അസോസിയേഷന്‍

കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി

മെയ്ഡ്സ്റ്റോണ്‍: മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങള്‍ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നല്‍കിയ പത്തു മണിക്കൂറില്‍ ഏഴു മാച്ചുകള്‍ പൂര്‍ത്തിയാക്കി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓള്‍ യുകെ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി. ജൂണ്‍ 27 ഞായറാഴ്ച മെയ്ഡസ്റ്റണിലെ ഓക്ക് വുഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്ത ടൂര്‍ണമെന്റില്‍ കൊമ്പന്‍സ് ഇലവന്‍ വിജയകിരീടം ചൂടി. ഫൈനലില്‍ സഹൃദയ റോയല്‍സ് ക്രിക്കറ്റ് ക്ലബ് ടണ്‍ ബ്രിഡ്ജ്‌വെല്‍സിനെതിരെ 61 റണ്‍സിന്റെ ആധികാരിക വിജയം കാഴ്ചവച്ചാണ് കൊമ്പന്‍സ് ചാമ്പ്യന്മാരായത്. മൂന്നു മത്സരങ്ങളില്‍ നിന്നും 104 റണ്‍സ് കുറിച്ച കൊമ്പന്‍സിന്റെ അമല്‍ ബേബി ബെസ്‌ററ് ബാറ്റ്‌സ്മാന്‍ അവാര്‍ഡും ഫൈനലില്‍ നേടിയ 45 റണ്‍സിന്റെ മികവില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും കരസ്ഥമാക്കി. മൂന്നു മത്സരങ്ങളില്‍നിന്നും 7 വിക്കറ്റ് നേടിയ സഹൃദയയുടെ അബി കൃഷ്ണ ബെസ്‌ററ് ബൗളര്‍ക്കുള്ള അവാര്‍ഡ് നേടി.

ആവേശം വാനോളമുയര്‍ന്ന രണ്ടു സെമിഫൈനലുകളും കാണികള്‍ക്ക് അത്യപൂര്‍വമായ കളിമുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ഓക്ക് വുഡ് പിച്ചില്‍ നടന്ന ആദ്യ സെമിഫൈനലില്‍ ആതിഥേയരായ മെയ്ഡ്‌സ്റ്റോണ്‍ സൂപ്പര്‍ കിങ്‌സ് എ ടീമിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് സഹൃദയ റോയല്‍സ് ഫൈനലില്‍ പ്രവേശിച്ചത്. സെന്റ് അഗസ്റ്റിന്‍സ് പിച്ചില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ ഫൈനലിനെ വെല്ലുന്ന തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചാണ് യുകെയിലെ തന്നെ ശക്തരായ ഫീനിക്‌സ് നോര്‍ത്താംപ്ടനെ കൊമ്പന്‍സ് മുട്ടുകുത്തിച്ചത്. ഗ്രൂപ്പ് സ്റ്റേജില്‍ നടന്ന മത്സരങ്ങളില്‍ ജില്ലിങ്ഹാം വാരിയേഴ്‌സിനെ പരാജയപ്പെടുത്തി മെയ്ഡ് സ്റ്റോണ്‍ സൂപ്പര്‍ കിങ്‌സ് എയും, മെയ്ഡ് സ്റ്റോണ്‍ സൂപ്പര്‍ കിങ്‌സ് ബി ടീമിനെ പരാജയപ്പെടുത്തി സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സും ചില്‍സ് ആഷ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി ഫീനിക്‌സ് നോര്‍ത്താംപ്ടനും ബാസില്‍ഡണ്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി കൊമ്പന്‍സ് ഇലവനും സെമി ഫൈനലില്‍ കടന്നു.

മെയ്ഡ് സ്റ്റോണ്‍ ഓക്ക് വുഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഞായറാഴ്ച രാവിലെ 8.30 ന് തുടക്കം കുറിച്ച ടൂര്‍ണമെന്റിന്റെ ഉദഘാടനം എംഎംഎ പ്രസിഡന്റ് രാജി കുര്യന്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി രൂപം കൊടുത്ത ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ മികവില്‍ മഴയെത്തുന്നതിനു മുമ്പേ ഫൈനല്‍ ഉള്‍പ്പെടെ ഏഴു മത്സരങ്ങളും സമയബന്ധിതമായി നടത്തുവാന്‍ സംഘാടകര്‍ക്ക് സാധിച്ചു. ഓക്ക് വുഡ് പാര്‍ക്ക് ഗ്രൗണ്ടിലും സെന്റ്.അഗസ്റ്റിന്‍സ് ഗ്രൗണ്ടിലുമായി ഒരേസമയം പുരോഗമിച്ചു കൊണ്ടിരുന്ന മത്സരങ്ങളില്‍ ഇംഗ്ലീഷ് അമ്പയര്‍മാര്‍ കളി നിയന്ത്രിച്ചു.

എംഎംഎ പ്രസിഡന്റ് രാജി കുര്യന്‍, സെക്രട്ടറി ബിനു ജോര്‍ജ്, ട്രഷറര്‍ രെഞ്ചു വര്‍ഗീസ്, കമ്മറ്റി അംഗങ്ങളായ ബൈജു ഡാനിയേല്‍, ഷാജി ജെയിംസ്, ആന്റണി സേവ്യര്‍, ലിന്‍സി കുര്യന്‍, സ്‌നേഹ ബേബി എന്നിവര്‍ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയപ്പോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളായ ജോഷി, ലാലിച്ചന്‍, എബി, സിസാന്‍, അലക്‌സ്, ജോ, റോയ്, ജോണ്‍സണ്‍, ഫ്രഡറിക്, ബിനു, മനോജ് എന്നിവരുടെ പ്രശംസനീയമായ പ്രവര്‍ത്തനം മത്സരത്തെ മികച്ച നിലവാരത്തിലേക്കുയര്‍ത്തി. എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ കാണികള്‍ക്കും കളിക്കാര്‍ക്കുമായി മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു. എംഎംഎയുടെ യൂത്ത് വിങ്ങായ എംവൈസിയുടെ അംഗങ്ങള്‍ മത്സരങ്ങള്‍ക്കാവശ്യമായ ക്രമീകരണങ്ങളുമായി രണ്ടു ഗ്രൗണ്ടിലുമായി മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്.
ജേതാക്കള്‍ക്ക് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്ത 750 പൗണ്ടും എംഎംഎ നല്‍കിയ എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ടീമിന് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സും എംജി ടൂഷ്യന്‍സും നല്‍കിയ 500 പൗണ്ടും എംഎംഎ എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചപ്പോള്‍ സെമിഫൈനലിസ്റ്റുകള്‍ക്ക് എംഎംഎ ഏര്‍പ്പെടുത്തിയ ട്രോഫികള്‍ സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്നു.

ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളും എംഎംഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഓക്ക് വുഡ് പാര്‍ക്ക് മാനേജിങ് മെമ്പര്‍ ബ്രയന്റ് ഫ്‌ലിന്റും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രതികൂലസാഹചര്യത്തിലും ആവേശം വാനോളമുയര്‍ന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണികള്‍ക്കായി കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ് രാജി കുര്യന്‍ പറഞ്ഞു. എംഎംഎയുടെ താളുകളില്‍ സുവര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യുവാന്‍ പര്യാപ്തമായ രീതിയില്‍ ഈ മത്സരത്തെ വിജയിപ്പിക്കുവാന്‍ സഹായിച്ച എല്ലാ ടീമംഗങ്ങളോടും അസോസിയേഷന്‍ അംഗങ്ങളോടും വന്നു സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.

 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
 • 'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
 • രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
 • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്
 • പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു
 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway