വിദേശം

ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം


അഞ്ച് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം. അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പിച്ച് ഓസ്‌ട്രേലിയ ആദ്യമായി ട്വന്റി 20 ലോകകപ്പ് കിരീടം ചൂടി. ദുബായില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം മിച്ചല്‍ മാര്‍ഷും(77 നോട്ടൗട്ട്) ഓപ്പണര്‍ ഡേവിഡ് വാര്‍ണറു(53)മാണ് ഓസീസിന്റെ വിജയശില്‍പികള്‍. കളിയവസാനിക്കുമ്പോള്‍ 28 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു മാര്‍ഷിനു കൂട്ടായി ക്രീസില്‍. അഞ്ചു റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഓസീസിന്റെ തുടക്കം തിരിച്ചടിയോടെയായിരുന്നു. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ ഫിഞ്ചിനെ നഷ്ടമായ അവരെ പിന്നീട് വാര്‍ണര്‍-മാര്‍ഷ് സഖ്യം കരകയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 92 റണ്‍സ് ഓസീസിന് ജയത്തിലേക്കുള്ള മികച്ച അടിത്തറ നല്‍കി.

13-ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനു വിക്കറ്റ് നല്‍കി വാര്‍ണര്‍ പുറത്താകുമ്പോള്‍ ജയത്തിലേക്ക് 46 പന്തില്‍ നിന്ന് 66 റണ്‍സിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. വാര്‍ണര്‍ പുറത്തായ ശേഷം ക്രീസില്‍ എത്തിയ മാക്‌സ്‌വെല്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തതോടെ കിവീസിന്റെ പ്രതീക്ഷകള്‍ എല്ലാം പൊലിയുകയായിരുന്നു. നേരത്തെ ടോസ് നിര്‍ണായകമായ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാണയഭാഗ്യം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് തുണച്ചത്. ടോസ് നേടിയ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ടീമിന് ആവശ്യമായ സമയത്ത് നായകന്റെ ഇന്നിങ്‌സുമായി കെയ്ന്‍ വില്യംസണ്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന മികച്ച സ്‌കോറാണ് നേടിയത്. 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 85 റണ്‍സാണ് വില്യംസണ്‍ നേടിയത്. നായകനു പുറമേ 28 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.


സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കിവീസ് ഇറങ്ങിയത്. പരുക്കേറ്റ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡെവണ്‍ കോണ്‍വെ പുറത്തായപ്പോള്‍ പകരം ടിം സെയ്ഫര്‍ട്ട് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയയാകട്ടെ പാകിസ്താനെ തോല്‍പിച്ച ടീമിനെ അതേപടി നിലനിര്‍ത്തി.

 • അബുദാബി എയര്‍പോര്‍ട്ടിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം
 • അമേരിക്കയിലെ സിനഗോഗില്‍ ജനങ്ങളെ ബന്ദിയാക്കിയത് ബ്ലാക്ക്‌ബേണില്‍ നിന്നുള്ള ഭീകരന്‍; മാഞ്ചസ്റ്ററില്‍ അറസ്റ്റ്
 • ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി
 • ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
 • ഒമിക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • വരാനിരിക്കുന്നത് കോവിഡ് സുനാമി; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു; വര്‍ണവിവേചനത്തിനെതിരെ പോരാടിയ വൈദികന്‍
 • ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 400ഓളം സ്ത്രീകളെ വെബ്ക്യാം വഴി ലൈംഗിക ചൂഷണം
 • ലോകത്തിലെ ഏറ്റവും ആരാധ്യ വനിത മിഷേല്‍ ഒബാമ ; ആദ്യ പത്തില്‍ പ്രിയങ്ക ചോപ്രയും
 • പുകവലിക്കാത്ത തലമുറയ്ക്കായി നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway