നാട്ടുവാര്‍ത്തകള്‍

പീഡനക്കേസ് ഒതുക്കാന്‍ ഇരയെ സ്വാധീനിക്കല്‍: ആദ്യ വിക്കറ്റ് ശശീന്ദ്രന്റെയോ?


താന്‍ പീഡനക്കേസ് ഒതുക്കാന്‍ ഇടപെട്ട വിഷയം അഴിയാകുരുക്ക് ആയതോടെ
എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങുന്നു.
യുവതി മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത് ശശീന്ദ്രന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയേ പ്രതിരോധത്തിലാക്കുന്നത്. പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന് രാജി വയ്‌ക്കേണ്ടിവരും.

കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിന് കോടതിയെ സമീപക്കാനാവും . കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാവും .

എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോഴിക്കോട് നിന്നും തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൌസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും രാജിവെയ്‌ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം അത് ശ്രദ്ധാപൂര്‍വ്വം കേട്ടു. നിയമസഭാ സമ്മേളനത്തിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. അതിനാല്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശീന്ദ്രന്‍ മറുപടി നല്‍കി. രണ്ടാം പിണറായി സര്‍ക്കാരില്‍ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെടാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിച്ചാല്‍ അദ്ദേഹത്തിന് പുറത്തേക്ക് പോകാന്‍ വഴിയൊരുങ്ങും. തുടര്‍ച്ചയായി രണ്ട് സര്‍ക്കാരുകളില്‍ നിന്നും അധാര്‍മിക വിഷയങ്ങകളില്‍ രാജിവയ്‌ക്കേണ്ടി വന്നുവെന്ന നാണക്കേട് ശശീന്ദ്രന്‍ ചാര്‍ത്തി കിട്ടുകയും ചെയ്യും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അംഗവുമായ യുവതി എന്‍സിപി കമ്മീഷനോട് സഹകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അംഗമായതിനാല്‍ കമ്മീഷന് മുന്നില്‍ പോകേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അനുസരിച്ച യുവതി വീട്ടില്‍ നിന്നും മാറുകയും ചെയ്തിട്ടുണ്ട്.

സ്വന്തം നേതാവിനെ രക്ഷിച്ചെടുക്കാനാണ് എന്‍സിപി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിന് മുന്നിലെത്തേണ്ട സാഹചര്യം പരാതിക്കാരിയായ ആ പെണ്‍കുട്ടിയ്ക്ക് ഇല്ലെന്നാണ് ബിജെപി നിലപാട്. എന്നാല്‍, എന്‍സിപി പ്രവര്‍ത്തകനായ യുവതിയുടെ അച്ഛനും അമ്മയും കമ്മീഷന് മൊഴിനല്‍കും.

കേസിനെക്കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. അത് നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും പിന്നീട് അദ്ദേഹം ഫോണ്‍ കട്ട് ചെയ്ത് പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പല എന്‍സിപി നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സ്ത്രീപീഡന പരാതിയാണെന്നറിയാതെയാണ് വിഷയത്തില്‍ ഇടപ്പെട്ടതെന്ന മന്ത്രിയുടെ വിശദീകരണത്തെ തള്ളുന്നതാണ് പരാതിക്കാരിയുടെ പ്രതികരണം.

യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് മന്ത്രി എന്‍സിപി പ്രാദേശിക നേതാവായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്.

ഇത് രണ്ടാം തവണയാണ് ഫോണ്‍ കുരുക്കില്‍ എ കെ ശശീന്ദ്രന്‍ ഇടതുമുന്നണിയെയും പിണറായി സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മംഗളത്തിന്റെ ഓപ്പറേഷന്‍ ഹണിട്രാപ്പില്‍ കുടുങ്ങിയാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഇത്തവണയും ഫോണ്‍ കെണിയാണ് ശശീന്ദ്രനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നത്. കഴിഞ്ഞ തവണ വിവാദ വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി വാങ്ങിയിരുന്നു. മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്.

ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള എകെ ശശീന്ദ്രന്റെ കൂടിക്കാഴ്ചയെന്നുമാണ് വിലയിരുത്തല്‍. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്നും മുഖ്യമന്ത്രി അതെല്ലാം കേട്ടു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ് എന്നും മന്ത്രി പ്രതികരിച്ചിരുന്നു.
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 • ഭാരതമാതാവിനെ അപമാനിച്ചെന്ന് കേസ്; തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പുരോ​ഹിതന്‍ അറസ്റ്റില്‍
 • എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ നവവധു തൂങ്ങിമരിച്ച നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway