വിദേശം

ജര്‍മനിയിലെ പ്രളയം: മരണം 180 കടന്നു; നൂറുകണക്കിന് പേരെ കാണാതായി

ബെര്‍ലിന്‍: ജര്‍മനിയിലുണ്ടായ മഹാ പ്രളയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. നിലവിലെ കണക്ക് പ്രകാരം 180 പേരാണ് പ്രളയത്തില്‍ മരിച്ചത്. നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ട ധനസഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മെര്‍ക്കല്‍ അറിയിച്ചിട്ടുണ്ട്.

'ഈ സ്ഥിതി ഭയപ്പെടുത്തുന്നതാണ്. നിലവിലെ രാജ്യത്തിന്റെ അവസ്ഥയെ വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയുന്നില്ല. ശക്തമായ രാജ്യമാണ് ജര്‍മനി. ഈ പ്രകൃതി ദുരന്തത്തെ ഞങ്ങള്‍ ധൈര്യമായി തന്നെ നേരിടും,' മെര്‍ക്കല്‍ പറഞ്ഞു.

എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. തെക്കേ കൊളോണിലെ അഹര്‍വീലര്‍ ജില്ലയില്‍ മാത്രം 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കൊളോണിലെ വാസന്‍ബര്‍ഗ് പ്രവിശ്യയില്‍ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീന്‍ബാച്ചല്‍ തകരുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരപ്രദേശത്ത് നിന്നും 4500 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന ഹൃദയം നുറുങ്ങുന്നതാണെന്നും എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീയര്‍ പറഞ്ഞു.

ഒരാഴ്ചക്ക് ശേഷം മാത്രമേ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനുശേഷമായിരിക്കും ദുരിതാശ്വാസ പദ്ധതികളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കുകയെന്നും ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, നിലവില്‍ വെള്ളത്തിന്റെ നില ഉയരാതെ തുടരുന്നതിനാല്‍ ഒരുപക്ഷെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കില്ലെന്ന പ്രതീക്ഷയും വാസന്‍ബര്‍ഗ് പ്രവിശ്യയിലെ അധികൃതര്‍ പങ്കുവെക്കുന്നുണ്ട്.

 • മത്സരങ്ങള്‍ തുടങ്ങാന്‍ 6 ദിവസം; ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചു
 • കിഴക്കന്‍ യൂറോപ്പില്‍ മഹാപ്രളയം, 70 മരണം; നിരവധി പേരെ കാണാതായി
 • മുന്‍ പ്രസിഡന്റ് ജയിലില്‍: ദക്ഷിണാഫ്രിക്കയില്‍ കലാപത്തില്‍ 72 മരണം, വ്യാപക കൊള്ള
 • ബഹിരാകാശ ടൂറ് പോയി റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഭൂമിയില്‍ തിരിച്ചെത്തി
 • ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഘത്തിലെ 4 പേരെ വെടിവെച്ചു കൊന്നു
 • ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് വെടിയേറ്റു മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
 • മാരാക്കാനയില്‍ ഞായറാഴ്ച അര്‍ജന്റീന- ബ്രസീല്‍ സ്വപ്‌ന ഫൈനല്‍
 • റഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു; 28 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍
 • കോട്ടയം സ്വദേശി യുഎസിലെ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി
 • ജോര്‍ജ് ഫ്ളോയ്ഡിനെ ക്രൂരമായി കൊലപ്പെടുത്തിയ ഡെറക് ചൗവിന് 22 വര്‍ഷം തടവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway