ചരമം

ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു

ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായ പി കെ വാര്യര്‍ (100) അന്തരിച്ചു. കോട്ടക്കലിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ഈ സമയത്ത് അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായി ആശുപത്രി വിട്ടെങ്കിലും അടുത്തിടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ വാര്യര്‍. 100ാം വയസ്സിലും ചിട്ടയായ ജീവിത ചര്യയാണ് പികെ വാര്യര്‍ പിന്തുടര്‍ന്നിരുന്നത്. രാവിലെ നാലരമണിക്ക് എഴുന്നേല്‍ക്കും.ഏഴരയ്ക്കാണ് പ്രഭാതഭക്ഷണം. ആയുര്‍ വേദ പുസ്തകങ്ങള്‍, മാസികകള്‍ വായിക്കല്‍, പത്ര വായന എന്നിവ ഒരിക്കലും മുടക്കാറുണ്ടായിരുന്നില്ല. രാത്രി ഒമ്പതരയോടെ ഉറങ്ങും. ഈ ചിട്ടകളില്‍ ഒരു വിട്ടുവീഴ്ചയും പികെ വാര്യര്‍ വരുത്തിയിരുന്നില്ല.

ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പികെ വാര്യരെ രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല 1999 ല്‍ ബഹുമാനസൂചകമായി ഡി. ലിറ്റ് നല്‍കി. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന പിസി അലക്‌സാണ്ടറില്‍ നിന്നും 30 മത് ധന്വന്തരി അവാര്‍ഡും പി കെ വാര്യര്‍ക്ക് ലഭിച്ചു.

കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്‌സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. മഹാത്മഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി. പികെ വാര്യരുടെ സ്മൃതിപര്‍വം ആത്മകഥയ്ക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകള്‍’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പികെ വാര്യര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1954 ല്‍ നഴ്‌സിംങ് ഹോം പ്രവര്‍ത്തനമാരംഭിച്ചു. 2000 ത്തില്‍ ഡല്‍ഹിയിലും ആശുപത്രി തുടങ്ങി. 2008 ല്‍ എറണാകുളത്തും ആരംഭിച്ചു. 1987 ല്‍ കോപ്പന്‍ഹേഗനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് കരസ്ഥമാക്കി. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടു തവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് പ്രൊജക്ട് ഓഫീസര്‍ കൂടിയായിരുന്നു അദ്ദേഹം.

കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ് ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

 • സുമിത്തിന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം നാളെ യാത്രമൊഴിയേകും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • നഴ്‌സായ യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
 • അയര്‍ലന്റില്‍ ചികിത്സയിലിരിക്കെ മൂവാറ്റുപുഴ സ്വദേശിനിയായ നഴ്‌സ് അന്തരിച്ചു
 • പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകവേ ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനും കുഞ്ഞിനും ദാരുണ മരണം, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
 • കെടിഎസ് പടന്നയില്‍ അന്തരിച്ചു
 • കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു
 • ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു
 • മലയാളി ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ മോഹന്‍ലാല്‍ കുമാരന്‍ ഈസ്റ്റ്ഹാമില്‍ അന്തരിച്ചു
 • അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി മരിച്ച നിലയില്‍
 • ഇടപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ അടിച്ചുകൊന്നു: പോലീസുകാരനടക്കം അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway