലുമാസം കഴിഞ്ഞാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴേയ്ക്കും കടത്താനുള്ളതെല്ലാം കടത്തി.

വയനാടിന് പുറമെ തൃശൂരിലും ഇടുക്കിയിലും മരം കൊള്ള നടന്നിട്ടുണ്ടെന്നാണ് പുതിയ വിവരം. ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ ഉള്‍പ്പെടെയാണ് മരം മുറിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇടുക്കി തട്ടേക്കാട് നിന്നും മാത്രം എണ്‍പതില്‍ അധികം മരം മുറിച്ച് കടത്തിയിട്ടുണ്ട്. തൃശൂരില്‍ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റേഞ്ചുകളിലാണ് മരം മുറിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മരം മുറിക്ക് കാരണമായ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും കൊള്ളതുടര്‍ന്നു. സമാനതകളില്ലാത്ത കൊള്ളയാണ് നടന്നിരിക്കുന്നത്. മറ്റു ജില്ലകളിലെ വിവരങ്ങള്‍ ഇനി പുറത്തു വരാനുണ്ട്. ഇത്രവലിയ പകല്‍കൊള്ള നടന്നിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കണ്ണടക്കുന്നുണ്ട്.

അതിനിടെ, മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. ഈ മാസം മൂന്നിന് വനം വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കി കഴിഞ്ഞു. മുട്ടില്‍ മരംമുറിയുടെ വിശാദംശങ്ങള്‍ തേടിയാണ് ഇഡി ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരാതി, എഫ്‌ഐആര്‍, മഹസര്‍ എന്നിവയുടെ പകര്‍പ്പ് ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വനം വകുപ്പിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ കത്തുനല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റിന് വിശദാംശങ്ങള്‍ നല്‍കുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനം കൂടി വരട്ടേയെന്നാണ് വനംവകുപ്പിന്റെ നിലപാട്.

 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു
 • കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
 • കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
 • കോവിഡ് മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യം
 • ആപ്പ് പരിപാടി ഉപേക്ഷിച്ചു; നാളെ മുതല്‍ കേരളത്തില്‍ ബിവറേജില്‍ നിന്ന് മദ്യം നേരിട്ട് വാങ്ങാം
 • കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, മദ്യശാലകള്‍ തുറക്കും
 • വനം കൊള്ള 8 ജില്ലകളില്‍; വിദേശത്തേക്കും കടത്തി
 • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
 • ഒറ്റഡോസ് മരുന്നിന് 16 കോടി; കുഞ്ഞിന് ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍
 • തൃശൂരില്‍ വീടിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; ഭര്‍ത്താവ് കാവലിരുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway