വിദേശം

ഓസ്‌ട്രേലിയ വിദേശ യാത്രാ വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി; വെട്ടിലായി മലയാളികള്‍


ഓസ്‌ട്രേലിയ വിദേശ യാത്രയ്ക്കുള്ള വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അതോടെ ഈ വര്‍ഷവും നാട്ടില്‍ പോയി വരാമെന്നുള്ള മലയാളികളുടെ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതും ഒക്ടോബറില്‍ ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാവുമെന്നതും ഇന്ത്യയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കുന്നു. കോവിഡ് ബാധ രൂക്ഷമായ 2020 മാര്‍ച്ചിലാണ് വിദേശയാത്രക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. വൈറസ് വ്യാപനം കൂടിയതോടെ വിലക്ക് വീണ്ടും നീട്ടിയിരുന്നു.

ഈ സെപ്റ്റംബര്‍ 17 വരെയായിരുന്നു യാത്രാവിലക്ക്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും മൂന്ന് മാസത്തേക്കു കൂടി നീട്ടിയത്. ഇതോടെ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ്സിനും വിദേശത്തു യാത്ര ചെയ്യാനുള്ള വിലക്ക് ഡിസംബര്‍ 17 വരെയാക്കി.

പല വിദേശ രാജ്യങ്ങളിലും പടരുന്ന വൈറസ് പൊതുസമൂഹത്തിന് അപകടകരമാകാനുള്ള സാധ്യതയുണ്ടെന്നാണ് ദി ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പല്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. ഇത് പ്രകാരമാണ് വിലക്ക് ഡിസംബര്‍ വരെ നീട്ടിയതെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

വിലക്ക് നിലനില്‍ക്കെ, നിലവില്‍ സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. അതും അവശ്യ ഘട്ടങ്ങളില്‍ മാത്രം.

രാജ്യത്ത് 16 വയസിന് മേലുള്ള 80 ശതമാനം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ രാജ്യാന്തര യാത്രകള്‍ അനുവദിക്കുമെന്നാണ് ദേശീയ ക്യാബിനറ്റില്‍ ധാരണയായത്.

വിദേശ യാത്രക്കുള്ള വിലക്ക് നീട്ടിയതില്‍ നിരവധി ഇന്ത്യക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തി അടച്ചിട്ട് ഒന്നര്‍ വര്‍ഷം പിന്നിട്ടപ്പോള്‍, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. അവധിക്കായും, പ്രസവത്തിനായും മറ്റും നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ വരാന്‍കഴിയാതായതോടെ രണ്ട് വര്‍ഷത്തോളമായി കുടുംബത്തെ പിരിഞ്ഞിരിക്കുകയാണ് പലരും. മാതാപിതാക്കള്‍ മരിച്ചിട്ട് പോലും യാത്ര ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമം നേരിടുന്നവരും നിരവധിയാണ്.

മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതും, മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നേരില്‍ ചെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇളവുകള്‍ ലഭിച്ച് യാത്ര ചെയ്താലും, ഓസ്‌ട്രേലിയയിലേക്ക് ഈ വര്‍ഷം തിരികെ മടങ്ങാന്‍ കഴിയുമോ എന്നതില്‍ ഉറപ്പില്ലാത്തതും യാത്ര ചെയ്യാന്‍ തടസമാകുന്നു.

 • ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
 • കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
 • യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
 • കേരളത്തിന്റെ നാടന്‍ വാറ്റ് കാനഡയില്‍ അവതരിപ്പിച്ച് മലയാളികള്‍; വന്‍ ഡിമാന്റ്
 • മാനസികാരോഗ്യം മുഖ്യം; ജീവനക്കാര്‍ക്ക് ഒരാഴ്ച നിര്‍ബന്ധിത അവധി നല്‍കി നൈക്ക്
 • കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇരട്ട ചാവേര്‍ സ്‌ഫോടനം; 13 യുഎസ് സൈനികരടക്കം 90 മരണം
 • അഫ്ഗാനിലെ മന്ത്രി ഇപ്പോള്‍ ഉപജീവനത്തിന് ജര്‍മനിയില്‍ പിസ ഡെലിവറി ബോയ്
 • അഫ്ഗാനില്‍ രക്ഷാദൗത്യത്തിനെത്തിയ യുക്രൈയിനിന്റെ വിമാനം റാഞ്ചി ഇറാനിലേക്ക് കൊണ്ടുപോയി
 • കാബൂള്‍ എയര്‍പോര്‍ട്ടില്‍ സ്ഥിതി വഷളാവുന്നു; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജര്‍മനിയും അമേരിക്കയും
 • കൈകഴുകി ബൈഡന്‍: വിമാനത്തില്‍ നിന്നും ആളുകള്‍ താഴെ വീണത് 5 ദിവസം മുമ്പത്തെ കാര്യമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway