യു.കെ.വാര്‍ത്തകള്‍

പാര്‍ലമെന്റുകളുടെ' മാതാവി'ല്‍ നിന്ന് അമ്മമാര്‍ക്ക് നീതി നിഷേധമോ!!


ജനാധിപത്യ രാജ്യങ്ങളുടെ മാതൃകയായും പാര്‍ലമെന്റുകളുടെ 'മാതാവാ'യും അറിയപ്പെടുന്നതാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. എന്നാല്‍ അവിടെ അമ്മമാര്‍ക്ക് നീതിനിഷേധം ഉണ്ടായാല്‍ എന്ത് ചെയ്യും? കൈക്കുഞ്ഞുമായി സഭയില്‍ വന്നതിനു ശാസനയ്ക്കു വിധേയയായ വനിതാ എംപി ഇതിനെതിരെ രംഗത്തുവന്നതോടെ വിഷയം ചൂടേറിയ ചര്‍ച്ചയ്ക്കു വഴിതുറന്നിരിക്കുകയാണ്. കൈക്കുഞ്ഞുമായി പാര്‍ലമെന്റ് അം​ഗങ്ങള്‍ സഭയില്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി എംപി സ്റ്റെല്ല ക്രീസിയാണ് രംഗത്തുവന്നിരിക്കുന്നത്. നവജാതശിശുവുമായി പാര്‍ലമെന്റില്‍ സംവാദത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ശാസന നേരിട്ടതിനു പിന്നാലെയാണ് സ്റ്റെല്ലയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് സ്റ്റെല്ല സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കത്ത് ചര്‍ച്ചയാവുകയും സംവാദങ്ങള്‍ ചൂടുപിടിക്കുകയുമാണ്.


ചൊവ്വാഴ്ചയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി സ്റ്റെല്ല പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ കുഞ്ഞുമായി സംവാദത്തില്‍ വന്നത് ശരിയായില്ലെന്നും അത് പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാണിച്ച് ജനസഭാം​ഗം സ്റ്റെല്ലയെ വിമര്‍ശിച്ചിരുന്നു. കണ്‍സ്യൂമര്‍ ക്രെഡിറ്റ് സ്കീമുകള്‍ സംബന്ധിച്ച സംവാദത്തില്‍ പങ്കെടുക്കാനാണ് സ്റ്റെല്ല കുഞ്ഞുമായി എത്തിയത്. നെഞ്ചോട് ചേര്‍ത്തു വച്ച കുഞ്ഞിന്റെ പേരില്‍ വിവാദങ്ങള്‍ ഉടലെടുത്തതോടെ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് സ്റ്റെല്ല.

പ്രശ്നക്കാരനല്ലാത്ത ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ചേംബറില്‍ വരുമ്പോള്‍ എടുക്കരുതെന്ന് പാര്‍ലമെന്റ് ചട്ടം കെട്ടിയിരിക്കുന്നു. എല്ലാ പാര്‍ലമെന്റുകളുടെയും മാതാവായ ഈ പാര്‍ലമെന്റിലെ അമ്മമാരാരും ഈ വിഷയം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നു- എന്നു പറഞ്ഞാണ് സ്റ്റെല്ല തനിക്ക് അധികൃതര്‍ അയച്ച കത്ത് പങ്കുവെച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടിയ അധികൃതര്‍ മാസ്ക് ധരിക്കുന്നതു സംബന്ധിച്ച് പാര്‍ലമെന്റില്‍ നിയമമൊന്നും പുറപ്പെടുവിക്കാത്തതിനെക്കുറിച്ചും സ്റ്റെല്ല വിമര്‍ശിക്കുന്നുണ്ട്.

കുഞ്ഞുമായി വരുന്നു എന്നതിനര്‍ഥം തന്റെ തലച്ചോറോ കഴിവോ കൈവിട്ടുവെന്നല്ല. പാര്‍ലമെന്റില്‍ കൂടുതല്‍ അമ്മമാര്‍ ഇരിക്കുന്നതിലൂടെ രാഷ്ട്രീയവും നയങ്ങളും കൂടുതല്‍ മെച്ചപ്പെടുമെന്നും സ്റ്റെല്ല പറഞ്ഞു.

മുലയൂട്ടുന്നതിനാലാണ് കുഞ്ഞിനെയും കൊണ്ട് പാര്‍ലമെന്റില്‍ വന്നതെന്ന് സ്റ്റെല്ല പറഞ്ഞു. മുമ്പും തന്റെ മറ്റു രണ്ടു മക്കളെ ഇപ്രകാരം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് വിഷയം വിവാദമായത്. വിഷയം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ലിന്‍ഡ്സേ ഹോയ്ലി എംപിമാരുടെ കമ്മിക്ക് രൂപം നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കുന്നതാണെന്നും അത് കാലത്തിനൊപ്പം മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളോടൊപ്പം വരുന്ന അം​ഗങ്ങള്‍ ഹൗസ് ഓഫ് കോമണ്‍സിലും വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലും ഇരിക്കരുതെന്ന ചട്ടം ഇക്കഴിഞ്ഞ സെപ്തംബറിലാണ് പരിഷ്കരിച്ചത്. കുഞ്ഞുമായാണ് വരുന്നതെങ്കില്‍ ചേംബറില്‍ ഇരിക്കരുതെന്നാണ് ചട്ടത്തിലുള്ളത്. ഈ റൂള്‍ബുക് പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും സ്റ്റെല്ല ആവശ്യപ്പെടുന്നുണ്ട്.

കണ്‍സര്‍വേറ്റീവ് നേതാവ് ഡൊമിനിക് റാബ് വിഷയത്തില്‍ സ്റ്റെല്ലയ്ക്ക് പിന്തുണയുമായെത്തി. സ്റ്റെല്ലയോട് സഹതാപം തോന്നുന്നുവെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആവശ്യമെങ്കില്‍ കുടുംബത്തിനൊപ്പം ജോലി ചെയ്യുന്നതിനെ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി അധികാരികളാണ് ചട്ടം സംബന്ധിച്ച വിഷയങ്ങളില്‍ നിലപാട് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ മുതല്‍ അമ്മമാരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം പോരാടുന്ന വ്യക്തിയാണ് സ്റ്റെല്ല ക്രീസി. ധാരാളം സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും മാതൃത്വവും പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകാന്‍ സമൂ​ഹവും വഴിയൊരുക്കേണ്ടതുണ്ടെന്നും സ്റ്റെല്ല പറഞ്ഞിരുന്നു.

വീഡിയോ

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway